Categories: India

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അശ്വിനി വൈഷ്ണവ്; ആദ്യ സര്‍വീസ് സൂറത്ത് മുതല്‍ ബിലിമോറ വരെ

Published by

ന്യൂദല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ യാഥാര്‍ത്ഥ്യമാകുമെന്നും ആദ്യ സര്‍വീസ് സൂറത്ത് മുതല്‍ ബിലിമോറ വരെയാകുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സിഎന്‍എന്‍-ന്യൂസ് 18ന്റെ റൈസിങ് ഭാരത് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഭാവിയില്‍ മുംബൈ-അഹമ്മദാബാദ് തുടങ്ങി സാമ്പത്തിക നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും.

യാത്രയ്‌ക്ക് മാത്രമല്ല, എല്ലാ സാമ്പത്തിക നഗരങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കുമിതെന്നും മന്ത്രി പറഞ്ഞു. ഇരുപത് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കേണ്ട 500 കിലോമീറ്റര്‍ പദ്ധതി 8-10 വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കും. ലോകനിലവാരത്തിലുള്ള സര്‍വീസുകളായിരിക്കും ഇത്. പദ്ധതി പ്രകാരം ഗുജറാത്ത്, ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേലി, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ പാത നിര്‍മാണത്തിനായി 1400 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. റെയില്‍വേ വിപുലമായ ആസൂത്രണം നടത്തി വരികയാണ്. അതിന് എല്ലാ തലങ്ങളിലും കഠിനാധ്വാനവും തുറന്ന ആശയവിനിമയവും വേണം.

മറ്റ് രാജ്യങ്ങളില്‍ 1980കളില്‍ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ നിലവില്‍ വന്നു. എന്നാല്‍ അന്ന് ഭാരതം ഭരിച്ചിരുന്ന സര്‍ക്കാര്‍ അതൊന്നും രാജ്യത്ത് നടപ്പാക്കിയില്ല. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യത്ത് ആദ്യമായി ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ കൊണ്ടുവന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വികസിത ഭാരതത്തിനായി സര്‍ക്കാര്‍ അടിത്തറ പാകികഴിഞ്ഞു. ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനം 2016ലാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്.

മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് റെയില്‍വേയുടെ സുരക്ഷയ്‌ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. 2017 സപ്തംബറിലാണ് ബുള്ളറ്റ് ട്രെയിനിനായുള്ള നിര്‍മാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും ആരംഭിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബേയാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഭാരതത്തിന്റെ വികസനകുതിപ്പിലെ മറ്റൊരു നാഴികകല്ലാണ് ബുള്ളറ്റ് ട്രെയിനെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by