തിരുവനന്തപുരം: തീരദേശത്ത് എത്തിയ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ നാടോടി സംഘത്തെ തടഞ്ഞുവച്ചു. ഞായറാഴ്ച രാത്രി കരിംകുളം പള്ളം തീരത്തായിരുന്നു സംഭവം. പൊലീസ് ഏറെ പണിപ്പെട്ട് ഇവരെ രക്ഷിക്കുകയായിരുന്നു.
ആന്ധ്രാ പ്രദേശ്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് സ്ത്രീകളും നാല് പുരുഷന്മാരും നാല് കുട്ടികളുമടങ്ങുന്ന സംഘത്തെയാണ് നാട്ടുകാര്‍ ആക്രമിക്കാന്‍ മുതിര്‍ന്നത്.നാടോടികളെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ സംഘത്തെ ചോദ്യം ചെയ്തു.ഭയന്ന നാടോടികള്‍ സമീപത്തെ പള്ളിയില്‍ അഭയം തേടി.ഇതിനിടെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം പിടിയില്‍ എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം ഉണ്ടായതോടെ രോഷാകുലരായ ജനം സംഭവ സ്ഥലത്ത് തടിച്ച് കൂടി.
നാടോടികളെ ജനക്കൂട്ടത്തില്‍ നിന്നും മോചിപ്പിക്കാന്‍ ആദ്യം പൊലീസിന് കഴിഞ്ഞില്ല. തടിച്ചുകൂടിയവര്‍ നാടോടിസംഘത്തെ മര്‍ദ്ദിച്ചതായും പരാതി ഉണ്ട്. ജനങ്ങളെ അനുനയിപ്പിക്കാന്‍ ജനപ്രതിനിധികളും ഇടവക വികാരിയും നടത്തിയ ശ്രമവും വിഫലമായി. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി. ഏറെനേരത്തെ കഠിന പരിശ്രമത്തിനൊടുവില്‍ നാടോടി സംഘത്തെ രക്ഷിച്ച് കാഞ്ഞിരംകുളം സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കുറ്റക്കാരല്ലെന്ന് മനസിലാക്കിയ പൊലീസ് നാടോടി സംഘത്തെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: