മൊറാര്‍ജിയുടെ നേതൃത്വത്തിലെ ജനതാ സര്‍ക്കാര്‍ തകരുന്നു. അപ്പോള്‍ പുതിയൊരു മുന്നണി രൂപപ്പെടാനുള്ള സാധ്യത ഉണ്ടായി. ചരണ്‍സിങ്ങിന്റെ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും ഉണ്ടായിരുന്നു. എന്നത് സ്ഥിരീകരിക്കുന്നതുപോലെ ചരണ്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പൊടുന്നനെ വലുതായി. പിന്നില്‍നിന്ന് കോണ്‍ഗ്രസ് ശക്തിപ്പെടുത്തി.
കോണ്‍ഗ്രസും ജനതാപാര്‍ട്ടിയിലെ ചരണ്‍സിങ്ങിന്റെ ഒപ്പമുള്ള പഴയ ലോക്ദളിലെ 71 എംപിമാരും ചേര്‍ന്ന് മുന്നണിയുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കുക എന്ന ആശയമായിരുന്നു ചരണിനും ഉപദേശകനും മാര്‍ഗദര്‍ശിയുമൊക്കെയായി ഒപ്പമുണ്ടായിരുന്ന മധു ലിമായെയ്‌ക്കും. അങ്ങനെ ഒന്നുണ്ടായാല്‍ ജനതാപാര്‍ട്ടിയിലെ ജനസംഘം ഒഴിച്ചുള്ള മറ്റു കക്ഷികളും. ഒപ്പം നില്‍ക്കുമെന്നും അവര്‍ കണക്കുനിരത്തി. എന്തായാലും രാഷ്‌ട്രപതി സഞ്ജീവ് റെഡ്ഡി 13 ദിവസം ഈ കൂടിയാലോചനകള്‍ക്കും തീരുമാനത്തിനുമായി ‘അനുവദിച്ചുകൊടുത്ത്’, തീരുമാനം നീട്ടി. പക്ഷേ ഇന്ദിരാഗാന്ധിയുടെ വിശാല പദ്ധതി അതൊന്നുമായിരുന്നില്ല. അതിനാല്‍ കോണ്‍ഗ്രസ് ചരണ്‍സിങ്ങിനെ പുറത്തുനിന്ന് പിന്തുണയ്‌ക്കാനേ തയാറായുള്ളൂ. മുന്നണിക്ക് വിസമ്മതിച്ചു. അങ്ങനെ ഒരു മുന്നണി പദ്ധതി നടക്കാതെ പോയി.
ഇത്തരം മറ്റ് രണ്ട് പുതിയ മുന്നണിയ്‌ക്കുള്ള വഴികള്‍ ആലോചനയിലെത്തി, അല്ല, സംഭവിച്ചു എന്ന തലത്തിലെത്തി. ഒന്ന് ജനസംഘം സര്‍ക്കാരില്ലാത്ത ഒരു ജനതാപാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ മൊറാര്‍ജിക്ക് പ്രധാനമന്ത്രിയായി തുടരാമെന്ന ആശയം ചിലര്‍ ഉയര്‍ത്തി. ഇക്കാര്യം സംസാരിക്കാന്‍ ജനസംഘത്തിന്റെ നേതാക്കളായ എല്‍.കെ.അദ്വാനിയേയും വാജ്‌പേയിയേയും സമ്പര്‍ക്കം ചെയ്യുന്നത് ജനതാ പാര്‍ട്ടി അധ്യക്ഷനായിരുന്ന കെ. ചന്ദ്രശേഖറാണ്. മൂന്ന് മന്ത്രിമാരാണ് ജനസംഘത്തിനുണ്ടായിരുന്നതെന്ന് പറഞ്ഞല്ലോ; മൂന്നാമത്തെയാള്‍ ബ്രിജ്‌ലാല്‍ വെര്‍മ്മ. ജനസംഘം ജനതാപാര്‍ട്ടിയിലുണ്ടായാലും പ്രശ്‌നമില്ല, സര്‍ക്കാരില്‍ മന്ത്രിമാരുണ്ടാകാതിരുന്നാല്‍ മതിയെന്നായി നിലപാട്. ‘ദ്വയാംഗ’ പ്രശ്‌നമുന്നയിച്ചപ്പോള്‍ പറഞ്ഞത്, ജനസംഘത്തെ കാണുമ്പോള്‍ അത് ആര്‍എസ്എസുമായുള്ള ബന്ധം പ്രകടമാവുകയും മുസ്ലിം ജനത സര്‍ക്കാരിനോടും പാര്‍ട്ടിയോടും അകലം പാലിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ആക്ഷേപം. അതിന്, ‘മന്ത്രിസഭയില്‍ ഉണ്ടാകാതിരുന്നാല്‍ മതി’ എന്നൊരു ഇളവ് കിട്ടി! ജനസംഘത്തെ സംബന്ധിച്ച് മന്ത്രിസ്ഥാനമല്ലായിരുന്നു പ്രധാനം. ‘രാജ്യതാല്‍പ്പര്യം മുഖ്യം’ എന്ന് ജെപി പ്രതിജ്ഞ എടുപ്പിക്കുന്നതിന് എത്രയോ കാലം മുമ്പ് ഭാരത രാജ്യത്തിനുവേണ്ടി ഉടലും ജീവനും പോലും നല്‍കാന്‍ തയാര്‍ എന്ന് പ്രതിജ്ഞയെടുക്കുകയും ആ പ്രതിജ്ഞ പ്രാര്‍ത്ഥനയായി ദിനംപ്രതി ആവര്‍ത്തിക്കുകയും ചെയ്യുന്നവരാണല്ലോ ജനസംഘക്കാര്‍. വാജ്‌പേയിയും അദ്വാനിയും ബ്രിജ്‌ലാല്‍ വെര്‍മ്മയും രാജിക്കത്തുമായി പ്രധാനമന്ത്രി മൊറാര്‍ജിയെ കണ്ടു. കാര്യങ്ങള്‍ സംസാരിച്ചശേഷം മൊറാര്‍ജി പറഞ്ഞു: നിങ്ങള്‍ എന്തിന് രാജിവക്കണം, ഞാനല്ലേ രാജികൊടുക്കേണ്ടത്? മൂന്നുപേരുടെയും രാജി പ്രധാനമന്ത്രി തള്ളി. സര്‍ക്കാര്‍ വീണു.
പതിമൂന്നു ദിവസംകൊണ്ട് സംഘടിപ്പിച്ച ഭൂരിപക്ഷവുമായി ചരണ്‍ സിങ് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്‌ട്രപതി റെഡ്ഡിയെ കണ്ടു. ചരണ്‍ സിങ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു! രണ്ടുവട്ടം ചരണ്‍ സിങ് പറഞ്ഞു, എനിക്ക് സ്ഥാനമോഹമില്ല, പ്രധാനമന്ത്രിയാകാനില്ല എന്ന്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തൊട്ടുമുമ്പ് ആയിരുന്നു ആദ്യം. മറ്റൊന്ന്, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രിയായിരിക്കെ, അദ്വാനി തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ഒരു മറുപടിയായി പറഞ്ഞു: നേതാക്കള്‍ക്കിടയിലെ അധികാരമോഹമാണ് ജനതാ സര്‍ക്കാരിന്റെ പ്രശ്‌നമെന്ന്. ഇക്കാര്യം തുടര്‍ന്നുനടന്ന ഒരു കൂടിക്കാഴ്ചയില്‍ ചരണ്‍ സിങ് സംസാരിച്ചു. അദ്വാനിയും അങ്ങനെ പറഞ്ഞല്ലോ. എനിക്ക് പ്രധാനമന്ത്രിയാകേണ്ട. അതില്‍ താല്‍പ്പര്യവുമില്ല, എന്ന്. പക്ഷേ, മാസങ്ങള്‍ വേണ്ടിവന്നില്ല, ആഴ്ചകള്‍ക്കുള്ളില്‍ ചരണ്‍ സിങ് പ്രധാനമന്ത്രിയായി. കോണ്‍ഗ്രസ് പിന്തുണയോടെ.
ആറുമാസം പൂര്‍ത്തിയാക്കിയില്ല, കൃത്യമായി പറഞ്ഞാല്‍ 170 ദിവസമേ ചരണ്‍ പ്രധാനമന്ത്രിയായിരുന്നുള്ളൂ. ഏറ്റവും പ്രധാനം പാര്‍ലമെന്റില്‍ ഒറ്റ ദിവസം പോലും ചരണ്‍ സിങ് പ്രധാനമന്ത്രിയായിരുന്നില്ല. 1980 ജനുവരി 15 ന് പാര്‍ലമെന്റ് സമ്മേളനം ചേരുന്നതിന്റെ തലേന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി ചരണിനു പിന്തുണ പിന്‍വലിച്ചത്.
തുടര്‍ന്ന് ഒരു മുന്നണിക്കു കൂടി കളമൊരുങ്ങി. പക്ഷേ അതും സഫലമായില്ല. ചരണ്‍ സിങ്ങിന്റെ സര്‍ക്കാര്‍ വീണപ്പോള്‍ ജഗ്ജീവന്‍ റാമിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമമുണ്ടായി. ജഗ്ജീവന് ജനതാപാര്‍ട്ടിയിലെ 202 എംപിമാരുടെ പിന്തുണയുണ്ടായിരുന്നു. വാജ്‌പേയിയുടെ ശ്രമഫലമായി തമിഴ്‌നാട്ടിലെ എഐഎഡിഎംകെയുടെ പിന്തുണ നല്‍കാമെന്ന് എം.ജി. രാമചന്ദ്രന്‍ (എംജിആര്‍) പ്രഖ്യാപിച്ചു. അവര്‍ 18 പേരുണ്ടായിരുന്നു. കോണ്‍ഗ്രസില്‍നിന്ന് തെറ്റിപ്പിരിഞ്ഞ യശ്വന്തി റാവു ഒരു കൂട്ടം എംപിമാരുമായി പിന്തുണ അറിയിച്ചു. ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ ജഗ്ജീവന്‍ രാഷ്‌ട്രപതി റെഡ്ഡിയെ കാണാന്‍ ചെന്നു. എല്ലാം മൂളിക്കേട്ട് നേതാക്കളെ അയച്ചു. ചരണ്‍ സിങ്ങിന് 13 ദിവസം അനുവദിച്ച രാഷ്‌ട്രപതി ഈ കൂടിക്കാഴ്ചയ്‌ക്ക് പിറ്റേന്ന്, 1980 ആഗസ്ത് 22 ന്, പാര്‍ലമെന്റ് പിരിച്ചുവിട്ടു. പുതിയ തെരഞ്ഞെടുപ്പിന് അവസരമൊരുങ്ങി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: