വെഞ്ഞാറമൂട്: പിണറായി വിജയന് സര്‍ക്കാരിന്റെ അഴിമതിയും അക്രമവും സ്വജനപക്ഷപാതവും മടുത്ത കേരളജനത എന്‍ഡിഎയ്ക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യമെന്ന് ആറ്റിങ്ങല്‍ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
മാസപ്പടി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് പൗരത്വ ഭേദഗതി വിവാദമാക്കുന്നതിലൂടെ നടക്കുന്നത്. മതസ്പര്‍ദ്ധ ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം. 1600 രൂപ പെന്ഷന് കൊടുക്കാന്‍ പോലും കഴിയാതെ നട്ടംതിരിയുന്ന അവസ്ഥയിലാണ് ലക്ഷക്കണക്കിന് രൂപ അഭിഭാഷകര്‍ക്ക് നല്‍കിയുള്ള നിയമ യുദ്ധമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നികുതിപ്പണം ഇടതു മുന്നണിയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയും.
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ നയങ്ങള്‍ തിരിച്ചറിയുന്നതുകൊണ്ടാണ് പ്രാദേശിക നേതാക്കള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബംഗാളിന്റെയും ത്രിപുരയുടെയും പാതയിലേക്ക് കേരളവും നീങ്ങുന്നു എന്ന സൂചനയാണിത്. രാജ്യത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ വരുമെന്ന് ഉറപ്പായ സാഹചര്യമാണ്. ആ സാഹചര്യം കേരളത്തില്‍ സിപിഎമ്മിലും കോണ്‍ഗ്രസിലും വലിയ പരിഭ്രാന്തി ഉണ്ടാക്കിയിരിക്കുകയാണ് എന്നും വി.മുരളീധരന് പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് കോണ്‍ഗ്രസ് കാണിച്ച വലിയ അഴിമതി ആണെന്നാണ് ഇടതുപക്ഷവും ചില മാധ്യമപ്രവര്‍ത്തകരും പറയുന്നത്.
20,000 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കിട്ടിയിട്ടുള്ളത്. ബിജെപിക്ക് കിട്ടിയത് 6000 കോടിയാണ്. പ്രതിപക്ഷത്തിന് കിട്ടിയത് 14000 കോടിയും. എന്ത് ആനുകൂല്യം കിട്ടിയതിന്റെ പേരിലാണ് ഈ പതിനാലായിരം കോടി രൂപ കോര്‍പ്പറേറ്റുകള്‍ പ്രതിപക്ഷത്തിന് സംഭാവന നല്‍കിയത് എന്നതാണ് ചോദ്യമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്, സംസ്ഥാന സമിതി അംഗം പൂവത്തൂര്‍ ജയന്, ജില്ലാ സെക്രട്ടറി മുളയറ രതീഷ്, വൈസ് പ്രസിഡന്റ് ഇലകമണ്‍ സതീശന്, വാമനപുരം മണ്ഡലം പ്രസിഡന്റ് ആര്.വി.നിഖില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് വാമനപുരം മണ്ഡലം കമ്മിറ്റി മുന്‍ അംഗം പി.രഘുനാഥന് നായര്‍, സിപിഐ വാമനപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി.പ്രമദചന്ദ്രന്‍, സിപിഎം വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി മുന്‍ മെമ്പര്‍ ബി.ശോഭന, ആര്‍എംപി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എ.പ്രദീപ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരെ കേന്ദ്രമന്ത്രി വി.മുരളീധരന് ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: