തിരുവനന്തപുരം: ഗ്രോസ് മീറ്ററിങ് നടപ്പാക്കാനുള്ള തയാറെടുപ്പുമായി കെഎസ്ഇബി മുന്നോട്ടുപോകുന്നതിനാല്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചവര്‍ ആശങ്കയിലായി. ഗ്രോസ് മീറ്ററിങ് നടപ്പാക്കുന്നതോടെ ഓണ്‍ഗ്രിഡ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചവര്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഇളവുകള്‍ ഇല്ലാതാകും. ഇതോടെ സോളാര്‍ പ്ലാന്റിനായി ചെലവാക്കിയ തുക പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ടുപോലും തിരികെ ലഭിക്കില്ലെന്ന നിലയാകും. സംസ്ഥാനത്ത് സോളാര്‍ എനര്‍ജി പദ്ധതി വ്യാപിപ്പിക്കുന്നതിന് ഇത് തടസമാകുമെന്നും സൂചന.
ഉപയോഗിക്കുന്ന വൈദ്യുതിയും സോളര്‍ പ്ലാന്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അധികം ഉപയോഗിക്കുന്ന യൂണിറ്റിനു മാത്രം ബില്‍ നല്കുന്ന നിലവിലെ നെറ്റ് മീറ്ററിങ്ങിനു പകരം ഗ്രോസ് മീറ്ററിങ് ഏര്‍പ്പെടുത്തണമെന്ന സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യമാണ് കമ്മിഷന് ഇന്ന് പരിഗണിക്കുന്നത്. ഭേദഗതി ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനാണ് ഉദേശിക്കുന്നത്. ഇതു സംബന്ധിച്ച പൊതുതെളിവെടുപ്പ് ഇന്ന് തിരുവനന്തപുരത്തെ റെഗുലേറ്ററി കമ്മിഷന്റെ കോര്‍ട്ട് ഹാളില്‍ രാവിലെ 11ന് നടക്കും.
ഗ്രോസ് മീറ്ററിങ് വരുന്നതോടെ മറ്റ് ഉപഭോക്താക്കള്‍ നല്കുന്ന അതേനിരക്കില്‍ സൗരോര്‍ജ ഉത്പാദകരും ബില്‍ അടയ്ക്കേണ്ടിവരും. ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് റെഗുലേറ്ററി കമ്മിഷന് അതതു വര്‍ഷം നിശ്ചയിക്കുന്ന നിരക്കായിരിക്കും ലഭിക്കുക. ഉപയോഗത്തില്‍ നിന്ന് ഉത്പാദിപ്പിച്ച യൂണിറ്റുകള്‍ കുറയ്ക്കാത്തതിനാല് സ്ലാബും സ്വാഭാവികമായും ഉയരും. പീക്ക് സമയത്തെ ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കാനുള്ള ശിപാര്‍ശ നടപ്പായാല്‍ അതും ബില്‍ തുക ഉയര്‍ത്തും.
സോളാര്‍ പ്ലാന്റില്‍ നിന്ന് ഉപഭോക്താക്കള്‍ കെഎസ്ഇബിക്ക് വൈദ്യുതി നല്‍കുന്നത് വിപണിയില്‍ നിന്ന് കെഎസ്ഇബിക്ക് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്ന സമയത്തും ഉപയോഗിക്കുന്നത് വിപണിയില്‍ വില കൂടിയ സമയത്തുമാണ്. ഇതിനാല്‍ സോളാര്‍ വൈദ്യുതി നല്കുന്നെങ്കിലും കെഎസ്ഇബിക്ക് നല്‍കുന്നതിനും കെഎസ്ഇബിയില്‍ നിന്ന് ഉപയോഗിക്കുന്നതിനും ഒരേ വില കണക്കാക്കാനാകില്ലെന്നാണ് കെഎസ്ഇബി നിലപാട്.
ഇതുസംബന്ധിച്ച് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് തയാറാക്കിയ (റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് നെറ്റ് മീറ്ററിംഗ്) (രണ്ടാം ഭേദഗതി) റഗുലേഷന്‍സിന്റെ കരട് ജനുവരി 29 ന് വെബ്സെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു സംബന്ധിച്ചിട്ടുള്ള പൊതുതെളിവെടുപ്പാണ് ഇന്ന് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: