ന്യൂദല്‍ഹി: എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റിനു നേരെ തോക്കുചൂണ്ടി മാലപൊട്ടിക്കാല് സംഘം. പിന്നെ നടന്നത് സിനിമ രംഗങ്ങളിലേതു പോലെ മാസ് ആക്ഷന്‍ നിമിഷം. ചാണക്യപുരിയിലെ നെഹ്റു പാര്‍ക്കിലായിരുന്നു സംഭവം. വൈകിട്ട് ജോഗിങ്ങിന് പാര്‍ക്കിലെത്തിയ ഒരാളെ കവര്‍ച്ച സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ട്രാക്ക് സ്യൂട്ടിലെത്തിയ വ്യക്തിയോട് മാല തന്നില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
ഇതോടെ അയാള്‍ മാല ഊരി ഇരുവര്‍ക്കും നല്കി. പിന്നാലെ മാലയുമായി രക്ഷപ്പെടാന്‍ കള്ളന്മാര് ശ്രമിച്ചു. എന്നാല്‍ കവര്‍ച്ചക്കാര്‍ നേരിട്ടത് ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിലെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് വിനോദ് ബഡോലയെയാണ് എന്ന് അറിഞ്ഞിരുന്നില്ല. നിരവധി ഗുണ്ടകളെയും സംഘതലവന്മാരെയും എന്‍കൗണ്ടര്‍ ചെയ്ത് കേന്ദ്രമന്ത്രിമാരില്‍ നിന്നടക്കം അനവധി പുരസ്കാരങ്ങളും മെഡലുകളും ലഭിച്ച വ്യക്തിയാണ് അദേഹം. രക്ഷമെടാന് ശ്രമിക്കുന്നതിനിടെ വിനോദ് ഇവരെ പിന്തുടര്ന്ന് പിടികൂടി.
ശാരീരികവും ആയോധന കലകളും അറിഞ്ഞിരുന്ന അദേഹം ഇരുവരെയും കായികമായി നേരിട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാളെ മര്‍ദിച്ച് നിലത്തിട്ടു. ഇതുകണ്ടതോടെ രണ്ടാമന് ജീവനും കൊണ്ടു ഓടുകയായിരുന്നു. ഇതിനിടെ വിനോദ് പോലീസുകാരെ വിവരം അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചവനെയും പോലീസ് സംഘം ആള്‍ക്കൂട്ടത്തിനിടെയില്‍ നിന്ന് പൊക്കി. സരോജിനി നഗര്‍ സ്വദേശികളായ ഗൗരവും പവന് ദേവുമാണ് മോഷ്ടാക്കളെന്ന് ഡിസിപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: