ഭോപ്പാൽ: സോണിയ ഗാന്ധിയെപ്പോലുള്ള നേതാക്കൾ പോലും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം കുറുക്കുവഴിയിൽ പാർലമെൻ്റിൽ എത്തുന്നതിനെ പരിഹസിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പാർലമെൻ്റിലെത്താൻ “പിൻവാതിൽ” രാജ്യസഭാ വഴി സ്വീകരിക്കുന്ന തരത്തിൽ മോശമായ അവസ്ഥയിലാണ് കോൺഗ്രസ് എന്ന് ശിവരാജ് സിംഗ് ചൗഹാൻ ഞായറാഴ്ച പറഞ്ഞത്.
രാഹുൽ ഗാന്ധിയുടെ തീരുമാനങ്ങൾ എപ്പോഴും ആശയക്കുഴപ്പം നിറഞ്ഞതാണെന്ന് ചൗഹാൻ കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിക്ക് സ്ഥാനാർത്ഥികളെ ലഭിക്കുന്നില്ലെന്നും ബിജെപി റെക്കോർഡ് ജനവിധിയോടെ വിജയിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് തറപ്പിച്ച് പറഞ്ഞു.
എപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത ക്യാപ്റ്റനാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ അദ്ദേഹം യാത്രകൾ നടത്തുന്നു. എന്നാൽ യാത്രകൾ ആവശ്യമുള്ളപ്പോൾ രാഹുൽ വിദേശത്തേക്ക് പോകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂടാതെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അദ്ദേഹം ഇവിഎമ്മുകളെ കുറിച്ച് ആക്രോശിക്കുമെന്നും വിദിഷയിൽ നിന്ന് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചൗഹാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: