ന്യൂദല്‍ഹി: ഇനിയും മോദിയുടെ പ്രൊജക്ട് ചീറ്റയെ വിമര്‍ശിച്ചാല്‍ ജയറാം രമേശ് നിങ്ങളെ ചീറ്റ കടിയ്‌ക്കും എന്നാണ് സമൂഹമാധ്യമത്തില്‍ ആരോ കുറിച്ചത്. കാരണം ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ വംശനാശത്തിന് തടയിടാന്‍ മോദി കുനോ ദേശീയപാക്കില്‍ തുടക്കം കുറിച്ച ചീറ്റാ പദ്ധതി (പ്രൊജക്ട് ചീറ്റ- Project Cheetah) സമ്പൂര്‍ണ്ണ വിജയത്തില്‍ കലാശിച്ചിരിക്കുന്നു. അങ്ങിനെ 1952ല്‍ ഇന്ത്യയുടെ മണ്ണില്‍ വംശനാശം സംഭവിച്ച ചീറ്റകള്‍ 2024ല്‍ മോദിയുടെ ഇന്ത്യയില്‍ വീണ്ടും വേരുപിടിപ്പിക്കുകയാണ്.
മോദിയുടെ ഈ പദ്ധതിയെ കോണ്‍ഗ്രസ് വെറും തമാശ എന്നാണ് വിശേഷിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് മോദി ചീറ്റപ്പുലികളെ കൊണ്ടുവരുന്നതിലൂടെ ശ്രമിച്ചത് എന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്.
മോദി സൃഷ്ടിക്കാന്‍ പോകുന്ന അമൃതകാലം എന്ന വികസിത ഇന്ത്യയില്‍ ചീറ്റകള്‍ക്കും സ്ഥാനമുണ്ട്. അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യയെ ഒരുക്കുകയും 2047ല്‍ വികസിത ഇന്ത്യയെ സൃഷ്ടിക്കുകയുമാണ് മോദിയുടെ സ്വപ്നം. ആ അമൃതകാലത്തിലേക്ക് വികസിക്കുന്ന ഇന്ത്യയിലേക്ക് മോദി ചീറ്റയെ കൊണ്ട് വന്നത് നമീബിയയില്‍ നിന്നാണ്. അതും പ്രത്യേകവിമാനത്തില്‍. ചീറ്റകളുടെ വംശനാശം തടയാന്‍ 20 ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു മോദിയുടെ പദ്ധതി. അതില് എട്ട് ചീറ്റകളെ നമീബിയില്‍ നിന്നും 12 എണ്ണത്തിനെ ദക്ഷിണാഫ്രിക്കയില്‍ നിന്നും കൊണ്ടുവന്നു. ആകെ 91 കോടി രൂപ ചെലവുള്ള പദ്ധതി. അന്ന് ജയറാം രമേശും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളും ചില പരിസ്ഥിതി വാദികളും മോദിയുടെ പ്രൊജക്ട് ചീറ്റയെ അധിക്ഷേപിച്ചു, പരിഹസിച്ചു. മധ്യപ്രദേശില്‍ വന്യജീവി സംരക്ഷണകേന്ദ്രമായ കുനോ പാര്‍ക്കില്‍ ചില ചീറ്റകളും ചീറ്റക്കുട്ടികളും ചത്തപ്പോഴും ഇവര്‍ മോദിയുടെ പ്രൊജക്ട് ചീറ്റയെ പരിഹസിച്ചു. പ്രായോഗികമല്ലാത്ത പദ്ധതി എന്നായിരുന്നു അധിക്ഷേപം. കാരണം വിദേശരാജ്യങ്ങളിലെ കാലാവസ്ഥയില്‍ ജീവിക്കുന്ന ചീറ്റകള്‍ ഇന്ത്യയിലെ കാലാവസ്ഥയില്‍ ഇണങ്ങിച്ചേരില്ല എന്നിങ്ങനെപ്പോയി അവരുടെ വിമര്‍ശനങ്ങള്‍.
ഇന്ത്യയില്‍ ചീറ്റപ്പുലിക്ക് വംശനാശം സംഭവിച്ചു എന്ന് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നെഹ്രു
1952ല്‍ പ്രധാനമന്ത്രി നെഹ്രുവാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപനം നടത്തിയത്. അതിന് ശേഷം ഏഴ് ദശകങ്ങളായി ആരും ചീറ്റപ്പുലികളെ ഇന്ത്യയില്‍ വീണ്ടും വേരുപിടിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് പ്രധാനമന്ത്രി മോദി വിമര്‍ശിച്ചിരുന്നു. അതിനെതിരെ ജയറാം രമേശ് ശക്തമായി ആഞ്ഞടിച്ചിരുന്നു. 2009ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വനം-പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ പ്രൊജക്ട് ചീറ്റ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് ജയറാം രമേശ് അന്ന് മോദിയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത്. അന്ന് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ രഞ്ജിത് സിങ്ങിന് ഇത് സംബന്ധിച്ച് താന്‍ കത്തയച്ചിരുന്നു എന്നാണ് ജയറാം രമേശ് വിവരിച്ചത്. ആ കത്തിന്റെ പകര്‍പ്പും ജയറാം രമേശ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പരിശ്രമിച്ചതല്ലാതെ, ആ പദ്ധതിയ്‌ക്ക് എന്ത് സംഭവിച്ചു എന്ന് ജയറാം രമേശ് വിശദീകരിക്കുന്നില്ല.
പക്ഷെ ശ്രമിക്കലല്ലല്ലോ നടപ്പാക്കല്‍. അതാണ് മോദിയും ജയറാം രമേശും തമ്മിലുള്ള വ്യത്യാസം. മോദിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം. മോദി പറയുക മാത്രമല്ല, അത് നടപ്പിലാക്കുകയും ചെയ്യുന്നു. അത് തന്നെയാണ് പ്രൊജക്ട് ചീറ്റയുടെ കാര്യത്തിലും സംഭവിച്ചത്.
കഴിഞ്ഞ ദിവസം കുനോ നാഷണൽ പാർക്കിൽ ആഫ്രിക്കൻ ചീറ്റ ‘ഗാമിനി’ ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് റിപ്പോര്‍ട്ട് ചെയ്തതോടെ അവിടുത്തെ ആകെ ചീറ്റകളുടെ എണ്ണം 27 ആയി ഉയര്‍ന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ ചീറ്റപ്പുലിയായ ജ്വാല (നമീബിയൻ പേര് സിയായ) നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും ഒരെണ്ണത്തിന് മാത്രമേ അതിജീവിക്കാൻ കഴിഞ്ഞുള്ളൂ. ഈ വർഷം ജനുവരിയിൽ ജ്വാല തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി, തുടർന്ന് ചീറ്റ ആശ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു. ചീറ്റകളെ പുനരവതരിപ്പിക്കുന്ന മോദിയുടെ പ്രൊജക്ട് ചീറ്റ പദ്ധതിയില്‍ , അഞ്ച് പെൺപുലികളും മൂന്ന് ആൺപുലികളും അടങ്ങുന്ന എട്ട് നമീബിയൻ ചീറ്റകളെ 2022 സെപ്റ്റംബർ 17 ന് കെഎൻപിയിലെ വനത്തിലേക്ക് വിട്ടയച്ചു. കൂടാതെ 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി പാർക്കിലെത്തിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന സംഘത്തിലെ അംഗമായ ഗാമിനിയാണ് കഴിഞ്ഞ ദിവസം ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ ജ്വാലയിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ 10 ചീറ്റകളാണ് കുനോ പാര്‍ക്കില്‍ ചത്തത്. എന്തായാലും കുനോ പാര്‍ക്കിലെ ചീറ്റകളുടെ എണ്ണം 20 എന്നതില്‍ നിന്നും 27ലേക്ക് കുതിച്ചിരിക്കുന്നു എന്നതിനര്‍ത്ഥം അതിജീവനത്തിലൂടെയും ഇണചേരലിലൂടെയും ചീറ്റകള്‍ പെരുകുമെന്നത് തന്നെയാണ്.
എന്തിന് പ്രൊജക്ട് ചീറ്റ?
ഇന്ത്യയിലെ വന്യജീവികളെയും അവരുടെ ആവാസവ്യവസ്ഥയെയും വൈവിധ്യവല്‍ക്കരിക്കുക എന്നത് തന്നെയാണ് പ്രൊജക്ട് ചീറ്റ എന്ന പദ്ധതിയുടെ പിന്നില്‍. നഗരമനുഷ്യര്‍ക്ക് വേണ്ടി അതിവികസിത നഗരസംവിധാനങ്ങള്‍ പണിയുന്നതുപോലെ പ്രകൃതിയുടെ ജീവനാഡിയായ കാടിനെ നിലനിര്‍ത്തുക, അതിലെ വന്യജീവികളെ പരമാവധി വൈവിധ്യത്തിലൂടെ നിലനിര്‍ത്തുക എന്ന ലക്ഷ്യവും മോദിയ്‌ക്കുണ്ട്. മോദിയുടെ അമൃതകാല്‍ പദ്ധതിയില്‍ വനത്തിന്റെ വൈവിധ്യവല്‍ക്കരണവും വനം നിലനിര്‍ത്തലും പ്രധാനഭാഗം തന്നെയാണ്.
രണ്ട് ഭൂഖണ്ഡങ്ങള്‍ക്കിടയില്‍, വായൂവിലൂടെ, ഒരു വനത്തില്‍ നിന്നും മറ്റൊരു വനത്തിലേക്ക് വന്യജീവികളെ കൈമാറ്റം ചെയ്യുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം സംഭവമാണ് ഇതെന്ന് പ്രൊജക്ട് ചീറ്റയുടെ ചുമതലയുള്ള എസ്.പി. യാദവ് പറയുന്നു. ഇന്ത്യ വനസംരക്ഷണത്തിലും വന്യജീവിസംരക്ഷണത്തിലും പ്രകൃതിയുടെ വൈവിധ്യവല്‍ക്കരണത്തിലും പ്രതിബദ്ധമാണ് എന്നാണ് ഈ പദ്ധതി വിളിച്ചോതുന്നത്. പുറമേയ്‌ക്ക് കരുത്തരെന്ന് തോന്നിയാലും അങ്ങേയറ്റം ലോലപ്രകൃതമാണ് ചീറ്റകളുടേത്. ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍ അതിജീവിക്കാന്‍ വിഷമമുള്ള ജീവികളാണെങ്കിലും ഇന്ത്യയില്‍ പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ പദ്ധതി വിജയമായെന്ന് എസ്.പി. യാദവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: