അങ്ങനെ 1977 ലെ തെരഞ്ഞെടുപ്പ് നടന്നു. നേരത്തെ പറഞ്ഞതുപോലെ ചരിത്രപരമായിരുന്നു അത്. ജനാധപിത്യ സംവിധാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്, അതേ നടപടിക്രമങ്ങള്‍ പാലിച്ച് ജനാധിപത്യം സ്ഥാപിക്കാന്‍ നടത്തിയ തെരഞ്ഞെടുപ്പായിരുന്നു. പലരും ധരിച്ചിരിക്കുന്നത് അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്നാണ് അതിനെ. പക്ഷേ ആ തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്നാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചത്. അതായത് ജനാധിപത്യം തകര്‍ത്ത് അധികാരത്തിലിരുന്ന ഒരു വിഭാഗത്തെ ജനാധിപത്യ രീതിയില്‍ വോട്ട് ചെയ്ത് പുറത്താക്കി ജനാധിപത്യം പുനഃസ്ഥാപിച്ച തെരഞ്ഞെടുപ്പ്.
ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയികളായി മാറിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും നേതാക്കളെയും നായകരായി വാഴ്ത്തുമ്പോള്‍ ജനാധിപത്യം സ്ഥാപിക്കാന്‍ ജനാധിപത്യമില്ലാത്ത കാലത്ത് ജനാധിപത്യ രീതിയില്‍ ബാലറ്റിലൂടെ അധികാരത്തിലെത്തിയതിന്റെ വീരചരിതം ആര്‍ക്കും ഗാഥയല്ല. വില്ലന്മാരാണ് വ്യാജചരിത്രമെഴുതുന്നതെങ്കില്‍ അങ്ങനെയേ സംഭവിക്കൂ. എന്തുകൊണ്ട് അത് ഒരു ‘പാണ’ന്മാരും പാടിനടക്കുന്നില്ല എന്നു ചോദിച്ചാല്‍ മറുപടി, ആ ചരിത്രം പറഞ്ഞാല്‍ വിജയിച്ച ജനതാപാര്‍ട്ടിയെക്കുറിച്ച് പറയണം. ജനതാപാര്‍ട്ടി പല പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടായതാണല്ലോ. അതിലെ പ്രമുഖ പാര്‍ട്ടിയായിരുന്ന ജനസംഘത്തിന് വേണം ആ നേട്ടത്തിന്റെ മുഖ്യപങ്ക് കൊടുക്കാന്‍. ആ ജനസംഘമാണല്ലോ പില്ക്കാലത്ത് ബിജെപിയായത്.
ജനസംഘവും ബിജെപിയും ആര്‍എസ്എസ് ആദര്‍ശമായ ഭാരതം മുഖ്യം എന്ന ചിന്ത പ്രോത്സാഹിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണല്ലോ. ആര്‍എസ്എസുമായുള്ള ജനസംഘത്തിന്റെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ബന്ധമാണല്ലോ ജനതാപാര്‍ട്ടിയുടെ സര്‍ക്കാര്‍ തകരാന്‍ കാരണമായ ഒരു വിഷയം – ദ്വയാംഗത്വ പ്രശ്നം. അതേക്കുറിച്ച് വിശദമായി പറയേണ്ടിവരും. അതിനു മുമ്പ്, ജനതാപാര്‍ട്ടിയുടെ സര്‍ക്കാര്‍ തകരാനിടയായ മറ്റു ചില വിഷയങ്ങള്‍ പറയാം. അതാണ് മുന്നണി രാഷ്ട്രീയത്തിന്റെ കാര്യത്തിലെ അന്നത്തേയും ഇന്നത്തേയും എന്നത്തേയും പ്രശ്നം. അധികാരത്തലപ്പത്ത് എത്താനുള്ള മത്സരം. അതല്ലാതെ പൊതുലക്ഷ്യം മുന്നണിക്കില്ലാതെ വന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കും. അധികാരത്തില്‍ കയറിക്കൂടാന്‍ മറ്റെല്ലാം മറന്ന്, ധാര്‍മ്മികതയും പൊതുലക്ഷ്യവും ജനാഭിലാഷവും മറന്ന് പ്രവര്‍ത്തിച്ചാല്‍ ആര്‍ക്കും സംഭവിക്കുന്നതേ ജനതാ ഗവണ്മെന്റിനും സംഭവിച്ചുള്ളൂ.
പലരും ചോദിക്കുന്നുണ്ട് ജനതാപാര്‍ട്ടി ഉണ്ടായത് മുന്നണിയായല്ലല്ലോ, പല പാര്‍ട്ടികള്‍ ലയിച്ചല്ലേ എന്ന്. വാസ്തവത്തില്‍ അങ്ങനെയാണ്. മുന്നണിയെന്ന സങ്കല്‍പ്പത്തിലാണ് തുടങ്ങിയത്; ഒടുങ്ങിയതും മുന്നണിയുടെ സങ്കല്‍പ്പത്തില്‍ ചിന്തിച്ചു തന്നെ, ഇതിന്റെ തുടക്കകാലത്തും ജനതാപാര്‍ട്ടി മുന്നണിയായി പ്രവര്‍ത്തിച്ചു. ഒരു തെരഞ്ഞെടുപ്പു ചിഹ്നം, ഒരേ പതാക, ലയനം തുടങ്ങിയ നിര്‍ബന്ധങ്ങള്‍ ജയപ്രകാശ് നാരായണ്‍ അവതരിപ്പിച്ചതായിരുന്നുവെന്ന് മുമ്പ് പറഞ്ഞു. ഭാവിയില്‍ ഉണ്ടാകാനിടയുള്ള തമ്മില്‍ത്തര്‍ക്കങ്ങള്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം തര്‍ക്കമുണ്ടാക്കാന്‍ ഇന്ദിരാഗാന്ധി അതിസമര്‍ത്ഥയും അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്കാരവുമാണെന്നുമുള്ള ബോധ്യവുമായിരുന്നു, ജെപിയെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. പക്ഷേ ഭയന്നതൊക്കെത്തന്നെ സംഭവിച്ചു. തുടക്കത്തില്‍ത്തന്നെ കല്ലുകടിപോലെ ലോക്ജനതാദളിലെ തലവന്‍ ചരണ്‍സിങ് അത് പ്രകടിപ്പിച്ചു. സോഷ്യലിസ്റ്റ് നേതാവ് മധുലിമായെ ഒടുക്കം അത് അവതരിപ്പിച്ചു. ഒരു വലിയ വിഭാഗം ജനത അര്‍പ്പിച്ച വിശ്വാസം പാര്‍ട്ടി നേതാക്കള്‍ തകര്‍ത്തുകളഞ്ഞു.
ജനതാപാര്‍ട്ടി രൂപപ്പെട്ടുവരുമ്പോള്‍ ജെപി മുംബൈയില്‍ ആശുപത്രിയിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ പോരാട്ടവും ജയില്‍വാസവും ഒക്കെച്ചേര്‍ത്ത് തകര്‍ത്തു കളഞ്ഞിരുന്നു ആരോഗ്യം. രണ്ട് വൃക്കകളും കേടായി. ഡയാലിസിസ് ഇന്ന് വളരെ സാധാരണമായി എങ്കിലും അക്കാലത്ത് അതൊന്നും എളുപ്പമുള്ള ചികിത്സാ മാര്‍ഗങ്ങളല്ലായിരുന്നു. ആശുപത്രിക്കിടക്കയില്‍ അദ്ദേഹം ജനതാപാര്‍ട്ടിക്ക് രൂപംകൊടുത്തു. നടപടികള്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് നടന്നു. സീറ്റ് വിഭജനത്തിലും ‘ഒറ്റപ്പാര്‍ട്ടി’യായ പുതിയ ജനതാപാര്‍ട്ടിയില്‍ മുന്നണി ഘടകകക്ഷികള്‍ എന്ന പരിഗണന വന്നു. അങ്ങനെ വീതം വച്ചപ്പോള്‍ കൂടുതല്‍ സീറ്റ് മത്സരിക്കാന്‍ കിട്ടിയത് ജനസംഘത്തിനായിരുന്നു. ജനസംഘം മത്സരിച്ച് നേടിയത് 93 സീറ്റുകളാണ്. ചരണ്‍സിങ്ങിന്റെ ലോക്ദള്‍ 71 സീറ്റും മൊറാര്‍ജിയുടെ കോണ്‍ഗ്രസ് (ഒ)എന്ന സംഘടനാ കോണ്‍ഗ്രസ് 44സീറ്റും കോണ്‍ഗ്രസ് വിട്ടുവന്നവരുടെ സിഎഫ്ഡി (കോണ്‍ഗ്രസ് ഫോര്‍ ഡെമോക്രസി) ജഗ്ജീവന് റാമിന്റെ നേതൃത്വത്തിലും രാജ്നാരായണന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും 28 സീറ്റും നേടി.
ആരാകണം പ്രധാനമന്ത്രി എന്ന ചര്‍ച്ചയ്ക്ക് തുടക്കമായി. പലതലത്തില്‍ കൂടിയാലോചനകള്‍ നടന്നു. അതിനകം ജെപി മുംബൈ ആശുപത്രിയില്‍ നിന്ന് ദല്‍ഹിയിലെത്തി, 1977 നവംബറിലായിരുന്നു അത്. കാര്യങ്ങളുടെ ഗൗരവം മനസിലാക്കി ജെപിയുടെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളുമുണ്ടായി. അദ്ദേഹം ജനതാപാര്‍ട്ടിയുടെ മുഴുവന്‍ എംപിമാരെയും യമുനാ നദിയുടെ തീരത്ത്, ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥാനമായ രാജ്ഘട്ടില്‍ വരുത്തി. വീല്‍ചെയറില്‍ എത്തിയ ജെപി, അംഗങ്ങളോട് സംസാരിച്ചു. അവരെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു.
രാജ്യതാല്‍പ്പര്യമാണ് വലുത്, മറ്റെല്ലാം മാറ്റിവച്ച് ജനാഭിലാഷത്തിന് പ്രവര്‍ത്തിക്കും. അടിയന്തരാവസ്ഥ, ജനാധിപത്യ ധ്വംസനം, അധികാര രാഷ്ട്രീയത്തിന്റെ അപകടം. സ്വേച്ഛാചിന്തയുടെ അധാര്‍മ്മികത, രാഷ്ട്രീയ അപകട സാധ്യതകള്‍ എല്ലാം വിശദീകരിച്ചു. പുത്തരിയിലെ കല്ലുകടിയെന്നു പറയാം. ചരണ്‍സിങ് ആ മുഹുര്ത്തത്തില് പങ്കെടുത്തില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: