കാറ്റുള്ളപ്പോഴേ തൂറ്റാനിറങ്ങിയാല്‍ ഫലം കാണൂ. കാറ്റും കോളുമില്ലാത്തപ്പോള്‍ തുറ്റാനിറങ്ങിയാല്‍ ഫലം കാണില്ല. അതുപോലെയാണ് ചില രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍. കേരളത്തിലെ പ്രബലകക്ഷിയായ സിപിഎമ്മിന്റെ യുവനേതാവ് സ്പീക്കര്‍ ഷംസീറിന്റെ അഭിപ്രായം ഗണപതിയെക്കുറിച്ചായിരുന്നു. ഗണപതി ‘മിത്ത്’ എന്നാണദ്ദേഹം പറഞ്ഞത്. അന്നതിനെ തിരുത്താനൊന്നും പാര്‍ട്ടി സെക്രട്ടറി തുനിഞ്ഞില്ല. മിത്തല്ലാതെ സത്യമോ ശാസ്ത്രമോ എന്ന മറുചോദ്യമുന്നയിക്കാനാണ് അദ്ദേഹം തുനിഞ്ഞത്.
തമിഴ്‌നാട്ടിലെ പ്രമുഖ നേതാവും മന്ത്രിയുമായ ഉയനിധിമാരനും സമാനമായ അഭിപ്രായ പ്രകടനം നടത്തി. സനാതന ധര്‍മം പിശകാണെന്നാണദ്ദേഹത്തിന്റെ അഭിപ്രായം. അതിന് തമിഴ്‌നാട്ടില്‍ വലിയ അംഗീകാരം തന്നെ നേടിക്കൊടുത്തു. തിരുത്താനോ വലിയ വ്യാഖ്യാനം ചമയ്‌ക്കാനോ വലിയവരാരും മുതിര്‍ന്നിട്ടില്ല. അതിനേക്കാള്‍ വലിയ രാഷ്‌ട്രീയ നേതാവാണല്ലോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍. ഭാരതത്തിലെ തന്നെ രണ്ടാമത്തെ രാഷ്‌ട്രീയകക്ഷിനേതാവ് ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രിയാകാന്‍ കാത്തുകെട്ടിനില്‍ക്കുന്ന നേതാവ്. അദ്ദേഹത്തിന്റെ അഭിപ്രായവും പുറത്തുവന്നു. എല്ലാം ഹിന്ദുവിരുദ്ധം. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിലാണ് രാഹുല്‍ വിവാദ പ്രസ്താവന നടത്തിയത്. ഞായറാഴ്ച മുംബൈയില്‍ നടന്ന ചടങ്ങില്‍ നടത്തിയ പരാമര്‍ശം സ്ത്രീകള്‍ക്കെതിരായതാണ്.
”ഞങ്ങള്‍ പോരാടുന്നത് ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കെതിരെയല്ല. നരേന്ദ്ര മോദിക്കെതിരെയോ ഒരു വ്യക്തിക്കെതിരെയോ അല്ല. മുന്നില്‍ നില്‍ക്കുന്ന ഒരു മുഖത്തിനെതിരെയാണ്. ഹിന്ദുധര്‍മത്തില്‍ ശക്തി എന്നൊരു വാക്കുണ്ട്. ഞങ്ങള്‍ ഒരു ശക്തിക്കെതിരെ ആണു പോരാടുന്നത്” എന്നായിരുന്നു അത്. നരേന്ദ്രമോദി അതിനെതിരെ ആഞ്ഞടിച്ചു. ശക്തിയെ ഇല്ലാതാക്കണമെന്നാണ് ഇന്ത്യാസഖ്യം പ്രഖ്യാപിച്ചത്. ശക്തിയെ നശിപ്പിക്കാനാണ് അവരുടെ നീക്കമെങ്കില്‍ ആരാധിക്കാനാണ് ബിജെപിയുടെ തീരുമാനം. എല്ലാ അമ്മമാരും പെണ്‍മക്കളും എനിക്കു ശക്തിയുടെ രൂപമാണ്. ഞാന്‍ അവരെ ആരാധിക്കുന്നു. ഞാന്‍ ഭാരത മാതാവിന്റെ വിശ്വാസിയാണ്. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്‌ക്കു വേണ്ടി ഞാന്‍ എന്റെ ജീവന്‍ വെടിയാന്‍ തയാറാണ്.”
കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ബിജെപി റാലിക്കു പുറമേ തെലങ്കാനയില്‍ നടന്ന റാലിയിലും മോദി ഇക്കാര്യം പരാമര്‍ശിച്ചു. പിന്നാലെ പല ബിജെപി നേതാക്കളും രാഹുല്‍ സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപണം ഉന്നയിച്ചു. ഇതോടെ പ്രധാനമന്ത്രിക്കു മറുപടിയുമായി രാഹുല്‍, പ്രിയങ്ക എന്നിവര്‍ രംഗത്തെത്തി.
മോദിജിക്ക് എന്റെ വാക്കുകള്‍ ഇഷ്ടമല്ല എപ്പോഴും എന്നാണ് രാഹുല്‍ പരിഭവപ്പെട്ടത്. എപ്പോഴും ഏതെങ്കിലും തരത്തില്‍ വളച്ചൊടിച്ച് അവയുടെ അര്‍ത്ഥം മാറ്റാന്‍ ശ്രമിക്കുന്നു. അധികാരത്തിന്റെ മുഖംമൂടിയെക്കുറിച്ചാണ് ശക്തി എന്നതുകൊണ്ട് ഞാന്‍ സൂചിപ്പിച്ചത്. അത്തരമൊരു ശക്തിയാണ് ഇന്ന് ഇന്ത്യയുടെ ശബ്ദം. സിബിഐ, ഇ ഡി, തെരഞ്ഞെടുപ്പു കമ്മിഷന്‍, മാധ്യമങ്ങള്‍, ഭരണഘടനാ സംവിധാനങ്ങളെല്ലാം അതിന്റെ പിടിയിലാണ്. ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ വായ്പ എഴുതിത്തള്ളാന്‍ മോദിക്കു ശക്തിയുണ്ട്. എന്നാല്‍, ലോണ്‍ അടയ്‌ക്കാനാവാതെ ഒട്ടേറെ കര്‍ഷകര്‍ ജീവനൊടുക്കുകയാണെന്നും രാഹുലിന് പരാതിയുണ്ട്. എന്നാല്‍ കര്‍ഷകക്ഷേമ പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയതെല്ലാം മറച്ചുപിടിക്കുകയാണ്. പ്രധാനമന്ത്രി കിസാന്‍ സമ്മാന പദ്ധതിക്ക് കീഴില്‍ 11.8 കോടിയിലധികം കര്‍ഷകര്‍ക്കായി 2.8 ലക്ഷം കോടിയിലധികം തുക നേരിട്ട് നല്‍കിക്കഴിഞ്ഞത് കേട്ടഭാവം നടിക്കുന്നില്ല. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്‌ക്ക് കീഴില്‍ 80 കോടിയിലധികം ഭാരതീയര്‍ക്ക് സൗജന്യറേഷന്‍ വിതരണം നടക്കുന്നത് ചില്ലറ കാര്യമാണോ? അടുത്ത അഞ്ചുവര്‍ഷം കൂടി അത് തുടരും. നാലുകോടി കുടുംബങ്ങള്‍ക്കാണ് ആവാസ് യോജന വഴി വീട് നല്‍കിയത്. 14 കോടിയിലധികം വീടുകള്‍ക്കാണ് കുടിവെള്ള വിതരണം നടത്തിയത്.
53 ലക്ഷം വഴിയോരക്കച്ചവടക്കാര്‍ക്ക് വായ്പാ വിതരണം നടത്തി. 51 കോടിയിലധികം ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്ന് പാവപ്പെട്ടവരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചു. 10 കോടിയിലധികം പേര്‍ക്ക് സൗജന്യമായി എല്‍പിജി കണക്ഷനും 12 കോടി ശൗചാലയങ്ങള്‍ പണിതു നല്‍കുകയും ചെയ്തു. ആയുഷ്മാന്‍ ഭാരതത്തിന് കീഴില്‍ 55 കോടി ആളുകളെ 5 ലക്ഷം രൂപയുടെ ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി.
ലോകസഭയിലും നിയമസഭയിലും 33 ശതമാനം സത്രീ സംവരണം നടപ്പാക്കിയത് നിസ്സാരകാര്യമാണോ? 370-ാം വകുപ്പ് റദ്ദാക്കി ജമ്മുകശ്മീരിനെ മറ്റ് സംസ്ഥാനത്തോടൊപ്പമാക്കി. വിമാനത്താവളങ്ങള്‍ 149 ആയി ഉയര്‍ത്തി. തീവണ്ടികള്‍ പുതിയതായി ഏര്‍പ്പെടുത്തി. റോഡു വികസനം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യവികസനവും ഉറപ്പാക്കി. അങ്ങിനെ സബ് കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന ആശയത്തില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാരിനെ അസൂയയോടെയേ കാണാന്‍ കഴിയൂ. അതിനെ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കണ്ണാടിവച്ചുനോക്കുന്നതാണ് കഷ്ടം. പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് പറഞ്ഞതിനാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന് കലിപ്പ് കാറ്റുനോക്കാതെ തൂറ്റാനിറങ്ങിയപോലെ ജയറാം. ജയറാം രമേശ് കേരളത്തോടും തമിഴ്‌നാടിനോടും കാണിക്കുന്ന അമിത പ്രാധാന്യം ദുഷ്ടലാക്കോടെയാണെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക