ന്യൂദല്‍ഹി: മോദി ഭരിയ്ക്കുന്ന ഇന്ത്യയില്‍ മതേതരത്വം തകര്‍ന്നിട്ടില്ലെന്ന് ഷെഹ് ല റഷീദ്. ഒരു കാലത്ത് സിഎഎയ്ക്കും എന്‍ആര്‍സിയ്ക്കും കശ്മീര്‍ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരെയും പടനയിച്ച ഷെഹ്ല റഷീദ് ഇപ്പോള്‍ മോദിയും അമിത് ഷായും നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന നേതാവാണ്. മതേതരത്വം ഇന്ത്യയില്‍ മരിച്ചുകൊണ്ടിരിക്കുന്നോ? എന്ന വിഷയത്തെ ആധാരമാക്കി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പ്രത്യേകസമ്മേളനത്തിലാണ് ഷെഹ്ല റഷീദ് മോദിയുടെ ഭരണത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.
ഷെഹ്ല റഷീദ് ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ നടത്തിയ പ്രസംഗം കേള്‍ക്കാം:
Who could have imagined a day when a Muslim, none other than @Shehla_Rashid, would say that secularism isn't dead in India? 🫡😂 pic.twitter.com/mwWtsgQptQ
— BALA (@erbmjha) March 15, 2024
“ഇന്ത്യയില്‍ മതന്യൂനപക്ഷത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ മതേതരത്വം എന്നത് സര്‍വ്വ ധര്‍മ്മ സംഭാവ് (എല്ലാ ധര്‍മ്മങ്ങളും-അഥവാ മതങ്ങളും- തുല്യമാണ്) എന്ന പ്രയോഗത്തില്‍ അടങ്ങിയിരിക്കുന്നു.” -ഷെഹ്ല റഷീദ് പറയുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോള്‍ ഇസ്ലാമിലേതുള്‍പ്പെടെ എല്ലാ പ്രാര്‍ത്ഥനകളും അവിടെ മുഴങ്ങി. പ്രധാനമന്ത്രി എന്തിനാണ് താന്‍ ഹിന്ദുവാണ് എന്നതില്‍ അഭിമാനിക്കാതിരിക്കണം. ഞാന്‍ മുസ്ലിം എന്ന നിലയില്‍ അഭിമാനിക്കുന്നതുപോലെത്തന്നെയാണ് അത്. -മോദിയെ അനുകൂലിച്ച് ഷെഹ്ല റഷീദ് പറയുന്നു.
മതേതരത്വം എന്നത് എല്ലാവരെയും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുക എന്നാണ്. മുസ്ലിം ക്രിക്കറ്റ് താരത്തിന് ഈയിടെ അര്‍ജ്ജുന അവാര്‍ഡ് കിട്ടി. ഒരു മുസ്ലിം വിദ്യാഭ്യാസ വിചക്ഷണന്‍ പത്മശ്രീ ലഭിച്ചു. ചന്ദ്രയാന്‍, ആദിത്യ തുടങ്ങിയ പദ്ധതികളുടെ ചുക്കാന്‍ പിടിക്കുന്നത് മുസ്ലിം വനിതയാണ്. മതേതരത്വം എന്നത് ഭരണകൂടം അഥവാ സര്‍ക്കാര്‍ ആരോടെങ്കിലും മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാട്ടാതിരിക്കലാണ്. ഒരു പൊതുസേവനകേന്ദ്രത്തില്‍ നിന്നും മുസ്ലിം ആണെന്ന കാരണം കൊണ്ട് ഒരാളെയും പറഞ്ഞയക്കുന്നില്ല.മതപരമായ വേര്‍തിരിവിനപ്പുറം എങ്ങിനെ ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം എന്ന് ചിന്ത ഉണ്ടാകലാണ് മതേതരത്വം. നമ്മള് നമ്മെ തന്നെ ഉയര്‍ത്തുമ്പോള്‍ നമ്മള് നമ്മുടെ സമുദായത്തേയും സമൂഹത്തേയുമാണ് ഉയര്‍ത്തുന്നത്.-ഷെഹ്ല റഷീദ് ചൂണ്ടിക്കാട്ടുന്നു.
ആരാണ് ഷെഹ്ല റഷീദ്?
പണ്ട് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് വൈസ് പ്രസിഡന്റായ ഷെഹ്ല റഷീദ് ഇടത് നേതാക്കളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവരോടൊപ്പമാണ് മോദി സര്‍ക്കാരിനെതിരെ തീപ്പൊരി സമരം നയിച്ചത്. കോളെജ് പഠനത്തിന് ശേഷം സമൂഹത്തെ നേരിട്ട് പഠിച്ചപ്പോഴാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും ഷെഹ് ല റഷീദ് മനസ്സിലാക്കിയത്. ഇപ്പോള്‍ ജമ്മുകശ്മീരില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അതില്‍ ഉമര്‍ ഖാലിദ് ഇപ്പോഴും യുഎപിഎ പ്രകാരം ജയിലില്‍ കഴിയുന്നു. കനയ്യ കുമാറാകട്ടെ ആദ്യം സിപിഐയില്‍ ആയിരുന്നുവെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: