എറണാകുളം : നിയമ സഹായം തേടി സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് പി ജി മനുവിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.കേസില്‍ വിചാരണ അവസാനിക്കും വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള് ജാമ്യം എന്നിവയാണ് ഉപാധികള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന് പ്രോസിക്യൂഷന് അറിയിച്ചത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നല്‍കിയത്.
മറ്റൊരു കേസില്‍ നിയമോപദേശത്തിനായി മാതാപിതാക്കള്‍ക്ക് ഒപ്പമെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെണ്‍കുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നാണ് പരാതി.. കഴിഞ്ഞ നവംബര്‍ 29ന് ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്.
അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തു, ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു എന്നീ കുറ്റങ്ങള്‍ക്ക് ഐടി ആക്ട് അടക്കം ചുമത്തിയാണ് കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നു മനു ഹൈക്കോടതി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: