നാഗര്‍കോവില്‍: തമിഴകത്തിന്റെ പെരുമ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കന്യാകുമാരിയിലെ അഗസ്തീശ്വരം വിവേകാനന്ദ കോളജ് മൈതാനത്ത് ചേര്‍ന്ന മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല്ലിക്കെട്ടിനെതിരായ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തു. തമിഴ് സംസ്കാരം അതിന്റെ പ്രൗഢിയില്‍ നിലനിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത് മോദിയുടെ ഗ്യാരന്റിയാണ്, അദ്ദേഹം പറഞ്ഞു.
തമിഴ് ഭാഷയുടെ ഉന്നമനത്തിനു വേണ്ടി കഴിയുന്നതെല്ലാം ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ മോദി ആപ്പ് ഉപയോഗിച്ച് എന്റെ പ്രസംഗം തമിഴ് ഭാഷയില്‍ നിങ്ങള്‍ക്ക് കേള്‍ക്കാം. മറ്റുള്ളവര്‍ക്കും കേള്‍പ്പിക്കാം. തമിഴ് ജനങ്ങള്‍ എനിക്ക് നല്കുന്ന ഉത്സാഹമാകുന്ന സ്നേഹം കണ്ട് ദില്ലിയിലുള്ള ചിലരുടെ ഉറക്കം കെടുന്നു, അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊാഴിലാളികള്ക്ക് നിരവധി ആനൂകൂല്യങ്ങളാണ് സര്ക്കാര്കൈക്കൊണ്ടത്. ശ്രീലങ്കയില്‍ തമിഴ് മത്സ്യ തൊഴിലാളികളെ ബന്ദികളാക്കിയപ്പോള്‍ നയതന്ത്ര തലത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് അവരെ തിരികെ എത്തിച്ചു.
മക്കള്‍ രാഷ്ടീയത്തിനും അഴിമതിക്കുമെതിരെ മോദി ആഞ്ഞടിച്ചു. എന്‍ഡിഎ വികസനത്തിന്റെ സ്കീം അവതരിപ്പിക്കുമ്പോള്‍ ഇന്‍ഡി മുന്നണി കോടികളുടെ സ്കാം ആണ് നടത്തുന്നത്. കോടിക്കണക്കിന് രൂപയുടെ ടുജി സ്പെക്ട്രം കൊള്ളയില്‍ മുഖ്യ പങ്ക് വഹിച്ചത് ഡിഎംകെയാണ്. തമിഴകത്തില്‍ ഇന്‍ഡി മുന്നണി കൂട്ടുകക്ഷിയെ തമിഴ് ജനത തൂത്തെറിയും. ഇവര്‍ക്ക് തമിഴ്നാട്ടില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. കന്യാകുമാരിയില്‍ ബിജെപിക്ക് അനുകൂല തരംഗമാണുള്ളത്. 1991ല്‍ ദേശീയപതാക ഉയര്‍ത്താന്‍ അനുവാദമില്ലാതിരുന്ന കശ്മീരിലേക്ക് ഇതേ കന്യാകുമാരിയില്‍ നിന്നാണ് ഏകതായാത്രയുടെ ഭാഗമായി ഞാന്‍ പോയത്. ഇന്ന് ദേശീയപതാക പാറുന്ന കശ്മീരില്‍നിന്നാണ് ഞാന്‍ കന്യാകുമാരിയിലെത്തുന്നത്, അദ്ദേഹം പറഞ്ഞു.
50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തമിഴകത്ത് കേന്ദ്രം നടപ്പാക്കിയത്. മാര്‍ത്താണ്ഡം പാലം, തൂത്തുകുടി തുറമുഖം തുടങ്ങിയ വികസനങ്ങള്‍ മോദി എണ്ണി പറഞ്ഞു.
ഇന്നലെ രാവിലെ 11.30 മണിയോടെ അഗസ്തീശ്വം വിവേകാനന്ദ മൈതാനിയില്‍ പൊതുയോഗത്തില്‍ എത്തിയ മോദിയെ വരവേറ്റത് പതിനായിരങ്ങളാണ്. കേന്ദ്രമന്ത്രി എല്‍. മുരുകന്, മുന്‍കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്, ബിജെപി തമിഴ്നാട് ചുമതല വഹിക്കുന്ന സുധാകര്‍ റെഡി, പ്രഭാരി അരവിന്ദ്മേനോന്‍, എംഎല്‍എമാരായ നൈനാര്‍ നാഗേന്ദ്രന്, എം.ആര്. ഗാന്ധി, വാനതി ശ്രീനിവാസന്, മുന്‍ എംഎല്‍എ വിജയധരണി, തമിഴക മുന്നേറ്റ കഴകം പ്രസിഡന്റ് ജോണ്‍ പാണ്ഡ്യന്, നാഗര്‍കോവില്‍ മുന്‍ നഗരസഭാ അദ്ധ്യക്ഷ മീനാദേവ്, മുന്‍ എംപി ശശികല പുഷ്പ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: