ന്യൂദല്‍ഹി: പാരിസ് ഒളിംപിക്‌സിന് പിന്നാലെ താന്‍ വിരമിക്കുമെന്ന പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഭാരത ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. തനിക്ക് ഇനിയും ടീമിന് വേണ്ടി കളിക്കാനുള്ള ശേഷിയുണ്ടെന്ന് താരം പ്രമുഖ ദേശീയ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഭാവിയില്‍ ദേശീയ ടീം പരിശീലകനാകാന്‍ ആഗ്രഹിക്കുന്നതായും ശ്രീജേഷ് അറിയിച്ചു.
പരിശീലകനാകുകയെന്നത് വെറുമൊരു മോഹമല്ല. ഭാവിയില്‍ ലക്ഷ്യമിടുന്ന പദ്ധതികളില്‍ ഒന്നാണ്. അതിനായി തയ്യാറെടുപ്പുകള്‍ ആവശ്യമാണ്, സ്വയം ഒരുങ്ങേണ്ടതുണ്ട്. 2036 ഓടുകൂടി പരിശീലകവേഷമണിയാനാണ് ലക്ഷ്യമിടുന്നത്. അപ്പോഴേക്കും ആ റോള്‍ കൈകാര്യം ചെയ്യാന്‍ പരിശീലകനെന്ന നിലയില്‍ താന്‍ പ്രാപ്തനാകുമെന്നാണ് കരുതുന്നത്. ഇത്രയും ദീര്‍ഘമായ സമയം അതിന് വേണ്ടി നീക്കിവച്ചെങ്കിലേ പദ്ധതി വിജയിക്കൂ.
നിലവില്‍ 36 വയസ് പ്രായമാണുള്ളത്. പക്ഷെ തന്റെ ഫിറ്റ്‌നസില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് പരിശോധനകളില്‍ തെളിയുന്നത്. പിന്നെന്തിന് ഉടനെ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം. എപ്പോഴെങ്കിലും വിരമിച്ചുകഴിഞ്ഞാല്‍ ടീമിനൊപ്പം കളിക്കാരനെന്ന നിലയിലല്ലാതെ മറ്റൊരു റോളില്‍ തിരികെയെത്തണം. ചിലപ്പോള്‍ പരിശീലകനായായിരിക്കും അതുമല്ലെങ്കില്‍ ഉപദേഷഷ്ടാവോ ഗോള്‍കീപ്പിങ് പരിശീലകനോ ആയിട്ടായിരിക്കും വരിക. അക്കാര്യം ഭാവിയില്‍ കരുതിവച്ചിരിക്കുന്ന പദ്ധതിയാണെന്നും ശ്രീജേഷ് ഒരുതവണ കൂടി ആവര്‍ത്തിച്ചു.
2016 റയോ ഡി ജനീറോ ഒളിംപിക്‌സില്‍ ഭാരതത്തിന്റെ നായകനായിരുന്ന ശ്രീജേഷ് കഴിഞ്ഞ തവണ ടോക്കിയോയില്‍ വെങ്കല മെഡല്‍ നേടിയപ്പോള്‍ ഗോള്‍വലകാത്തുകൊണ്ട് ഒളിംപിക്‌സിലുടനീളം നിര്‍ണായക പ്രകടനമാണ് കാഴ്‌ച്ചവച്ചത്. നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഭാരതം കഴിഞ്ഞ തവണ ഹോക്കിയിലൂടെ ഒളിംപിക്‌സ് മെഡല്‍ കണ്ടെത്തിയത്.
ഇത്തവണത്തെ ടീമിന്റെ സാധ്യതകളെ കുറിച്ചും ശ്രീജേഷ് പറഞ്ഞു. സാധ്യതയുണ്ട്, ടീം ശക്തമാണ്, പക്ഷെ അമിത പ്രതീക്ഷവച്ച് പുലര്‍ത്താതിരിക്കുന്നതാണ് നല്ലത്. ഹോക്കി ലോകറാങ്കിങ്ങില്‍ ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. റാങ്കിങ്ങില്‍ പല സ്ഥാനങ്ങളിലായാണെങ്കിലും ഈ ടീമുകളെല്ലാം തന്നെ ആര്‍ക്കും ആരെയും എപ്പോഴും തോല്‍പ്പിക്കാന്‍ ശേഷിയുള്ളവരാണെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. പാരിസിലേക്ക് പറക്കുമ്പോള്‍ ആത്മവിശ്വാസമുണ്ട് പക്ഷെ അമിത പ്രതീക്ഷയുടെ ആവശ്യമില്ലെന്നാണ് കരുതുന്നത്.
ഓസ്‌ട്രേലിയയില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഭാരത ടീമിന്റെ അടുത്ത വെല്ലുവിളി. ഒളിംപിക്‌സിന് മുമ്പ് ടീമിന് തയ്യാറെടുക്കാന്‍ പറ്റിയ അവസരമാണിത്. അത് കഴിഞ്ഞെത്തിയാല്‍ എഫ്‌ഐഎച്ച് പ്രോ ലീഗിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ നടക്കും. പ്രോ ലീഗ് ഏറെ ഗുണകരമായ ഒന്നാണ് വിവിധ ടീമുകള്‍ തമ്മില്‍ കളിച്ച് പരസ്പരം ശക്തിയും ദൗര്‍ബല്യവും അറിയാന്‍ സാധിക്കുന്നു. ഇത് വലിയ രീതിയില്‍ ഗുണം ചെയ്യുന്നുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.
ബെല്‍ജിയത്തിലെ ആന്റ്‌വേര്‍പ്പ് നഗരത്തിലാണ് പ്രോ ലീഗിലെ രണ്ടാം ഘട്ട മത്സരങ്ങള്‍. അവിടെ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ടീമുകളെല്ലാം ഉണ്ടാകും. ഒരിക്കല്‍ കൂടി തമ്മില്‍ പോരാടാന്‍ അവസരം ലഭിക്കും. ഒളിംപിക്‌സിന് തയ്യാറെടുക്കാന്‍ ഇതിലും വലിയ അവസരം കിട്ടാനില്ലെന്നും ശ്രീജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: