ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈ ശിവാജി പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്‍ഡി സഖ്യ റാലിയില്‍ നിന്ന് ഇടതുപക്ഷം വിട്ടു നിന്നു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കളെ ക്ഷണിച്ചെങ്കിലും അവര്‍ അതു നിരസിക്കുകയായിരുന്നു.
രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ ഇടതുപക്ഷം നേരത്തേതന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ഇന്‍ഡി സഖ്യം എന്ന പേരില്‍ പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസ് സഖ്യകക്ഷികളോടു മാന്യമായല്ല പെരുമാറുന്നതെന്നാണ് ഇടതു പക്ഷത്തിന്റെ ആരോപണം.
കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കേരളത്തില്‍ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാന്‍ എന്ന തരത്തില്‍ പ്രസ്താവന നടത്തിയതും ഇടതു നേതാക്കളെ ചൊടിപ്പിച്ചു. ഇതിനെല്ലാമുള്ള പ്രതിഷേധം അറിയിക്കാനുള്ള അവസരം എന്ന നിലയിലാണ് ഇടതു പക്ഷ നേതാക്കള്‍ മുംബൈയിലെ റാലി ബഹിഷ്കരിച്ചത്.
കേരളത്തില്‍ പ്രചാരണം ശക്തമായ സാഹചര്യത്തില്‍ രാഹുലും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്നത് തിരിച്ചടിയാവുമെന്നും ഇടതു പക്ഷം ഭയന്നിരുന്നു. കേരളത്തില്‍ പലയിടത്തും ന്യൂസ് ചാനലുകള്‍ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പു ചര്‍ച്ചാ പരിപാടികളില്‍ കോണ്‍ഗ്രസുമായുള്ള ദേശീയ സംഖ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഏറെ പ്രകോപനപരമായാണ് ഇടതു നേതാക്കള്‍ പ്രതികരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: