ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയ സുപ്രീം കോടതി നടപടി രാഷ്ട്രീയത്തില്‍ വീണ്ടും കള്ളപ്പണമൊഴുകാന്‍ ഇടയാക്കുമെന്നതില്‍ ആശങ്കയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭാരതത്തിലെ രാഷ്ട്രീയ സംവിധാനങ്ങളില്‍ നിന്ന് കള്ളപ്പണം തുടച്ചുനീക്കാനാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്നത്. കോടതി നടപടിയെപ്പറ്റി പ്രതികരിക്കാനില്ല. എന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍, അവയെന്തിനാണ് കൊണ്ടുന്നത്, തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിശദമായ ചര്‍ച്ചകള്‍ക്കു സന്നദ്ധമാണ്, ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ അദ്ദേഹം പറഞ്ഞു. ബോണ്ടുകളുടെ പേരില്‍ ബിജെപിയെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെ അദ്ദേഹം കടന്നാക്രമിച്ചു.
പദ്ധതി തുടങ്ങും മുമ്പു പാര്‍ട്ടികള്‍ക്കു പണമായിട്ടാണ് സംഭാവനകള്‍ ലഭിച്ചിരുന്നത്. പദ്ധതി തുടങ്ങിയ ശേഷം സ്ഥാപനങ്ങളും വ്യക്തികളും ആര്‍ബിഐയില്‍ ചെക്ക് വഴിയാണ് സംഭാവന നല്കി വന്നിരുന്നത്. ഇതോടെ സംഭാവന സുതാര്യവും കണക്കുള്ളതുമായി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരമുള്ളതിനാല്‍ ബിജെപിക്കാണ് ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചതെന്നാണ് ധാരണ. അതിനാലാണ് ഇതു ലോകത്തെ ഏറ്റവും വലിയ പണംതട്ടല്‍ റാക്കറ്റാണെന്ന് രാഹുല്‍ പറയുന്നത്. രാഹുലിനു വേണ്ടി ഇതാരാണ് എഴുതുന്നതെന്ന് അറിയില്ല. ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ് ബിജെപിക്കു പണം ലഭിച്ചത്. അതിന്റെ പേരിലാണ് പ്രതിപക്ഷം ബിജെപിയെ വിമര്‍ശിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു ലഭിച്ച പണവും ലോക്സഭയിലെ സീറ്റുകളുടെ എണ്ണവും തമ്മില്‍ പൊരുത്തമില്ല. തൃണമൂല്‍ കോണ്‍ഗ്രസിന് 1600 കോടിയാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 1400 കോടി കിട്ടി. ബിആര്‍എസിന് 1200 കോടിയും ബിജെഡിക്ക് 775 കോടിയും ഡിഎംകെയ്ക്ക് 649 കോടിയും ലഭിച്ചു.
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപിക്കു ലഭിച്ചത് 6000 കോടി രൂപയാണ്. എന്നാല്‍ എല്ലാ പാര്‍ട്ടികള്‍ക്കുമായി ബോണ്ടുകള്‍ വഴി ലഭിച്ചത് 20,000 കോടി. ബാക്കി 14,000 കോടി രൂപ എവിടെപ്പോയി, അദ്ദേഹം ചോദിച്ചു. ഇലക്ടറല്‍ ബോണ്ടുകള്‍ വന്ന ശേഷം സംഭാവന സംബന്ധിച്ച് രഹസ്യമൊന്നുമില്ല. ഈ തുക പാര്‍ട്ടിയുടെയും സംഭാവന നല്കുന്നവരുടെയും അക്കൗണ്ടുകളില്‍ വ്യക്തമാണ്. സംഭാവന പണമായി ലഭിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കായി 100 രൂപ ലഭിക്കും, 1000 രൂപ അവരവരുടെ വീടുകളിലും കൊണ്ടുപോകും. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഇതാണ് ചെയ്തത്, അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: