മുംബൈ: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഭാരതത്തെ വിമര്‍ശിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ ഇതേ നിയമങ്ങള്‍ നേരത്തെ നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. ജയശങ്കര്‍.
ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് വരാവുന്ന ഏക രാജ്യം ഭാരതം മാത്രമാണ്. മുംബൈയില്‍ 2023ലെ എക്കണോമിക് ടൈംസ് അവാര്‍ഡ് ഫോര്‍ കോര്‍പ്പറേറ്റ് എക്സലന്‍സില്‍ ‘റീഫോമര്‍ ഓഫ് ദ ഇയര്‍’ പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
വിദേശത്തുള്ള നമ്മുടെ പൗരന്മാരെ നാം എങ്ങനെ പരിപാലിക്കുന്നുവെന്ന് ലോകം ഇന്ന് ഉറ്റുനോക്കുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളില്‍ നിന്ന് നമ്മുടെ പൗരന്മാരെ ഓപ്പറേഷന് ഗംഗ, കാവേരി, അജയ് എന്നിവയിലൂടെ രക്ഷിച്ചു. ഭാരതവുമായി കൂടിയാലോചിക്കാതെ ഒരു പ്രധാന വിഷയവും ലോകം തീരുമാനിക്കില്ല. നമ്മള് മാറിയിരിക്കുന്നു, നമ്മളെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടും മാറിയെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
പരിഹാരങ്ങള്‍ സ്വയം കണ്ടെത്തുന്ന രാജ്യമാണ് ഇന്നത്തെ ഭാരതം. ദേശീയ താത്പര്യമുള്ള കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള രാജ്യത്തിന്റെ പുതിയ കഴിവാണ് ആഗോളതലത്തില്‍ ഭാരതത്തെക്കുറിച്ചുള്ള ധാരണ വികസിപ്പിച്ചത്. ഉപഭോക്തൃ താത്പര്യങ്ങള്‍, ഊര്‍ജ്ജ നയങ്ങള്‍, അഖണ്ഡത എന്നിവ സംരക്ഷിക്കാന്‍ തയാറുള്ള ഒരു രാഷ്ട്രത്തിന്റെ കാഴ്ചപ്പാട് നമ്മള് വ്യക്തമാക്കി. ഇതാണ് ഇന്നത്തെ ഭാരതത്തെ വ്യത്യസ്തമാക്കുന്നത്.
ആഗോളതലത്തില്‍ വലിയ പ്രതിസന്ധി ഉണ്ടായിട്ടും എട്ട് ശതമാനം വളര്‍ച്ച കൈവരിക്കുന്ന സമ്പദ്വ്യവസ്ഥയാണ് ഭാരതത്തിന്റേത്. വാക്സിന് മൈത്രി’ സംരംഭം ഉള്‍പ്പെടെ കൊവിഡ് കാലത്തെ ഭാരതത്തിന്റെ സുപ്രധാന സംഭാവനകളും ജയശങ്കര്‍ എടുത്തുപറഞ്ഞു. ഭാരതം 100 രാജ്യങ്ങള്‍ക്ക് വാക്സിനുകളും ജീവന്‍രക്ഷാ മരുന്നുകളും നല്കി. സാമ്പത്തിക രംഗത്ത്, ആഗോള വെല്ലുവിളികള്‍ക്കിടയിലും ഭാരതത്തിന് ശക്തമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. പതിനൊന്നാമതു നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേയ്ക്ക് രാജ്യം കുതിച്ചുയര്‍ന്നു. ഉടന്‍ തന്നെ മൂന്നാമത്തെ വലിയ രാജ്യമാകാനുള്ള കുതിപ്പിലാണ്.
ഉക്രൈനിലെയും ഗാസയിലെയും സംഘര്‍ഷങ്ങള്‍, ചെങ്കടലിലെ കടല്‍ ആശങ്കകള്‍ തുടങ്ങിയ ആഗോള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ലോകം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് ജയശങ്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: