നന്നേ ചെറുപ്പത്തിലെ പൊതു പ്രവര്‍ത്തന രംഗത്തെത്തുക, പ്രവര്‍ത്തന മികവ് ഒന്നു കൊണ്ട് മാത്രം രാജ്യത്തെ ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും താഴെത്തട്ടിലെ ഭരണസംവിധാനത്തിന്റെ ഭാഗമായ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുക, രാജ്യത്തെ ഏറ്റവും വലിയ മഹിളാ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ ഭാരവാഹിത്വത്തിലെത്തുക, സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിനെട്ടോളം സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുക, ഏഴ് ഭാഷകള്‍ ഒരേ സമയം കൈകാര്യം ചെയ്യാന്‍ സാധിക്കുക, ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ ലോക്സഭയിലേക്ക് ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള അംഗീകാരം ലഭിക്കുക, ഈ നേട്ടങ്ങള്‍ക്കെല്ലാം ഉടമയായ യുവവനിതയാണ് കാസര്‍ക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി. അഭിമാനകരം തന്നെ.
കാസര്‍കോടുകാര്‍ക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത യുവ രക്തം. അദ്ധ്യാപന രംഗത്തെത്തി പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നു വന്ന് ദേശീയ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകയായി മാറി ജന ശ്രദ്ധ നേടിയ വനിതാ നേതാവാണ് കന്നഡ മണ്ണിന്റെ മകള്‍ അശ്വിനി. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച യുവ നേതാവ്. മഹിളാ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗമായ അശ്വിനി കാസര്‍കോട് ജില്ലക്കാര്‍ക്ക് മാത്രമല്ല മംഗലാപുരമടക്കമുള്ള ദക്ഷിണ കന്നഡ ജില്ലകളില്‍ അറിയപ്പെടുന്ന മുഖം കൂടിയാണ്.
ബെംഗളൂരു നഗരത്തില്‍ പാവപ്പെട്ട കുടുംബത്തില്‍ മൂന്ന് പെണ്മക്കളില് മൂത്തമകളായി ജനനം. പഠിക്കാന്‍ മിടുക്കിയായിരുന്ന അശ്വിനി പത്താംക്ലാസില്‍ ഡിസ്റ്റിങ്ഷനോടെ വിജയം, തുടര്‍ന്ന് സയന്‍സില്‍ പിയൂസി ചെയ്ത ശേഷം അക്കൗണ്ടിണ്ട് സോഫ്റ്റ്വെയറില് ഡിപ്ലോമ, മോണ്ടിസറി എഡ്യൂക്കേഷനില്‍ ഡിപ്ലോമയുമെടുത്തു. തുടര്‍ന്ന് ബെംഗളൂരുവില്‍ ഉള്ള ബോറുക ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ഒക്സ്ഫോഡ് ഇംഗ്ലീഷ് മീഡിയം എന്നീ സ്കൂളുകളില്‍ അദ്ധ്യാപികയായി ജോലി ചെയ്തു. ഇതിനിടെ മഞ്ചേശ്വരം വോര്കാടി പഞ്ചായത്തില്‍ ശശിധരയെ വിവാഹം ചെയ്തു. ഇതിന് ശേഷം സെന്റ് മേരി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നഴ്സറി വിഭാഗത്തില്‍ അദ്ധ്യാപികയായി ജോലി ചെയ്തു. അദ്ധ്യാപനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തില്‍ നിറ സാന്നിധ്യമായി മാറുകയും ബിജെപിയിലും പോഷക സംഘടനകളിലും ദേശീയതലത്തില്‍ത്തന്നെ സജീവമാവുകയുമായിരുന്നു.
2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ കടമ്പാര്‍ ഡിവിഷനില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും 804 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു, തുടര്‍ന്ന് മുഴുവന്‍ സമയം പ്രവര്‍ത്തനത്തിന് വേണ്ടി അധ്യാപക ജോലി ഉപേക്ഷിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ പ്രതിനിധീകരിക്കുന്ന ഡിവിഷനില്‍ ലക്ഷക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തി നാട്ടുകാരുടെ ഓരോരുത്തരുടേയും സ്വന്തം കുടുംബത്തിലെ അംഗമായി അശ്വിനി ഇതിനകം മാറിക്കഴിഞ്ഞു.
മഹിളാമോര്‍ച്ച ദേശിയ നിര്‍വഹക സമിതി അംഗമായി നിയമിതയായി. നാട്ടിലെ പ്രധാന ക്ഷേത്രമായ ശരങ്ക പാണി ക്ഷേത്രത്തിലെ മഹിളാ വിഭാഗത്തിന്റെ അധ്യക്ഷ കൂടിയാണ് അശ്വിനി. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പഠിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച സംഘത്തില്‍ ഇടം നേടി. കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തുളു, നഗ്നിക് തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള അശ്വിനിയുടെ കഴിവ് ശ്രദ്ധേയമാണ്.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ ഊര്‍ജസ്വലതയോടെ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ വോട്ടഭ്യര്‍ത്ഥനയുമായി മുന്നേറുകയാണ് അശ്വിനി. കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടത്- വലത് മുന്നണികളുടെ മണ്ഡലത്തോടുളള അവഗണനയും വികസന പിന്നോക്കാവസ്ഥയും തുറന്നുകാട്ടി പ്രചരണ രംഗത്ത് നിറഞ്ഞു നില്ക്കുന്ന അശ്വിനി വിജയം ഉറപ്പിച്ച് മുന്നേറുകയാണ്. മഞ്ചേശ്വരം വൊര്‍ക്കാടി പഞ്ചായത്തിലെ വജ്പ സ്വദേശിനിയായ അശ്വനിയുടെ ഭര്‍ത്താവ് ശശിധരന് കമ്പനി സൂപ്രവൈസറായി ജോലി ചെയ്യുന്നു. മക്കള്‍: ജിതിന് (പ്ലസ്വണ് വിദ്യാര്‍ത്ഥി), മനസ്വി(യുകെജി വിദ്യാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: