ചെന്നൈ: സംഗീതജ്ഞന് ടി.എം.കൃഷ്ണയ്ക്കു സംഗീത കലാനിധി പുരസ്കാരം നല്കിയ മദ്രാസ് മ്യൂസിക് അക്കാദമിയുടെ തീരുമാനത്തെ വിമര്‍ശിച്ച ഗായകരായ രഞ്ജിനി, ഗായത്രി സഹോദരിമാര്‍ക്ക് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ പിന്തുണ.
പെരിയോര്‍ ഇ.വി.രാമസ്വാമിയുടെ ആശയങ്ങളെ പിന്തുണച്ച ടി.എം.കൃഷ്ണയ്ക്ക് അവാര്‍ഡ് നല്‍കിയതിനെതിരെയാണ് പ്രശസ്ത കര്‍ണാടക സംഗീതജ്ഞരായ രഞ്ജിനി, ഗായത്രി സഹോദരിമാര്‍ രംഗത്തെത്തിയത്. ടി.എം.കൃഷ്ണയെ പിന്തുണച്ച് ഡിഎംകെ നേതാവ് കനിമൊഴി രംഗത്തു വന്നു.
ഒന്‍പത് പതിറ്റാണ്ടിലേറെയായി കര്‍ണാടക സംഗീതത്തിന്റെയും ആത്മീയതയുടെയും ക്ഷേത്രമായി ബഹുമാനം നേടിയ മ്യൂസിക് അക്കാദമി ഇപ്പോള്‍ സംഘടനയുടെ പവിത്രതയ്ക്കു ഹാനികരമായ വിഘടന ശക്തികളുടെ ശിഥിലീകരണ ഭീഷണിയിലാണെന്ന് അണ്ണാമലൈ എക്സില്‍ കുറിച്ചു. അക്കാദമിയുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ വിദ്വേഷകരമായ സമീപനത്തിനെതിരെ കൂട്ടായി ശബ്ദമുയര്‍ത്തുന്ന മ്യൂസിക് അക്കാദമിയിലെ എല്ലാ പ്രമുഖ കലാകാരന്മാരെയും പിന്തുണയ്ക്കുന്നതായും അണ്ണാമലൈ പറഞ്ഞു. പ്രശസ്ത സംഗീതജ്ഞരായ രഞ്ജനി, ഗായത്രി, തൃശൂര്‍ ബ്രദേഴ്സ്, ചിത്രവിന രവികിരണ്‍, ഹരികഥാ പ്രഭാഷകരായ ദുഷ്യന്ത് ശ്രീധര്‍, വിശാഖ ഹരി തുടങ്ങി ഈ സ്ഥാപനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന നിരവധി പേര്‍ക്കൊപ്പം നിലകൊള്ളുന്നു, അണ്ണാമലൈ തുടര്‍ന്നു.
ഈ മാസം 17നാണ് ടി.എം.കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം പ്രഖ്യാപിച്ചത്. ബ്രാഹ്മണ സമൂഹത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഇ.വി. രാമസ്വാമിയെ മഹത്വവല്‍ക്കരിക്കുന്ന കൃഷ്ണയ്ക്ക് പുരസ്കാരം നല്‍കിയതിനെ അംഗീകരിക്കാനാകില്ലെന്നും അതിനാല്‍ മ്യൂസിക് അക്കാദമിയുടെ സംഗീത പരിപാടിയില്‍ നിന്ന് പിന്മാറുകയാണെന്നും അക്കാദമി പ്രസിഡന്റിന് അയച്ച കത്തില്‍ രഞ്ജിനി, ഗായത്രി സഹോദരിമാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: