തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നില്‍ മോദിയ്‌ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് സമ്മതിച്ച് മോദി വിരുദ്ധ, ബിജെപി വിരുദ്ധ ചാനലായ റിപ്പോര്‍ട്ടറിലെ അരുണ്‍കുമാര്‍. അനില്‍ ആന്‍റണിയ്‌ക്ക് പത്തനംതിട്ടയില്‍ അനുകൂലസാഹചര്യമുണ്ടെന്നത് തള്ളിക്കളയാനാവില്ലെന്നും മണ്ഡലത്തില്‍ രണ്ട് ദിവസം പര്യടനം നടത്തി വന്ന അരുണ്‍കുമാര്‍ വിശദീകരിക്കുന്നു.
പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി കറുത്ത കുതിരയാകുമെന്ന് പ്രവചിച്ച മാത്യു സാമുവല്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ അതേ ലൈനിലാണ് അരുണ്‍കുമാറും കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പത്തനംതിട്ടയില്‍ രണ്ട് ദിവസം പര്യടനം നടത്തിയപ്പോള്‍ അവിടെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് മനസ്സിലായെന്ന് അരുണ്‍ കുമാര്‍ പറയുന്നു.
“35 ശതമാനം ക്രിസ്ത്യന്‍ വോട്ടുണ്ട് പത്തനംതിട്ടയില്‍. 20 ശതമാനം നായര്‍വോട്ടുകളും. മൊത്തം 55 ശതമാനം വോട്ട് ബാങ്ക് ക്രിസ്ത്യന്‍ നായര്‍ വോട്ടുകളാണ്. പത്തനംതിട്ടയില്‍ മണിപ്പൂര്‍ വിഷയമൊന്നും സഭാ വിശ്വാസികളെ അലട്ടുന്നതേയില്ല. പത്തില്‍ ഒമ്പത് ശതമാനം ആളുകളും ആ വിഷയം ഒരു ഗോത്രവിഷയമാണെന്നും ബിജെപിയ്‌ക്ക് അതില്‍ പങ്കില്ല എന്നുമുള്ള നിലപാടാണ് എടുത്തിരിക്കുന്നത്. സിഎഎ വിഷയം പത്തനംതിട്ടയിലെ പല സഭാവിശ്സാസികളും കാര്യമായി എടുത്തിട്ടുമുണ്ട്. അനില്‍ ആന്‍റണി ഒരു ക്രൗഡ് പുള്ളറല്ല, മാസ് പൊളിറ്റിക്കല്‍ ലീഡര്‍ അല്ല എന്നൊക്കെ സമ്മതിക്കുമ്പോഴും അനില്‍ ആന്‍റണിയും ദല്‍ഹിയും ക്രിസ്തീയ സഭയും തമ്മില്‍ ഒരു ലിങ്ക് കാണാതെ പോകാന്‍ പാടില്ല.”- അരുണ്‍ കുമാര്‍ പറയുന്നു.
“പത്തനംതിട്ടയില്‍ നിന്നും റാലി തുടങ്ങുമ്പോള്‍ മോദി പലതും കണക്കുകൂട്ടുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കും സഭാ നേതൃത്വത്തിന്റെ ആത്മവിശ്വാസം വലിയ പിന്തുണ നല്‍കുന്നുണ്ട്. സഭാ വിശ്വാസികള്‍ക്ക് ഇടയില്‍ വളര്‍ന്നുവരുന്ന ബിജെപി താല്‍പര്യം എന്നത് നമുക്ക് എഴുതിത്തള്ളാന്‍ കഴിയില്ല. കേരളത്തില്‍ ഒരു പുതിയ സമവാക്യത്തിനാണ് മോദി ശ്രമിക്കുന്നത്. മോദി സര്‍ക്കാരിന്റെ സിഎഎ നിയമത്തിനോട് ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ വലിയ പിന്തുണയുണ്ട്. അതേ സമയം മണിപ്പൂര്‍ വിഷയം അവരെ ഏശിയിട്ടുമില്ല. മോദിയുടെ ആ സോഷ്യല്‍ എഞ്ചിനീയറിംഗ് അവിടെ കൃത്യമായി നടക്കുന്നു എന്നാണ് ഞാന്‍ മനസ്ലിലാക്കുന്നത്. “- അരുണ്‍കുമാര്‍ പറയുന്നു.
2019ല്‍ സുരേന്ദ്രന്‍ ഉണ്ടാക്കിയത് വലിയ കുതിപ്പ്; അനില്‍ ആന്‍റണി അതിനേയും മറികടക്കുമെന്ന് പ്രവചനം
2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ. സുരേന്ദ്രന്‍ ഏകദേശം 28.97 ശതമാനം വോട്ടുകള്‍ നേടി. 297,396 വോട്ടുകളാണ് കെ.സുരേന്ദ്രന്‍ നേടിയത്. അന്ന് വിജയിച്ച ആന്‍റോ ആന്‍റണി 37.11 ശതമാനം വോട്ടുകള്‍ നേടി. ആകെ 3,80927 വോട്ടുകളാണ് ആന്‍റോ ആന്‍റണി നേടിയത്. ഇടത് പക്ഷത്തിന് വേണ്ടി മത്സരിച്ച വീണ ജോര്‍ജ്ജായിരുന്നു രണ്ടാം സ്ഥാനത്ത്. 32.80 ശതമാനം വോട്ട് പിടിച്ച വീണ ജോര്‍ജ്ജ് 3,36,684 വോട്ടുകള്‍ പിടിച്ചു.
2014ല്‍ എം.ടി. രമേശ് ഇവിടെ പിടിച്ചത് 15.95 ശതമാനം മാത്രമാണ്. അന്നും വിജയിച്ച ആന്‍റോ ആന്‍റണി 41.19 ശതമാനം വോട്ടുകളാണ് പിടിച്ചത്. 2009ലാകട്ടെ ബിജെപിയുടെ ആര്‍. രാധാകൃഷ്ണമേനോന് ലഭിച്ചത് വെറും 7.06 ശതമാനം വോട്ടുകള്‍ മാത്രമാണ്. അന്നും ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ച ആന്‍റോ ആന്‍റണി 51.21 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. പറഞ്ഞുവരുന്നത് ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ആന്‍റോ ആന്‍റണിയുടെ ഭൂരിപക്ഷം കുറഞ്ഞുവരികയാണ്. അതേ സമയം ബിജെപിയുടെ വോട്ട് ശതമാനം കുതിച്ചുയരുകയുമാണ്. ഇക്കുറി അത് താമര വിരിയുന്നതിലേക്ക് എത്തിച്ചേരുമോ എന്നാണ് അറിയേണ്ടത്. എന്തായാലും കെ. സുരേന്ദ്രന്‍ 2019ല്‍ പിടിച്ച 28.97 ശതമാനത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ അനില്‍ ആന്‍റണി പിടിക്കും എന്നാണ് പൊതുവായ പ്രവചനം. അന്ന് ശബരിമല വിഷയം കഴിഞ്ഞ ഉടനെയായിരുന്നു സുരേന്ദ്രന് അനുകൂലമായ തരംഗം ഉണ്ടായത്. അതുകൊണ്ടാണ് 2014ലെ 15.95 ശതമാനത്തില്‍ നിന്നും 28.97 ശതമാനം വോട്ടുകള്‍ നേടുന്നതിലേക്ക് ബിജെപിയുടെ ഭാഗധേയം കുതിച്ചുയര്‍ന്നത്. ഇക്കുറി വീണ ജോര്‍ജ്ജുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയാണ് തോമസ് ഐസക്ക് എന്നതും അനില്‍ ആന്‍റണിയ്‌ക്ക് അനുകൂല ഘടകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: