ഇസ്ലാമാബാദ്: ഖുറാനിലെ പേജുകള്‍ കത്തിച്ചതിന് പാകിസ്ഥാനില്‍ നാല്‍പ്പതുകാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ലാഹോര്‍ സ്വദേശിയായ ആസിയ ബീബിക്ക് പഞ്ചാബ് പ്രവിശ്യയിലെ കോടതിയാണ് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഖുറാന് പേജുകള്‍ കത്തിച്ചെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് 2021ലാണ് ഇവര്‍ അറസ്റ്റിലായത്.
മതനിന്ദ ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്. എന്നാല്‍, യുവതി മതനിന്ദ കാണിച്ചിട്ടില്ല. അയല്വാസികളുമായുണ്ടായിരുന്ന തര്‍ക്കമാണ് കേസിലെത്തിയത്. മറ്റേതോ പുസ്തകമാണ് അവര്‍ കത്തിച്ചതെന്നും ആസിയയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് സര്‍മാദ് അലി കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷന്റെ സാക്ഷി മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. പ്രധാന പാരാതിക്കാരന് പകരം സംഭവ സ്ഥലത്തില്ലാതിരുന്ന പോലീസുകാരനെയാണ് പ്രധാന സാക്ഷിയാക്കിയതെന്നും സര്‍മാദ് അലി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കത്തിച്ച ഖുറാന്റെ ബാക്കി ഭാഗം ആസിയയില്‍ നിന്ന് പിടിച്ചെടുത്തതായി പ്രോസിക്യൂട്ടര്‍ വാദിച്ചു. തുടര്‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആസിയ കുറ്റക്കാരിയാണെന്ന് കോടതി വിധിക്കുകയായിരുന്നു. അതേസമയം, വിധിക്കെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് സര്‍മാദ് അലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: