തിരുവനന്തപുരം: രാജ്യത്ത് 2036ല്‍ നടക്കുന്ന ഒളിംപിക്സില്‍ ഫുട്ബോള്‍ മത്സരങ്ങളില്‍ രാജ്യത്തിന് വേണ്ടി തിരുവനന്തപുരത്ത് നിന്നും കായിക താരങ്ങള്‍ പങ്കെടുത്തിരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. സ്പോര്‍ട്ട് ഓണിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മൂന്നിന് തലസ്ഥാനത്ത് ആരംഭിക്കുന്ന നരേന്ദ്രമോദി സൂപ്പര്‍കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോയും ജഴ്സിയും പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയുടെ വിഷന്‍ ഡോക്യുമെന്റില്‍ അടുത്ത അഞ്ച് വര്‍ഷത്തെ ലക്ഷ്യത്തില്‍ ആദ്യ പരിഗണന കായികരംഗത്തിനാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരം മണ്ഡലത്തിന്റെ വികസന പദ്ധതിയില്‍ കായികമേഖലയക്കും പ്രത്യേക പരിഗണനനല്കിയിട്ടുണ്ട്. യുവതീ യുവാക്കളെ കായിക രംഗത്ത് ശക്തിപ്പെടുത്താന്‍ വലിയ ഇടപെടലുകള്‍ ഉണ്ടാകും. തീരപ്രദേശത്ത് വളരെ കഴിവുള്ള ഫുട്ബോള്‍ കളിക്കാരുണ്ട്. എന്നാല്‍, ഒരു ഘട്ടമെത്തുമ്പോള്‍ പല സാഹചര്യങ്ങള്‍ കാരണം അവര്‍ കായികമേള വിട്ട് മറ്റ് തൊഴില്‍ സാദ്ധ്യതകള്‍ തേടിപോകുന്നു. സംസ്ഥാന സര്‍ക്കാരിന് കായിക രംഗത്തെ ദീര്‍ഘവീഷണമില്ലായ്മയാണ് കായികതാരങ്ങള്‍ ഉയര്‍ന്നു വരാത്തതിന് കാരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മുന്‍ കായികതാരം പത്മിനി തോമസ്, സ്പോര്ട്ട്ഓണ് എം.ഡി ശ്രീകാന്ത്. എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഏപ്രില്‍ മൂന്നിനും നാലിനുമായി ടൂണമെന്റിന്റെ ആദ്യഘട്ടവും ഏപ്രില്‍ ആറിനും ഏഴിനും രണ്ടാം ഘട്ടവും നടക്കും. രണ്ടു ഘട്ടങ്ങളിലും ഒന്നാം സ്ഥാനത്തിന് 50000 രൂപയും രണ്ടാം സ്ഥാനത്തിന് 25000 രൂപയും സമ്മാനമായി ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: