തൃശ്ശൂര്‍: നടന് സുരേഷ് ഗോപിക്ക് കഥകളി ആചാര്യന് കലാമണ്ഡലം ഗോപി ആശാന്റെ വീട്ടില്‍ പോകാന്‍ ആരുടെ എങ്കിലും ഇടനില വേണം എന്നുതോന്നുന്നില്ല. മുന്‍പ് വീട്ടില്‍ പോയിട്ടുണ്ട്. അനുഗ്രഹം തേടിയിട്ടുണ്ട്.
വിഷു കൈനീട്ടം നല്കി പുടവ നല്കി സുരേഷ് ഗോപി വീട്ടില്‍ എത്തി ആദരിച്ചിരുന്നു. ഗോപി ആശാന്റെ പേരില്‍ പുറത്തിറക്കിയ ഡോക്യൂമെന്ററി ഉത്ഘാടനം ചെയ്തതും സുരേഷ്ഗോപി ആയിരുന്നു.കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് അതുല്യ പ്രതിഭകള്‍ക്ക് കണ്ടു മുട്ടണം എങ്കില്‍ അതിന് ആരുടെയും ഔദാര്യമോ അനുവാദമോ ആവശ്യം ഇല്ല..
സുരേഷ് ഗോപി തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി ആയതിനാല്‍ ഗോപി ആശാന്റെ വീട്ടില്‍ പോകണമെന്ന് കരുതിയാല്‍ തെറ്റൊന്നുമില്ല.സമൂഹത്തില്‍ ശ്രദ്ധേയരായ, അനുഗ്രഹീതരായി അറിയപ്പെടുന്ന വ്യക്തികളെ സ്ഥാനാര്‍ഥികള്‍ നേരില്‍ ചെന്നു കാണുന്നത് തെരഞ്ഞെടുപ്പ് സമയത്ത് സാര്‍വത്രിക കാഴ്ചയാണ്.
സുരേഷ് ഗോപി തന്റെ കോലായില്‍ കയറരുതെന്ന് ഗോപി ആശാന് പറഞ്ഞു എന്നാണ് ഇടത് സൈബര്‍ ഇടങ്ങളിലെല്ലാം ആവേശത്തോടെ പറയുന്നത്. ആശാന്റെ മകനും സിപിഎം പ്രാദേശിക നേതാവുമായ രഘു ഇടുകയും പിന്‍വലിക്കുകയും ചെയ്ത ഫേസ് ബുക്കില്‍ ചാരിയാണ് ‘സുരേഷ് ഗോപി വധം’ ആട്ടക്കഥ സൈബര്‍ സഖാക്കള്‍ ആടുന്നത്. അച്ഛന്റെ അനുഗ്രഹം വാങ്ങാന്‍ നാളെ സുരേഷ് ഗോപി വീട്ടില്‍ വരും എന്ന് രഘുവിനെ വിളിച്ചു ഏതോ ഡോക്ടര്‍ പറഞ്ഞു. വരണ്ടാ എന്ന് മറുപടി പറഞ്ഞപ്പോള്‍ ആശാന് പത്മഭൂഷന്‍ കിട്ടേണ്ടേന്ന് ഡോക്ടര്‍ ചോദിച്ചുപോലും. നെഞ്ചില്‍ അഴിനിറങ്ങിയ രാഷ്ട്രീയം ഉള്ള രഘു , ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി വീട്ടില്‍ ആരും കേറേണ്ട എന്നും അറിയിച്ചു. ” ആ ഗോപി അല്ല ഈ ഗോപി ” എന്ന ഒരു പ്രഖ്യാപനവും. ആശാന്റ പേരില്‍ മകനാണ് സംസാരിച്ചതും പറഞ്ഞതും എഴുതിയതും എല്ലാം. ഗോപി ആശാന് മകന്റെ പോക്കൂത്തൊക്കെ അറിയുന്നുണ്ടോ ആവോ.
തനിക്ക് വേണ്ടി ആരെയെങ്കിലും വിളിക്കാന്‍ താന്‍ ആരെയും ഏര്‍പ്പാടാക്കിയിട്ടില്ല എന്ന് സുരേഷ് ഗോപിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വിളിച്ച ആളിന്റെ പേരുപോലും പറയാതെ സുരേഷ് ഗോപിയെ അധിക്ഷേപിക്കാന്‍ ഗോപിയാശാന്റെ മകന് കാണിച്ച അമിതാവേശം സംശയാസ്പദമാണ്. സുരേഷ് ഗോപിയ്ക്കുവേണ്ടി വിളിച്ചെങ്കില്പോലും അനുഗ്രഹം തേടുന്നവനെ ആട്ടുന്നതിന് അഭിമാനിക്കുന്ന നിലവാരം അപകടമാണ്. കലാമണ്ഡലത്തില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യക്ക് സ്ഥിര നിയമനം കിട്ടാന്‍ ‘മൂത്ത സഖാക്കളെ’ സുഖിപ്പിക്കാന്‍ അവസരം ഉണ്ടാക്കിയതാണ് എന്ന നാട്ടു സംസാരം ശരിയാകാനാണ് സാധ്യത.
ഏതായാലും രഘു എഴുതി കൈ എടുക്കും മുന്‍പ് സൈബര്‍ സഖാക്കള്‍ ” ആ ഗോപി അല്ല ഈ ഗോപി ” ഏറ്റെടുത്തു. നവമാധ്യമങ്ങളിലെല്ലാം ഹാഷ് ടാഗായി ആഘോഷിച്ചു. ഗോപിയാശാന് കലാകേരളത്തിനൊപ്പം രാഷ്ട്രീയ കേരളത്തിന്റെയും അഭിമാനമാണെന്ന് കണ്ടെത്തി. കുറ്റബോധം കൊണ്ടാണോ ലക്ഷ്യപൂര്ത്തികൊണ്ടോ എന്നറിയില്ല രഘു ഇട്ട പോസ്റ്റ് മുക്കി മുങ്ങിയിരിക്കുകയാണ്.
രാജ്യം പത്മശ്രീ നല്കി ആദരിച്ച കലാമണ്ഡലം ഗോപിയാശാനേ സ്നേഹിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കിയായിരുന്നില്ല. കഥകളിയുടെ സമര്പ്പണഭാവത്തെ ഉള്‍ക്കൊണ്ട വ്യക്തിത്വത്തെയും നിറ വേഷങ്ങളിലെ ഭാവപ്പകര്ച്ചയെയുമാണ് ആദരിക്കുന്നത് .
കര്‍ണ്ണനായാലും ശ്രീകൃഷ്ണനായാലും നളനായാലും അര്‍ജ്ജുനനായാലും മറ്റേത് ചമയങ്ങളായാലും കലാമണ്ഡലം ഗോപി വളര്‍ന്നതും ജീവിക്കുന്നതും അറിഞ്ഞതും ആദരിക്കപ്പെടുന്നതും ക്ഷേത്രമണ്ണിലാണെന്ന് മറക്കരുത് .ഭാരതീയ പാരമ്പര്യ കലകളെപ്പോലും നശിപ്പിക്കാന്‍ വെമ്പുന്ന വൈദേശിക പ്രത്യയശാസ്ത്രത്തിന്റെ മൂടുതാങ്ങുന്ന മകന് പിതാവിന്റെ മഹത്വം തിരിച്ചറിയാതെ ആ വ്യക്തിത്വത്തെ വില്പന ചരക്കാക്കി. ഗോപിയാശാന് ആര്‍ജിച്ച യശസും ജനമനസുകളില്‍ നിറച്ച സ്നേഹ ബഹുമാനങ്ങളും ഉന്നത ശീര്ഷനായ കലാകാരന് എന്ന പ്രശസ്തിയും സ്വന്തം മകന് നശിപ്പിച്ചു.’ രാഷ്ട്രീയം നെഞ്ചില്‍ ആഴ്ന്നിറങ്ങി ‘ എന്നു സ്വയം വിശ്വസിക്കുന്ന ശരാശരി ‘കമ്മി’യായ മകന് ആശാന്റെ നെഞ്ചില്‍ ആണ് രാഷ്ട്രീയം ആഴ്ത്തിയിറക്കിയത്. കുടുംബം വെറുപ്പിന്റേ രാഷ്ട്രിയം ചുമക്കുന്ന വെറും കത്തിവേഷങ്ങളാണെന്നും ലോകത്തിനോട് മകന് പറഞ്ഞ് കൊടുക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: