കോട്ടയം: പാലാക്കാര് നിവേദനം നല്കി മടുത്തു. പാലായിലെ ലണ്ടന്‍ ബ്രിഡ്ജ് എന്നൊക്കെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ടു പോയ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍മിച്ച ടൂറിസം അമിനിറ്റി സെന്റ്റര്‍ കം ബ്രിഡ്ജ് വര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. പാലായെ ടൂറിസം ഹബ്ബാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കെട്ടിടവും പാലവും നിര്‍മ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞതോടെ ആരും ഇവിടേയക്ക് തിരിഞ്ഞുനോക്കുന്നില്ല. പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാര്‍, ടൂറിസം അധികാരികള്‍ എന്നിവര്‍ക്ക് നിരന്തരം നിവേദനം നല്‍കലാണ് ഇപ്പോള്‍ നാട്ടുകാരുടെ പ്രധാന ജോലി.
ടൂറിസം വകുപ്പിനു വേണ്ടെങ്കില്‍ നഗരസഭയ്ക്കു വിട്ടുതരണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ പ്രമേയം പാസാക്കിയിട്ടും ഫലമുണ്ടായില്ല. പുല്ലില്‍ കയറിക്കിടക്കുന്ന നായയെപ്പോലെയാണ് ടൂറിസം വകുപ്പ്. കോടിക്കണക്കിനു രൂപ ചെലവഴിച്ചാണ് ഇതു നിര്‍മിച്ചത്.
ബസ് സറ്റാന്‍ഡ് റോഡില്‍ നിന്ന് ളാലം തോടിനു കുറുകെ ലണ്ടന്‍ ബ്രിഡ്ജ് മാതൃകയിലുള്ള ചെറിയ പാലവും പാലം കടന്നു ചെന്നാല്‍ കുട്ടികള്‍ക്ക് കളിക്കാനും മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാനുമുള്ള ഇടം, ചെറിയ പരിപാടികള്‍ നടത്താനാവുന്ന അമിനിറ്റി സെന്റ്റര്‍, ളാലം തോട്ടില്‍ നിന്ന് മീനച്ചിലാറിലേയ്ക്ക് ബോട്ടു സര്‍വീസ് എന്നിവയാണ് വിഭാവനം ചെയ്തത്. ഇതില്‍ പാലം തീര്‍ന്നിട്ട് വര്‍ഷങ്ങളായി. മറ്റു സൗകര്യങ്ങള്‍ക്കു വേണ്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ചെയ്തുവച്ചിട്ടുണ്ട്. കാലങ്ങളായി പണികള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഇവിടം കാടു മൂടിക്കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: