ആലത്തൂര്‍: സ്പെഷല്‍ ടീച്ചര്‍മാരെ സ്ഥിരപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഏപ്രില്‍ 16ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും. ജോലി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സ്പെഷല്‍ ടീച്ചര്മാര് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സി.ടി. രവികുമാര്‍, രാജേഷ് ബിന്‍ഡല്‍ എന്നിവരുടെ ഉത്തരവ്.
കരാര്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ കണക്കും വിശദവിവരങ്ങളും അറിയിക്കണം. സ്ഥിര തസ്തികകള്‍ കുറവാണെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കണം. കേരളത്തിലെ 153 സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാരാണ് കേസില്‍ കക്ഷിചേര്‍ന്നിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ സാധാരണ അധ്യാപകര്‍ക്ക് സ്പെഷല്‍ എഡ്യൂക്കേഷനില്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ വീണ്ടും റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ 2800 സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാരാണ് കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ 24 വര്‍ഷമായി താല്ക്കാലികാടിസ്ഥാനത്തില് പ്രവര്‍ത്തിക്കുന്നവരും ഈ അധ്യാപകരിലുണ്ട്. പത്ത് വര്‍ഷം പൂര്‍ത്തീകരിച്ച സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവന- വേതന വ്യവസ്ഥ നിജപ്പെടുത്തണമെന്ന് 2016 ജൂണ്‍ 30ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പത്ത് വര്‍ഷം സേവനം പൂര്‍ത്തീകരിച്ച 449 സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
28,815 രൂപയായിരുന്ന സെക്കന്‍ഡറി സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാരുടെ പ്രതിമാസ വേതനം 2018ല്‍ സര്‍ക്കാര്‍ 25,000 രൂപയായി വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി വേതനവും വര്‍ധിപ്പിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: