പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാവിലെ 8.20നും 9നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരാണ് കൊടിയേറ്റിയത്. മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി, മനു നമ്പൂതിരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
കൊടിയേറ്റിനോട് അനുബന്ധിച്ച് പുലര്‍ച്ചെ നാലിന് നട തുറന്നു. പതിവ് അഭിഷേകവും ഗണപതിഹോമവും നെയ്യഭിഷേകവും പൂജകളും കഴിഞ്ഞ് കിഴക്കേ മണ്ഡപത്തില്‍ കൊടിക്കൂറയും കയറും പൂജിച്ച് ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി പൂജ ചെയ്തു. കൊടിമരച്ചുവട്ടിലെ പൂജകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റ്. ഇതോടെ 10 ദിവസം നീളുന്ന ഉത്സവത്തിന് തുടക്കമായി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, ജി. സുന്ദരേശന്‍, ദേവസ്വം സെക്രട്ടറി ജി. ബൈജു, എക്സി. ഓഫീസര്‍ വി. കൃഷ്ണകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ.ജി. ബിജു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുനില്‍ അരുമാനൂര്‍, അസി. എക്സി. ഓഫീസര്‍ വിനോദ് തുടങ്ങിയവര്‍ സന്നിഹിതരായി. കൊടിയേറ്റിന് ശേഷം കൊടിമര ചുവട്ടില്‍ ദീപാരാധനയും പറയിടല്‍ ചടങ്ങും നടന്നു. ശബരിമല അയ്യപ്പസ്വാമിയുടെ തിടമ്പേറ്റുന്ന വെളിനെല്ലൂര്‍ മണികണ്ഠന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അയ്യപ്പ രൂപം ആലേഖനം ചെയ്ത ഗോളക സമ്മാനിച്ചു. 24ന് ആണ് പള്ളിവേട്ട. 25ന് ഉച്ചക്ക് പമ്പയില്‍ ആറാട്ട് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: