വര്‍ക്കല: അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് സഹോദരങ്ങള്‍ റഷ്യയില്‍ കുടുങ്ങി. അഞ്ചുതെങ്ങ് കുരിശ്ശടി സ്വദേശികളാണ് റഷ്യയില്‍ കുടുങ്ങിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. അഞ്ചുതെങ്ങ് കുരിശ്ശടിമുക്കിന് സമീപം കൊപ്രക്കൂട്ടില്‍ സെബാസ്റ്റ്യന്‍-നിര്‍മല ദമ്പതികളുടെ മകന്‍ പ്രിന്‍സ് (24), പനിയടിമ-ബിന്ദു ദമ്പതികളുടെ മകന്‍ റ്റിനു (25), സില്‍വ-പനിയമ്മ ദമ്പതികളുടെ മകന്‍ വിനീത് (23) എന്നിവരാണ് റഷ്യയില്‍ കുടുങ്ങിയത്. ഇവര്‍ ബന്ധു സഹോദരങ്ങളാണ്. തുമ്പ സ്വദേശിയായ ട്രാവല്‍ ഏജന്റ് മുഖാന്തിരമാണ് ഇവര്‍ റഷ്യയിലേക്ക് പോയത്.
മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നല്‍കിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. റഷ്യയിലെത്തിയ ഇവര്‍ തുടര്‍ന്ന് ഒരാഴ്ചയോളം വീട്ടിലേക്ക് ഫോണ്‍ വിളിക്കുകയും തങ്ങളുടെ സുഖവിവരങ്ങള്‍ കുടുംബത്തോട് പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്ന് എന്തോ എഗ്രിമെന്റ് പേപ്പറുകള്‍ സൈന്‍ ചെയ്ത് വാങ്ങുകയും ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയായിരുന്നുവത്രെ. ഇവരുടെ മൊബൈല്‍ ഫോണുകളും മറ്റും പിന്നീട് വാങ്ങിയെടുത്തു. ഇവര്‍ മൂന്ന് പേര്‍ക്കും 15 ദിവസത്തോളം മിലിട്ടറി സംബന്ധമായ പരിശീലങ്ങള്‍ നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു.
ട്രെയിനിങ് ശേഷം പ്രിന്‍സിനേയും വിനീതിനേയും ഒരു സ്ഥലത്തെക്കും മൂന്നാമന്‍ ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയായിരുന്നു. ഇതിനിടെ യുദ്ധമുഖത്ത് വച്ച് പ്രിന്‍സിന് വെടിയേറ്റും മൈന്‍ പൊട്ടിയും ഗുരുതര പരിക്ക് പറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഇവര്‍ മൂന്ന് പേരും തമ്മില്‍ ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി. ചികിത്സയിലിരിക്കെ ഫോണ്‍ ലഭ്യമായതോടെയാണ് പ്രിന്‍സ് വീട്ടിലേക്ക് ബന്ധപ്പെട്ടതും സംഭവവികാസങ്ങള്‍ ബന്ധുക്കളെ അറിയിച്ചതും. തൊഴില്‍ വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിക്കുന്ന ഉദ്യോഗാര്‍ഥികളില്‍നിന്ന് ഏജന്റുമാര്‍ നിര്‍ബന്ധപൂര്‍വം പാസ്‌പോര്‍ട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി റഷ്യന്‍ യുദ്ധമുഖത്തേക്ക് അയയ്‌ക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവല്‍ ഏജന്‍സി ഓഫീസുകള്‍ സിബിഐ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവല്‍ ഏജന്‍സികളാണ് അടച്ചുപൂട്ടിയത്.
റഷ്യന്‍ സര്‍ക്കാരില്‍ ഓഫീസ് ജോലി, ഹെല്‍പ്പര്‍, സെക്യൂരിറ്റി ഓഫീസര്‍ ജോലികളായിരുന്നു വാഗ്ദാനം. ഒരു വര്‍ഷം കഴിഞ്ഞാല്‍ റഷ്യന്‍ പൗരത്വം ലഭിക്കുമെന്നും ഉറപ്പുനല്‍കി. 1.95 ലക്ഷം ഇന്ത്യന്‍ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവന്‍സും ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണ് ഇവര്‍ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: