ക്ഷേത്രശില്പമെന്നത് അങ്ങനെ സമ്പൂര്‍ണ്ണമായ ഒരു സാധകദേഹമാണെന്ന് ശില്പശാസ്ത്ര വിചിന്തനം കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളു. സാധകനാകുന്ന മനുഷ്യന് സ്വന്തം ഹൃദയത്തില്‍ (അതത് കോശങ്ങളുടെ മദ്ധ്യബിന്ദുവാണ് ഹൃദയമെന്നത് ഓര്‍ക്കുക) മനോമയമായ വിഗ്രഹം ഉണ്ടാക്കി പൂജചെയ്ത് മന്ത്രസ്പന്ദങ്ങളെ ആവര്‍ത്തനം ചെയ്യുന്നു. ഇതാണ് മന്ത്രജപ പ്രക്രിയ.
ആയതിന് സാധിക്കാത്ത സാധകന് വേണ്ടിയാണ് ക്ഷേത്രവും പ്രതിഷ്ഠയും. മനോമയമായ ബിംബത്തെ മനസ്സില്‍ നിര്‍ത്തുവാന്‍ കഴിയാത്ത സാധകന് ശിലാനിര്മ്മിതവും ലോഹനിര്‍മ്മിതവുമായ ഘനീഭൂതബിംബങ്ങളെ ആശ്രയിക്കുന്നു. കണക്കൊപ്പിച്ച് അവ ഉണ്ടാക്കി കല്ലിലും മണ്ണിലും കൊത്തിയെടുത്ത കൃത്രിമമായ മനുഷ്യദേഹത്തിലിതു പ്രതിഷ്ഠിച്ച് പൂജാദി ജപകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു. പ്രതിഷ്ഠാസമയത്ത് ആചാര്യന്റെ ജീവകണിക ഈ ബിംബത്തിലും പ്രാസാദമാകുന്ന ദേവഗാത്രത്തിലും നിക്ഷിപ്തമാകുന്നതോടെ ക്ഷേത്രം ജീവനുള്ള ഒരു സാധകശരീരമായി മാറുന്നു.
ഈ ശരീരത്തിനു സാധനയുടെ എല്ലാ കാര്യവും ചെയ്തുകൊടുത്താല്‍ അത് ഉഗ്രനായ ഒരു മന്ത്രസിദ്ധന്റെ പ്രഭാവത്തോടെ ആശ്രയിക്കുന്നവര്‍ക്ക് മന്ത്രചൈതന്യത്തെ സംക്രമിപ്പിക്കുകയും തദ്വാരാ ആ ഭക്തന്റെ ഈശ്വരീയ ശക്തിയെ ഉണര്‍ത്തി ഭൗതീകവും ആത്മീയവുമായ അഭീഷ്ടങ്ങളെ സാധിപ്പിക്കുകയും ചെയ്യുന്നു എന്ന ശാസ്ത്രീയ സത്യത്തെ പ്രായോഗികമാക്കിത്തീര്‍ക്കുകയാണ് തന്ത്രവിധികള്കൊണ്ടിവിടെ സാധിക്കുന്നത്. ഇതില്‍ ക്ഷേത്രഗാത്രനിര്മ്മാണവും പ്രതിമാ നിര്‍മ്മാണവും അതിന്റെ വിശദാംശങ്ങളും ശില്പശാസ്ത്രസംബന്ധിയാണ്.
(ആര്‍എസ്എസ് പ്രചാരകനും തന്ത്രവിദ്യാപീഠം സ്ഥാപകനും കേരള ക്ഷേത്രസംരക്ഷണ സമിതി അമരക്കാരനുമായ പി. മാധവ്ജിയുടെ ‘ക്ഷേത്ര ചൈതന്യരഹസ്യം’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: