കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചെന്നും ഘടകക്ഷികളുടെ റാന്മൂളികളായി നേതൃത്വം മാറിയെന്നും പദ്മജ വേണുഗോപാല്‍. എന്‍ഡിഎ കണ്ണൂര്‍ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പദ്മജ. കരുണാകരന്റെ കാലത്ത് കോണ്‍ഗ്രസ് പറയുന്നതിനപ്പുറം യുഡിഎഫില്‍ ഒന്നുമുണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. നിലവിലെ നേതൃത്വത്തിന് കോണ്‍ഗ്രസ്സിനെ രക്ഷിക്കാനാവില്ല. എഐസിസി ആസ്ഥാനം അടച്ചുപൂട്ടേണ്ട കാലമായി.
മോദിയുടെ വികസന പ്രവര്‍ത്തനങ്ങളും ബിജെപി സ്ത്രീകളോട് കാണിക്കുന്ന ബഹുമാനവും കണ്ടാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. സ്ത്രീകള്‍ പിന്നില്‍ നിന്നാല്‍ മതിയെന്ന് പറയുന്ന ഒരു പാര്‍ട്ടിയില്‍ നിന്ന് വിട്ടുവരുമ്പോഴുള്ള ആശ്വാസം വളരെ വലുതാണ്. കോണ്‍ഗ്രസ് വിട്ടതോടെ മനസ്സമാധാനം തിരിച്ചുകിട്ടി.
ദല്‍ഹിയില്‍ സ്വന്തമായി ഒരു ഓഫീസ് പണിയാന്‍ പോലും ഇതുവരെ കോണ്‍ഗ്രസിനായില്ല. എഐസിസി ആസ്ഥാനത്ത് പോയാല്‍ ഒരു നേതാവിനെ പോലും കാണാനാവില്ല. സോണിയ ആരോഗ്യ പ്രശ്നം പറഞ്ഞ് അങ്ങോട്ട് വരാറില്ല. രാഹുലിനെയാണെങ്കില്‍ ആ ഭാഗത്ത് കാണാനേ സാധിക്കില്ല. ഒരു കാര്യം പറയാനും കേള്‍ക്കാനുമുള്ള സാഹചര്യമില്ല. ആരെങ്കിലും സങ്കടവുമായിച്ചെന്നാല് അവര്‍ക്ക് പുച്ഛമാണ്. തൃശ്ശൂരില്‍ തന്നെ തോല്പിച്ചത് ബിജെപിയും സിപിഎമ്മുമല്ല മറിച്ച് കോണ്‍ഗ്രസുകാര്‍ തന്നെയാണ്.
കെ. മുരളീധരനോട് സഹതാപം മാത്രമേയുള്ളു. ഈ തെരഞ്ഞെടുപ്പില്‍ തന്നെ മുരളീധരനെ കോണ്‍ഗ്രസുകാര്‍ കുളിപ്പിച്ച് കിടത്തും. എന്നെ തോല്പിക്കാന് ചുറ്റും കൂടിയവരാണ് മുരളീധരന്റെ കൂടെയുമുള്ളത്. കരുണാകരന്റെ മക്കളെ കോണ്‍ഗ്രസ്സിന് വേണ്ട. ആദ്യം എന്നെ പുറത്താക്കി. മുരളീധരന് നശിക്കുന്നത് കാണാന്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ട് അദ്ദേഹത്തിനായി ബിജെപിയില്‍ ഒരു പരവതാനി വിരിച്ചിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മുഖ്യമന്ത്രിമാരുടെ മക്കളാണ് ബിജെപിയില്‍ വന്നത്. ഇനിയും മുഖ്യമന്ത്രിമാരുടെ മക്കള്‍ വരും. അതാരാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും പദ്മജ പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ദേശീയ സമിതിയംഗങ്ങളായ പി.
കെ. വേലായുധന്, എ. ദാമോദരന്‍, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്. സുരേഷ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി സ്വാഗതവും ടി.സി. മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: