ദൈവത്തിന്റെ സ്വന്തം നാടായി പുകഴ്ത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങളില്‍ വലിയൊരു വിഭാഗം നരകതുല്യമായ ചുറ്റുപാടുകളില്‍ കഴിയുന്നവരാണ്. ആകാശം മേല്‍ക്കൂരയായി കഴിയുന്നവരും ഇവരിലുണ്ട്. സ്വന്തമായി വീടില്ലാതെ പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളും പ്രായമായ പെണ്മക്കളും വയോവൃദ്ധരായ മാതാപിതാക്കളുമായി തികഞ്ഞ അരക്ഷിതാവസ്ഥയില്‍ കഴിയേണ്ടിവരുന്നവരുടെ എണ്ണം ഓരോ ദിവസം ചെല്ലുന്തോറും കുറയുകയല്ല, വര്‍ദ്ധിക്കുകയാണ്. ഇതിനിടെയാണ് ഉള്ള കിടപ്പാടത്തില്‍ നിന്നുപോലും നിഷ്കരുണം പുറന്തള്ളപ്പെടുന്നവര്‍. ജപ്തിഭീഷണി മൂലം ഭാര്യയും മൂന്നു പെണ്മക്കളും പ്രായമായ മാതാവുമൊക്കെയായി വീടിനു പുറത്തിറങ്ങേണ്ടി വന്ന തിരുവല്ല ആനിക്കാട് പഞ്ചായത്തിലെ ഹരികുമാറിന്റെ കുടുംബം അനുഭവിക്കുന്ന ദുരവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഹൗസിങ് സൊസൈറ്റി വീട് ജപ്തി ചെയ്തതോടെ തലചായ്ക്കാന്‍ ഇടമില്ലാതെ ഈ ആറംഗ കുടുംബം ദുരിതമനുഭവിക്കുകയാണ്. നഷ്ടപ്പെട്ടുപോയ വീടിന്റെ മുറ്റത്ത് ടാര്‍പോളിന്‍ വലിച്ചുകെട്ടി കഴിയേണ്ട ഗതികേടാണ് ഇവര്‍ക്ക് വന്നിരിക്കുന്നത്. ആകെയുള്ള ഒരു കട്ടിലില്‍ മക്കളെ കിടത്തി അവര്‍ക്ക് ഉറങ്ങാതെ കാവലിരിക്കുന്ന മാതാപിതാക്കളുടെ ദുഃഖം ആര്‍ക്കും ഊഹിക്കാവുന്നതാണല്ലോ. സ്വര്‍ണപ്പണിക്കാരനായ ഹരികുമാറിന് ഹൃദ്രോഗം വന്നതുമൂലമാണ് ജോലിക്ക് പോകാനാവാതെ വായ്പയുടെ തിരിച്ചടവ് മുടങ്ങിയത്. പത്തുവര്‍ഷത്തെ കാലാവധിയില്‍ രണ്ട് ലക്ഷം രൂപയാണ് ഹരികുമാറിന്റെ കുടുംബം വായ്പയെടുത്തത്. പലിശയടക്കം ആറ് ലക്ഷത്തോളം രൂപ ഈ കുടുംബം തിരിച്ചടയ്ക്കണം. ഒന്നേകാല്‍ ലക്ഷത്തോളം രൂപ അടച്ചതിനുശേഷമാണ് ഇത്രയും തുക ബാക്കിനില്‍ക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങളുടെ കണ്ണില്‍ ചോരയില്ലാത്ത സമീപനമാണ് ഹരികുമാറിനെപ്പോലുള്ളവരുടെ കുടുംബത്തെ തകര്‍ത്തുകളയുന്നത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കാണ് 14 ശതമാനം പലിശയ്ക്ക് രണ്ട് ലക്ഷം രൂപ ഹരികുമാര്‍ വായ്പയെടുത്തത്. എത്ര വലിയ കൊള്ളപ്പലിശയാണിത്. പണത്തിന് ആവശ്യമുള്ള നിവൃത്തികേടുകൊണ്ട് ധനകാര്യസ്ഥാപനങ്ങള്‍ പറയുന്ന വ്യവസ്ഥകളിലെല്ലാം ആളുകള്‍ കണ്ണുമടച്ച് ഒപ്പിട്ടുകൊടുക്കും. ഇത് ഒരുതരം ബ്ലാക്ക് മെയിലിങ്ങും ചതിയുമാണ്. ആവശ്യക്കാരുടെ പിന്നാലെ കൂടി വായ്പ ശരിപ്പെടുത്തി കൊടുക്കുന്നവര്‍ പിന്നീട് അപ്രത്യക്ഷരാകും. കടക്കെണിയില്‍ അകപ്പെടുന്നവരെ ഇക്കൂട്ടര്‍ തിരിഞ്ഞുനോക്കുക പോലും ചെയ്യില്ല. വായ്പയുടെ പതിന്മടങ്ങ് തുക തിരിച്ചടച്ചാലും പിന്നെയും ചൂഷണം ചെയ്തുകൊണ്ടിരിക്കും. തിരിച്ചടവ് മുടങ്ങുന്നതാണ് കാരണം. തവണകള്‍ മുടങ്ങണം എന്നാണ് ധനകാര്യ സ്ഥാപനങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ വന്നാല്‍ മാത്രമാണല്ലോ പരമാവധി പിടിച്ചുപറിക്കാന്‍ കഴിയുന്നത്. ഒരു വീട് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ വായ്പയെടുത്ത് ജീവിതം തന്നെ കൈവിട്ടുപോയവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൂട്ടആത്മഹത്യകള്‍ക്കു പിന്നില്‍ ഇത്തരം കടക്കെണികളുണ്ട്. വളരെക്കാലം മുന്പല്ല, കൊല്ലം ജില്ലയിലെ പതാരത്ത് ബാങ്കുകാര് വീട് ജപ്തി ചെയ്തതില്‍ മനംനൊന്തും അപമാനഭാരംകൊണ്ടും ഒരു കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. കിടപ്പാടം നഷ്ടപ്പെടുന്നതിന്റെ വേദനയില്‍ ആത്മഹത്യ ചെയ്ത ആദ്യയാളല്ല ഈ വിദ്യാര്‍ഥിനി, അവസാനത്തെ ആളുമാവില്ല.
ഇത് കേരളമാണെന്നു ഘോഷിക്കുന്നവരുടെയും, പ്രബുദ്ധ കേരളം എന്നും സമൃദ്ധ കേരളം എന്നുമൊക്കെ പാടിനടക്കുന്നവരുടെയും ആത്മാര്‍ത്ഥതയില്ലായ്മയും ഇവിടെ തെളിയുന്നുണ്ട്. നാലര ലക്ഷത്തോളം പേര്‍ക്കാണ് കേരളത്തില്‍ സ്വന്തമായി വീടില്ലാത്തത്. ഒന്നരലക്ഷം പേര്‍ക്ക് ഒരിഞ്ച് ഭൂമിപോലും സ്വന്തമായില്ല. ആറ് ലക്ഷത്തോളം പേര് കഴിയുന്നത് ഇടിഞ്ഞുപൊളിഞ്ഞ വീടുകളിലാണ്. വലിയ പണം മുടക്കി നിര്‍മിച്ച് താമസിക്കാന്‍ ആളില്ലാതെ കിടക്കുന്ന ലക്ഷക്കണക്കിന് വീടുകളും കേരളത്തിലുണ്ടെന്നോര്‍ക്കണം. ഇക്കാര്യത്തില്‍ എന്തെങ്കിലും മാര്‍ഗരേഖകള്‍ കൊണ്ടുവരാനോ നിയന്ത്രണം ഏര്‍പ്പെടുത്താനോ ഭരണം നടത്തുന്നവര്‍ക്ക് കഴിയുന്നില്ല. 2015 ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ ലക്ഷക്കണക്കിന് വീടുകളാണ് രാജ്യത്ത് നിര്‍മിച്ചുനല്‍കിയത്. ഈ പദ്ധതി ബോധപൂര്‍വ്വം അവതാളത്തിലാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ലൈഫ് എന്ന പേരില്‍ അഴിമതി നടത്താനും പാര്‍ട്ടിക്കാര്‍ക്കു മാത്രം വീട് നല്‍കാനുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ താല്‍പ്പര്യം കാണിച്ചത്. സില്‍വര്‍ലൈന്‍ പോലുള്ള ആഡംബര പദ്ധതികള്‍ കൊണ്ടുവരികയും, കോടികള്‍ ചെലവഴിച്ച് നവകേരള സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവര്‍ കിടപ്പാടം ഇല്ലാത്തവരെയും, അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ പണിപ്പെടുന്നവരെയൂം കാണുന്നില്ല എന്നതാണ് വാസ്തവം. നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന അസത്യ പ്രചാരണത്തിലൂടെ ഈ അപ്രിയ സത്യങ്ങള്‍ മൂടിവയ്ക്കുകയും ചെയ്യുന്നു. തിരുവല്ലയിലെ ഹരികുമാറിന്റെ നിരാലംബമായ കുടുംബത്തെ ഏതുവിധേനയും സഹായിക്കാനുള്ള മനോഭാവം സുമനസ്സുകള്‍ കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: