തൃശൂര്‍: കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നടപടിക്ക് ഒരുങ്ങുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവസാനമായി പങ്കെടുത്ത ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം.
ഒല്ലൂര്‍ ഏരിയ സെക്രട്ടറി കെ.പി.പോള്‍, ബാങ്ക് മുന്‍ പ്രസിഡന്റും ഒല്ലൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ റിക്‌സന്‍ പ്രിന്‍സ്, ബാങ്ക് മുന്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിയുണ്ടാകുക. ഗോപാലകൃഷ്ണന്‍ നടപടിയെടുക്കുന്നതിനെതിരെ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ നേരില്‍ കണ്ട് പരാതി അറിയിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണന്‍, ജില്ലാ കമ്മിറ്റിയംഗം പി.കെ. ചന്ദ്രശേഖരന്‍ എന്നിവരടങ്ങുന്ന രണ്ട് അംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വിവാദം ഒഴിവാക്കുന്നതിന് വേണ്ടി നടപടി വൈകിപ്പിക്കാനാണ് തീരുമാനം. സിപിഎം നേതൃത്വത്തിലുളള കുട്ടനെല്ലൂര്‍ ബാങ്കില്‍ വയ്പാ തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ജീവിച്ചിരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റു ഹാജരാക്കി വായ്പയെടുത്തതുള്‍പ്പെടെ നിരവധി പരാതികളാണുയര്‍ന്നത്.
ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ ജീവനക്കാര്‍ക്കാര്‍ ഇഡിയോട് വെളിപ്പെടുത്തിയതും സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. കരുവന്നൂരിന് പിന്നാലെ സിപി
എം നിയന്ത്രിക്കുന്ന ജില്ലയിലെ മറ്റൊരു സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നത് പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. അതിനിടെ നടപടിയില്‍ നിന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തിയെ ഒഴിവാക്കിയത് പാര്‍ട്ടിയില്‍ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. എം.കെ. കണ്ണന്‍ ഇടപെട്ടാണ് കണ്ടംകുളത്തിയെ ഒഴിവാക്കിയതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
കണ്ടംകുളത്തിക്കെതിരെ കൂടി നടപടി വേണമെന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം. സിപിഎം തൃശൂര്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ അനൂപ് ഡേവിസ് കാട, ബിന്നി ഇമ്മട്ടി എന്നിവര്‍ തമ്മിലുളള തര്‍ക്കം രൂക്ഷമാകുന്നതിനിടെ പരാതികള്‍ പരിശോധിക്കാന്‍ രണ്ടംഗ കമ്മിറ്റിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.
കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പിന് പരിഗണിക്കാനാണ് തീരുമാനം. ഇരുവരും പരസ്പരം നല്‍കിയ പരാതിയില്‍ നടപടിയെടുക്കാന്‍ ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നുവെങ്കിലും രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ കമിറ്റിക്ക് വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: