ഒടുവില്‍ തീരുമാനമായിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളും നെഹ്റു കുടുംബത്തിന്റെ പിന്മുറക്കാരുമായ രാഹുലും പ്രിയങ്കയും ഉത്തരഭാരതത്തില്‍ മത്സരിക്കില്ലത്രേ. ഇരുവരും സ്ഥാനാര്‍ത്ഥികളായാല്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്കാന് ആവില്ലത്രേ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിനു പുറമേ വയനാട് മണ്ഡലത്തിലും രാഹുല്‍ സ്ഥാനാര്‍ത്ഥിയാവുകയായിരുന്നല്ലോ. വളരെക്കാലം നെഹ്റു കുടുംബത്തിന്റെ തട്ടകമായിരുന്ന അമേഠി മണ്ഡലത്തില്‍ രാഹുല്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. വയനാട് ജയിക്കുകയും ചെയ്തു. ഉത്തര ഭാരതത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ പ്രതീകവല്‍ക്കരിക്കുന്നതായിരുന്നു അമേഠിയിലെ രാഹുലിന്റെ പരാജയം. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ വടക്കന്‍ സംസ്ഥാനങ്ങളിലെ ഏതെങ്കിലുമൊരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നും, ബിജെപിക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരാന്‍ ഇത് ആവശ്യമാണെന്നും പല കോണ്‍ഗ്രസ്സുകാരും രഹസ്യമായും പരസ്യമായും പറയുകയുണ്ടായി. പാര്‍ട്ടി പറഞ്ഞാല്‍ എവിടെനിന്നു വേണമെങ്കിലും മത്സരിക്കുമെന്ന് രാഹുല്‍ പറയുകയും ചെയ്തു. എന്നാല്‍ ഇത് വെറും വീമ്പിളക്കലായിരുന്നു. ഉത്തരഭാരതത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള ധൈര്യം രാഹുലിനില്ല. അവിടങ്ങളില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആത്മവിശ്വാസം കോണ്‍ഗ്രസിനും ഇല്ല. രാഹുല്‍ ഏത് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായാലും അവിടെ ബിജെപി പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും, കോണ്‍ഗ്രസ് തോല്‍ക്കുമെന്നും ഉറപ്പാണ്. പാര്‍ട്ടി ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ, തന്റെ മകന് തോല്ക്കാന് പാടില്ല. ഇതാണ് സോണിയയുടെ കുറെക്കാലമായുള്ള തീരുമാനം.
ഉത്തര ഭാരതത്തിലെ മറ്റേതെങ്കിലും മണ്ഡലത്തില്‍ രാഹുല്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഭയക്കുന്നതില്‍ അതിശയോക്തിയില്ല. കോണ്‍ഗ്രസിനെ നയിക്കുന്നുവെന്നു പറയുന്ന പ്രിയങ്കയും മത്സരത്തിനിറങ്ങാന്‍ തയ്യാറല്ലല്ലോ. ഇതിനു മുതിര്‍ന്നാല്‍ രാഹുലിന് അമേഠിയില്‍ സംഭവിച്ചതുപോലുള്ള തോല്‍വിയായിരിക്കും പ്രിയങ്കയെയും കാത്തിരിക്കുന്നത്. അമ്മയ്ക്കും മക്കള്‍ക്കും ഇത് നന്നായി അറിയാം. ഇക്കാര്യം മറച്ചുപിടിച്ച് പാര്‍ട്ടിയെ കബളിപ്പിക്കാന്‍ നെഹ്റു കുടുംബം വഴിതേടുകയാണ്. അതിനാലാണ് രാഹുല്‍ ഒന്നിലധികം മണ്ഡലത്തില്‍ മത്സരിച്ചാല്‍ പാര്‍ട്ടി പ്രചാരണത്തിന് വേണ്ടത്ര സമയം ലഭിക്കില്ലെന്ന കഥമെനയുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തുടരുന്നതാണ് രാഹുലിന്റെ പരാജയം. തോല്‍വി തുടര്‍ക്കഥയായിട്ടും മകനെ നേതാവാക്കി നിലനിര്‍ത്താനായിരുന്നു സോണിയ താല്‍പ്പര്യം കാണിച്ചത്. കോണ്‍ഗ്രസ് പരാജയപ്പെട്ട എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രചാരണത്തിന് നേതൃത്വം നല്‍കിയത് രാഹുലായിരുന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടി അധ്യക്ഷപദവിയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടിവന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുക എന്ന ലക്ഷ്യവും ഇതിനുണ്ടായിരുന്നു. സോണിയാ കുടുംബത്തിന്റെ വിധേയനായ ഖാര്‍ഗെയെ അധ്യക്ഷനാക്കിയിട്ടും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായില്ല. ഈ അവസ്ഥയിലാണ് ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇത് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും മാത്രം ദുര്‍ഗതിയല്ല. കോണ്‍ഗ്രസ് നേതൃത്വം നല്കുന്നു എന്നുപറയപ്പെടുന്ന ‘ഇന്‍ഡി’ മുന്നണിയുടെ ദുരവസ്ഥയും ഇതുതന്നെയാണ്. തങ്ങള്‍ക്കൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നവര്‍ പലരും ആ മുന്നണിയില്‍ ഇല്ല. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നല്‍കാതെ ബംഗാളിലെ മുഴുവന്‍ മണ്ഡലങ്ങളിലും തൃണമൂല്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ഇതിന് തെളിവാണല്ലോ. മുന്നണിയില്‍ നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍തന്നെ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനുള്ള ഒരു അവസരവും മറ്റു പാര്‍ട്ടികള്‍ പാഴാക്കുന്നില്ല. രാഹുലിന്റെ ന്യായ് യാത്രയുടെ മുംബൈയില്‍ നടന്ന സമാപന സമ്മേളനം സാക്ഷ്യപ്പെടുത്തിയതും മറ്റൊന്നല്ല. സമ്മേളനത്തില്‍ നിന്ന് ഇടതു പാര്‍ട്ടികള്‍ വിട്ടുനിന്നു. തമിഴ്നാട്ടിലും ബംഗാളിലുമൊക്കെ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കുന്നതില്‍ ഇടതു പാര്‍ട്ടികളുടെ അണികളില്‍ അമര്‍ഷമുണ്ട്. ഇത് മറച്ചുപിടിക്കാനാണ് ആനി രാജയെ രാഹുലിനെതിരെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. കോണ്‍ഗ്രസിനെ തങ്ങള്‍ ഇപ്പോഴും എതിര്‍ക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണിത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് ‘ഇന്‍ഡി’ ഘടകകക്ഷികള്‍ക്ക് അറിയാം. ഇതുകൊണ്ട് സഖ്യം ഉണ്ടാക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായി അകലം പാലിക്കുക എന്നതും ഇടതു പാര്‍ട്ടികളുടെ തന്ത്രമാണ്. ഈ അടവുനയമാണ് കേരളത്തില്‍ യുഡിഎഫിനെതിരെ മത്സരിക്കുന്ന സിപിഎം പുറത്തെടുക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും അവരുമായി കൂട്ടുചേരുന്നതിന്റെ കാപട്യം മറച്ചുപിടിക്കാന്‍ ഇത്തരം രാഷ്ട്രീയ ഗിമ്മിക്കുകള്‍ ഇവര്‍ക്ക് കാണിച്ചേ മതിയാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: