കൊച്ചി: ചില ക്ഷേത്രങ്ങളില്‍ ഉണ്ടായ അപകടങ്ങളുടെ പേരില്‍ ക്ഷേത്രോത്സവങ്ങളില്‍ ആചാരപരമായ വെടിക്കെട്ട് നിരോധിക്കുന്നത് റോഡപകടത്തിന് ശേഷമുള്ള റോഡ് ഗതാഗതം നിരോധിക്കുന്നതിനോ റെയില്‍വേ ട്രാക്കില്‍ അപകടമുണ്ടായാല്‍ റെയില്‍വേ ഗതാഗതം നിരോധിക്കുന്നതിനോ തുല്യമാകുമെന്ന് ഹൈക്കോടതി.
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗം പോലുള്ള ആചാരങ്ങള്‍ നടത്തുമ്പോള്‍, കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി പോലീസ്, ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ള സംസ്ഥാന ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ അനുവദിക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടു. തൃശൂര്‍ ആറാട്ടുപുഴ പൂരത്തിനും പാലക്കാട് കാവശ്ശേരി പൂരത്തിനും കരിമരുന്ന് പ്രയോഗത്തിന് അനുമതി നിഷേധിച്ച അഡീ. ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ക്ഷേത്രം ഭാരവാഹികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജില്ലാ മജിസ്ട്രേറ്റ് ഉയര്‍ത്തിയ പ്രധാന ആശങ്ക മനുഷ്യരുടെ സുരക്ഷയെക്കുറിച്ചായിരുന്നുവെന്ന് കോടതി പറഞ്ഞു. മറ്റ് ക്ഷേത്രങ്ങളില്‍ വെടിക്കെട്ടിനിടെ ചില അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിവ്. എന്നിരുന്നാലും, ഈ രണ്ട് ക്ഷേത്രങ്ങളിലെ പൂരം ഉത്സവവും അതിന്റെ വെടിക്കെട്ടും ഉത്സവത്തോട് അനുബന്ധിച്ചുള്ള ആചാരങ്ങളായിരുന്നു എന്നത് സമ്മതിച്ച വസ്തുതയാണ്. പതിറ്റാണ്ടുകളായി ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടക്കുന്നു. മറ്റ് ചില ക്ഷേത്രങ്ങളില്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട് നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായി എന്നത് സത്യമാണെങ്കിലും, വെടിക്കെട്ടിനിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ അത് ഭരണകൂടത്തിന്റെയും പോലീസ്, അഗ്നിശമന വകുപ്പ്, എക്സ്പ്ലോസീവ് ഡിപ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടെയുള്ള ഭരണകൂടത്തിന്റെയും പിഴവാണ്. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന്, ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പതിവുള്ള കരിമരുന്ന് പ്രയോഗം നടത്താന്‍ ഭരണകൂടത്തിനും അതിന്റെ സംവിധാനങ്ങള്‍ക്കും കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താവുന്നതാണ്. ആചാരപരമായ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട കരിമരുന്ന് പ്രയോഗങ്ങള്‍ കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായി ഭരണകൂടത്തിന്റെയും അതിന്റെ സംവിധാനങ്ങളുടെയും മേല്‍നോട്ടത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് കോടതി പറഞ്ഞൂ.
അടുത്ത കാലത്തായി ചില ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് മനുഷ്യജീവനുള്പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് ഇടയാക്കിയതായി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികളെ സംസ്ഥാനം എതിര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: