Categories: Kerala

ആ സത്യഭാമ അല്ല ഈ സത്യഭാമ; ശ്രീകുമാരന്‍ തമ്പി

Published by

തിരുവനന്തപുരം: മികച്ച നര്‍ത്തകനായ ആര്‍.എല്‍.വി.രാമകൃഷന്റെ എല്ലാ കലാപ്രവര്‍ത്തനങ്ങള്‍ക്കും നേര്‍ന്ന്് വിജയാശംസകള്‍ ശ്രീകുമാരന്‍ തമ്പി. യഥാര്‍ത്ഥ കലാമണ്ഡലം സത്യഭാമ അല്ല കറുപ്പിനോട് വെറുപ്പ് കാട്ടിയ നൃത്താധ്യാപികയെന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയില്‍ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാന്‍ ആരെയും അനുവദിച്ചുകൂടാ എന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കലാമണ്ഡലം സത്യഭാമ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന നൃത്താധ്യാപികയ്‌ക്ക് കറുപ്പിനോട് വെറുപ്പ്!!! യഥാര്‍ത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യന്‍
കലാമണ്ഡലം പദ്മനാഭന്‍ നായരുടെ പത്‌നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്‌നമാണ്.
ഞാന്‍ സംവിധാനം ചെയ്ത ‘ഗാനം”, ‘ബന്ധുക്കള്‍ ശത്രുക്കള്‍’ എന്നീ ചിത്രങ്ങളില്‍ നൃത്തസംവിധാനം നിര്‍വ്വഹിച്ചത് ആ മഹതിയാണ്. ‘അളിവേണി എന്തു ചെയ്‌വൂ’ , ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’… തുടങ്ങിയ ഗാനങ്ങളുടെ ചിത്രീകരണം ഓര്‍മ്മിക്കുക. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നര്‍ത്തകിമാര്‍ ആ സത്യഭാമയുടെ ശിഷ്യരാണ്,
കലാമണ്ഡലം പദ്മനാഭന്‍ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതം വിഷയമാക്കി ഞാന്‍ ‘ദയിതേ കേള്‍ നീ’ എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഡോക്കുമെന്ററി നിര്‍മ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ദൂരദര്‍ശന്‍ അത് സംപ്രേഷണം ചെയ്തു.
ഈ കലാമണ്ഡലം സത്യഭാമയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല.
രാധയടക്കം അനേകം മോഹിനിമാരുടെ മനം കവര്‍ന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്.ശ്രീകൃഷ്ണനും നര്‍ത്തകനായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരില്‍ ഒരു കലാകാരനേയും വിലയിരുത്താന്‍ പാടില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയില്‍ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാന്‍ ആരെയും അനുവദിച്ചുകൂടാ. ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാര്‍ഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാന്‍ പാടില്ല.. മികച്ച നര്‍ത്തകനായ ആര്‍.എല്‍.വി.രാമകൃഷന്റെ എല്ലാ കലാപ്രവര്‍ത്തനങ്ങള്‍ക്കും എന്റെ വിജയാശംസകള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by