കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ പറ്റിക്കുകയാണെന്ന് കേരകര്‍ഷകര്‍. കേന്ദ്രം താങ്ങുവില നിശ്ചയിച്ചു കൊപ്ര സംഭരിക്കാന്‍ തയാറായെങ്കിലും കേരളം നടപടിയെടുക്കുന്നില്ല. കിട്ടിയ വിലയ്ക്കു പൊതുവിപണിയില്‍ തേങ്ങ വിറ്റതോടെ മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ക്കുണ്ടായത് വലിയ നഷ്ടമാണ്. – കേര കേസരി പുരസ്ക്കാര ജേതാവ് സച്ചിദാനന്ദ ഗോപാലകൃഷ്ണന് ഒരു മാദ്ധ്യമത്തോടു പറഞ്ഞു.
കേരളമെന്നാണ് പേരെങ്കിലും സംസ്ഥാനത്തെ കേരകര്‍ഷകര്‍ക്കു കരയാനാണ് വിധി. സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയാണു കാരണം.
കേന്ദ്ര നിര്‍ദേശപ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടു ഒരു ലക്ഷം ടണ്‍ കൊപ്ര സംഭരിച്ചു ലക്ഷ്യം കൈവരിച്ചിരുന്നെങ്കില്‍ 220 കോടി രൂപയുടെ സഹായം കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിക്കുമായിരുന്നു. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്കു നോക്കിയാല്‍ നമുക്കു ലജ്ജ തോന്നും. അവര്‍ സമയബന്ധിതമായി നടപടികളെടുക്കുന്നുണ്ടെന്നും സച്ചിദാനന്ദ പറയുന്നു.
5.0,000 ടണ്‍ കൊപ്ര സംഭരിക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടും വെറും 1200 ടണ്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം കേരളത്തില്‍ സംഭരിച്ചതെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് ചെയര്മാന് അലക്സ് ഒഴുകയില്‍ പറഞ്ഞു. 50,000 ടണ്‍ സംഭരിച്ചിരുന്നെങ്കില്‍ വര്‍ഷം മുഴുവന്‍ തേങ്ങയ്ക്കു കിലോയ്ക്ക് 34 രൂപ ലഭിക്കുന്ന സാഹചര്യമുണ്ടായേനെ. പക്ഷേ, സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് 20 രൂപയ്ക്കു വരെ തേങ്ങ വില്‍ക്കേണ്ട ഗതികേടുണ്ടായി.
ഒരു കിലോ നാളികേരത്തിന്റെ ഉല്പാദനച്ചെലവ് 50 രൂപയോളം എത്തിനില്ക്കുമ്പോള് കര്‍ഷകര്‍ക്കു കിട്ടുന്നത് 28 രൂപ മാത്രം. സര്‍ക്കാരിന്റെ സം ഭരണവിലയായ 34 രൂപയില്‍ 29.60 രൂപ കേന്ദ്രവും 4.40 രൂപ സംസ്ഥാനവുമാണു നല്‍കുന്നത്. സംസ്ഥാന രാഷ്ട്രീയ നേതൃത്വം കേരകര്‍ഷകരെ വഞ്ചിക്കുന്ന നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: