കോട്ടയം: ഫോണിലും വാട്സാപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും പൊതുജനങ്ങള്‍ക്ക് കേന്ദ്ര ടെലികോം വകുപ്പിനെ അറിയിക്കാം. ഇതിനായി ‘ചക്ഷു’ എന്ന പ്ലാറ്റ്‌ഫോം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട് . നിയമലംഘനത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവ ബ്ലോക്ക്് ചെയ്യുന്ന മൊബൈല്‍ നമ്പറുകള്‍ വിച്‌ഛേദിക്കാനും ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം (ഡി.ഐ.പി) നിലവിലുണ്ട്. വിവിധ പരാതികളെത്തുടര്‍ന്ന് കേന്ദ്ര ടെലികോം വകുപ്പ് 59 ലക്ഷം തട്ടിപ്പ് സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കൂടുതല്‍ സിം സൂക്ഷിച്ചതിന്റെ പേരിലാണ് ഇതില്‍ 17 ലക്ഷം സിം റദ്ദാക്കിയത്. പൊലീസിന്‌റെയും മറ്റും ആവശ്യപ്രകാരം 4 ലക്ഷം റദ്ദാക്കി. ഉപയോക്താക്കളുടെ പരാതിയില്‍ 23 ലക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കി. 1.5 ലക്ഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളും ബ്ലോക്ക് ചെയ്തു. മൊബൈല്‍ ഹാന്‍ഡ്സെറ്റുകളുടെ ഐ.എം.ഇ.ഐ നമ്പര്‍ ബ്ലോക്ക്് ചെയ്യാനുള്ള സൗകര്യം സഞ്ചാര്‍സാഥി പോര്‍ട്ടിലുണ്ട്.
സൈബര്‍ നിയമലംഘനത്തിന്റെ പേരില്‍ ചില പ്ലാറ്റ്‌ഫോമുകള്‍ ബ്ലോക്ക് ചെയ്യുന്ന നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ വെട്ടിപ്പ് തുടരാറുണ്ട് . ഡി.ഐ.പി ആരംഭിച്ചതോടെ ഇത് ഇനി നടപ്പില്ല. ഡി.ഐ.പി ബ്ലോക്ക് ചെയ്താല്‍ ആ നമ്പര്‍ മറ്റ് കാര്യങ്ങള്‍ക്കും ഉപയോഗിക്കാനാവില്ല. തട്ടിപ്പില്‍ ഉള്‍പ്പെട്ട നമ്പറുകള്‍ ബാങ്കുകള്‍ക്കും സമൂഹമാധ്യമങ്ങള്‍, വാലറ്റ് കമ്പനികള്‍, പൊലീസ് എന്നിവയ്‌ക്കും പരിശോധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: