മോജോ സ്റ്റോറിക്ക് വേണ്ടി ബർഖ ദത്തിനു നൽകിയ അഭിമുഖത്തിൽ പിതാവുമായുള്ള ബന്ധത്തെക്കുറിച്ചും തെരുവിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ”കഠിനമായ ആ ദിനങ്ങൾ ഞാൻ ഓർക്കാറുണ്ട്. പക്ഷേ, എനിക്ക് നന്ദി തോന്നുന്നു, കാരണം ഞാൻ അനുഭവിച്ചതുപോലെ കോടിക്കണക്കിന് ആളുകൾ അനുഭവിച്ചിട്ടുണ്ടാകും. പക്ഷേ അവർക്ക് പ്രതിഫലമോ നഷ്ടപരിഹാരമോ ലഭിച്ചില്ല” അദ്ദേഹം പറഞ്ഞു. ഒരു നേരം പോലും കഴിക്കാൻ ഭക്ഷണമില്ലാതിരുന്ന ദിവസം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് എന്തൊരു ചോദ്യമാണിത്, എത്രയോ തവണ എന്നായിരുന്നു ജാവേദ് അക്തറിന്റെ മറുപടി.
ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന വ്യക്തിയായി മാറുന്നതിനു മുൻപ് താൻ അനുഭവിച്ച കഷ്ടതകളെക്കുറിച്ച് സംസാരിക്കവേ വികാരാധീനനായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. തുടക്ക കാലത്ത് താൻ ദിവസങ്ങളോളം പട്ടിണി കിടന്നുണ്ട്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട്. ഇപ്പോഴത്തെ തന്റെ ജീവിത സാഹചര്യം എത്രത്തോളം വിലപ്പെട്ടതാണെന്ന് താൻ ചിന്തിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആ സമയത്ത് എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് കഴിക്കാൻ ഒന്നുമില്ലാത്തപ്പോൾ നിങ്ങൾ ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ”സത്യത്തിൽ അത് വളരെ രസകരമാണ്. രാവിലെ മുതൽ നിങ്ങൾ ഒന്നും കഴിച്ചിട്ടില്ലെന്ന് കരുതുക, ആരുടെയെങ്കിലും വീട്ടിൽ നിങ്ങൾ പോകുന്നു, അവർ ഡൈനിങ് ടേബിളിനു മുന്നിൽ ഇരിക്കുന്നു, അവർ നിങ്ങളോട് വരൂ ഞങ്ങൾക്കൊപ്പം കഴിക്കാം എന്നു പറയുന്നു. പലതവണ ഇത് സംഭവിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഇല്ല, ഞാൻ ഇപ്പോൾ കഴിച്ചതേയുള്ളൂ എന്ന് പറയാറുണ്ട്. ഞാൻ പട്ടിണി കിടന്ന് മരിക്കുകയാണെന്ന് അവർ അറിഞ്ഞാൽ അത് വളരെ നാണക്കേടാണ്.
ഇന്നെനിക്ക് സുഹൃത്തുക്കളുടെ വീട്ടിൽ ചെന്ന് ഭക്ഷണം ആവശ്യപ്പെടാനുള്ള അർഹതയുണ്ട്. അന്നൊക്കെ ഭക്ഷണം വേണ്ടാന്ന് പറഞ്ഞതിന് ഞാൻ സ്വയം മർദിക്കുമായിരുന്നു. എന്നെ വല്ലാതെ വേദനിപ്പിച്ച രണ്ട് മൂന്ന് നിമിഷങ്ങളുണ്ട്. ആ ആഘാതം ഇപ്പോഴും എന്നിൽ അവശേഷിക്കുന്നു. രണ്ട് മൂന്ന് ദിവസം പട്ടിണി കിടക്കുക, അത് വളരെ ക്ലേശകരമാണ്. മൂന്നാം ദിവസം മനുഷ്യനെന്നോ നായയെന്നോ വ്യത്യാസമില്ലെന്ന് നമ്മൾ തിരിച്ചറിയും. നിങ്ങളുടെ എല്ലാ മാന്യതയും, ആത്മാഭിമാനവും പെട്ടെന്ന് അപ്രത്യക്ഷമാകും. നിങ്ങൾക്ക് വിശക്കുന്നുണ്ട് എന്ന വസ്തുത മാത്രമേ നിങ്ങൾക്ക് അറിയൂ.”
ഭക്ഷണം ഇല്ലാത്തതാണോ അതോ അച്ഛൻ ജീവിച്ചിരുന്നിട്ടും സഹായിക്കാത്തതാണോ ഏറെ വേദനിപ്പിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് നൽകിയ മറുപടി ഇതായിരുന്നു, ”മൂന്നാം ദിവസം അച്ഛനെ നിങ്ങൾ ഓർക്കില്ല, ഭക്ഷണത്തെക്കുറിച്ച് മാത്രമാണ് നിങ്ങൾ ചിന്തിക്കുക.
ജീവിതത്തോട് ഇന്നെനിക്ക് വളരെയധികം നന്ദിയുണ്ട്. എനിക്ക് ഉണ്ടായ അനുഭവത്തിൽ സങ്കടപ്പെടുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാറില്ല, ഇന്നു ഞാൻ കടൽ കാഴ്ച കണ്ടാണ് രാവിലെ ഉണരുന്നത്. എന്റെ ജനലിൽ കൂടി എനിക്ക് കടൽ കാണാം. ഞാൻ അവിടെ ഇരിക്കുമ്പോൾ ട്രോളിയിൽ പ്രഭാതഭക്ഷണം എത്തും. ഞാൻ ഏതോ നാടകത്തിന്റെ ഭാഗമാണെന്ന് എനിക്ക് തോന്നാറുണ്ട്, ഇതെല്ലാം എനിക്കുള്ളതല്ല. അതിനൊപ്പം ജീവിതത്തോട് എനിക്ക് വളരെ നന്ദി തോന്നാറുണ്ട്. ഇന്നെനിക്ക് കഴിക്കാൻ ധാരാളം ഭക്ഷണമുണ്ട്, എനിക്ക് കഴിക്കാം. ഞാൻ പല പ്രാവശ്യം എന്റെ ഡൈനിംഗ് ടേബിളിൽ ഇരിക്കുന്നു, ഞാൻ ഭക്ഷണം കഴിച്ച് കഴിയുമ്പോൾ, ധാരാളം ഭക്ഷണം അവിടെ ബാക്കിയുണ്ടെന്ന് ഞാൻ കാണുന്നു. അന്ന് വിശന്ന് തളർന്ന ആ രാത്രിയിൽ ദാലോ സബ്ജിയോ പോലുള്ള ഏതെങ്കിലും ഒരു വിഭവം കിട്ടിയിരുന്നെങ്കിൽ, ഞാൻ അത് എത്രമാത്രം ആസ്വദിക്കുമായിരുന്നുവെന്ന് ഞാൻ ചിന്തിക്കാറുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: