വേദവ്യാസന്‍ വെളിപ്പെട്ടുകിട്ടിയ ആദി ജ്ഞാനത്തെ നാലായി പകുത്തു. അതാണ് വേദങ്ങളായത്. അദ്ദേഹം ആ നാല് വേദങ്ങളെയും തന്റെ നാല് ശിഷ്യന്‍മാര്‍ക്കായി ഉപദേശിച്ച് കൊടുത്തു. പൈലന് ഋഗ്വേദവും, വൈശമ്പായനന് യജുര്‍വേദവും, ജൈമിനിക്ക് സാമവേദവും, സുമന്തുവിന് അഥര്‍വവേദവുമാണ് നല്‍കിയത്. ഈ ആചാര്യന്മാരുടെ പരമ്പരയിലൂടെ ആ വേദശാഖകള്‍ പ്രചരിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ യജുര്‍വേദാചര്യനായ വൈശമ്പായനന് അവിചാരിതമായി ബ്രഹ്മഹത്യ, ബാലഹത്യ എന്നീ മഹാപാപങ്ങള്‍ വന്നുപെട്ടു. അതായത് മഹാമേരുപര്‍വതത്തില്‍വച്ച് നടന്ന ഋഷിസദസ്സില്‍ വൈശമ്പായന ഗുരുവിന് പറഞ്ഞിരുന്ന സമയത്ത് എത്തുവാന്‍ കഴിഞ്ഞില്ല. അതാണ്, ഋഷികളുടെ നിശ്ചയമനുസരിച്ച് മഹാപാപമായ ബ്രഹ്മഹത്യയായി മാറുന്നത്. ബാലഹത്യയായത്, ആകസ്മികമായി അദ്ദേഹത്തിന്റെ ചവിട്ടേറ്റ് സഹോദരീ പുത്രന്‍ മരിച്ചതാണ്.
ഈ മഹാപാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി കഠിനമായ തപശ്ചര്യയിലേര്‍പ്പെടുവാന്‍ തന്റെ ശിഷ്യന്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന യാജ്ഞവല്ക്യന്‍ താന്‍ ഒറ്റയ്‌ക്ക് തപസ്സ് ചെയ്ത ഗുരുവിനെ പാപമുക്തനാക്കാമെന്നും പറയുന്നു. ഇത് ആത്മവിശ്വാസമല്ല; അഹങ്കാരമാണ് എന്ന് തോ ന്നിയ ഗുരു കുപിതനായി, അതുവരെ യാജ്ഞവാല്ക്യന്‍ പഠിച്ചതെല്ലാം അവിടെ ഉപേക്ഷിച്ചിട്ട്, ആശ്രമം വിട്ട് പോകുവാന്‍ ശഠിച്ചു. ഒടുവില്‍ ശിഷ്യന് അതുവരെ പഠിച്ച വേദഭാഗങ്ങളെല്ലാം അവിടെ ഛര്‍ദ്ദിക്കേണ്ടിവന്നു. അതൊക്കെ മറ്റ് ശിഷ്യന്മാര്‍ തിത്തിരിപ്പക്ഷികളായി രൂപംമാറി ഭക്ഷിച്ചു. അവരില്‍ നിന്നും ഉണ്ടായതാണ് യജുര്‍വേദത്തിലെ തൈത്തിരീയശാഖ.
എന്നാല്‍ ഗുരുകുലം വിട്ടുപോയ യാജ്ഞവല്ക്യന്‍, വേദാധിപതിയായ സൂര്യനെ തന്നെ ശരണം പ്രാപിച്ചു. കഠിനമായ തപസ്സിനൊടുവില്‍ ഒരു കുതിരയുടെ രൂപത്തില്‍ സൂര്യന്‍ പ്ര ത്യക്ഷനാകുകയും വേദസത്യത്തെ അദ്ദേഹത്തിന് ഉപദേശിക്കുകയും ചെയ്തു. അങ്ങനെ യാജ്ഞവല്ക്യനിലൂടെ രൂപപ്പെട്ടതാണ് യജൂര്‍ വേദത്തിലെ വാജസനേയിശാഖയായി അറിയ പ്പെടുന്നത് (വാജിയെന്നാല്‍ കുതിര).
പ്രകടമാകാത്ത മറ്റൊരു അര്‍ത്ഥതലത്തില്‍ നിന്നുവേണം ഇത് വായിക്കുവാന്‍ അല്ലെങ്കില്‍ വെറും കഥയായി മാത്രമേ നമുക്കിത് വെളിപ്പെടൂ. ഒരുപക്ഷേ നമ്മുടെ വായനയിലെ ആ പരിമിതിയാകാം പുരാണങ്ങളെയെല്ലാം വെറും കെട്ടുകഥകളാക്കിയത്. സമയത്തെ മറച്ചാണ് സത്യത്തെ ഇവിടെയും അവതരിപ്പിച്ചിരിക്കുന്നത്. കാലങ്ങളായി ‘മനുഷ്യകുലം’ അറിയാതെ പ്രയാണം ചെയ്‌കൊണ്ടിരിക്കുന്നത്, തന്റെ പൂര്‍ണതയെന്ന സത്യത്തിലേക്കാണ്. ആ യാത്ര യില്‍, ഗതി നഷ്ടപ്പെടുമ്പോള്‍, അവന് ദിശാബോധം നല്‍കിക്കൊണ്ട് കാലം തന്നെ വഴി വിളക്കുകളേയും തെളിക്കുന്നു. ഈ വിളക്കുകളെയാണ് നമ്മള്‍ ഗുരുക്കന്മാരായി ആരാധിക്കുന്നത്.
ഗുരുക്കന്മാരാല്‍ പുഷ്‌ക്കലമായ ഭാരതഭൂവില്‍, ദ്വാപരയുഗത്തിന്റെ അവസാനത്തിലും കലികാലത്തിന്റെ ആരംഭത്തിലുമായി കാലം തന്നെ അവതരിപ്പിച്ച ഒരു ഗുരുവാണ് വേദവ്യാസന്‍. അദ്ദേഹം ഈ സൃഷ്ടിക്ക് പിന്നിലെ ജ്ഞാനപ്രവാഹത്തെ കണ്ടെത്തി, അതിനെ നാല് ശാഖകളാക്കി വേര്‍തിരിച്ച് ഒഴുക്കി. ആ പരമ്പരകളിലൂടെ, പരമസത്യത്തിലേക്ക് (‘ബ്രഹ്മ പദം’’എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക്) മനുഷ്യനെ എത്തിച്ചുകൊണ്ട്, വിവിധ വഴികളില്‍കൂടി അത് ഒഴുകുകയാണ്. കാലങ്ങള്‍ മാറിയാലും ഓരോരോ വഴികളിലൂടെയും സഞ്ചരിക്കുന്ന മനുഷ്യരെ യഥാകാലം പരമപദത്തില്‍ എത്തിക്കേണ്ടത് തങ്ങളുടെ ധര്‍മ്മമാണെന്നാണ് ഗുരുക്കന്മാരുടെ സങ്കല്‍പ്പം. അതില്‍ ഏര്‍പ്പെട്ട വിഘ്‌നത്തെയാണ് ഇവിടെ ബ്രഹ്മഹത്യയായും ബാലഹത്യയായും പറയുന്നത്.
മനുഷ്യായുസ്സ് പരിമിതമായതിനാല്‍ സമയം വളരെ പ്രധാനമാണ്. ആ നിശ്ചിത സമയത്തിനുള്ളില്‍ പരമലക്ഷ്യത്തില്‍ അവനെ എത്തിക്കുമെന്നത്, ഗുരു വേദശാഖകളിലൂടെ നല്‍കുന്ന വാക്കാണ്. നിര്‍ദിഷ്ടമായ കാലത്തിനുള്ളില്‍ ശിഷ്യനെ അവിടെ എത്തിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ വാക്കാണ് തെറ്റുന്നത്.
അതാണ് മഹാമേരുപര്‍വതം എന്ന ഏക ലക്ഷ്യത്തില്‍, പറഞ്ഞിരുന്ന സമയത്ത് എല്ലാ ആചാര്യന്മാരും ഒത്ത് കൂടുവാനുള്ള തീരുമാനത്തില്‍ നിന്ന് ഗുരുവിനെ വീഴ്‌ത്തിയത്. അത് ബ്രഹ്മത്തില്‍ നിന്നുള്ള സ്വന്തം വീഴ്ചതന്നെയാണെന്ന് ഗുരു കരുതുന്നു. കാലം അദ്ദേഹത്തിലേല്‍പ്പിച്ചു ധര്‍മ്മാചരണത്തിന് സംഭവിക്കുന്ന ആ വിഘ്‌നമാണ് ഗുരുവിന്റെ ബ്രഹ്മഹത്യ.
ബാലഹത്യയെന്നത്, തങ്ങളെ ആത്മാര്‍ത്ഥമായി വിശ്വസിച്ച് വരുന്ന ശിഷ്യന്മാരെല്ലാം സഹോദരീപുത്രന്മാരെപ്പോലെ, അതായത് സ്വന്തം കുട്ടികളെപോലെ, ഏത് കാലത്തും ഗുരുബന്ധുത്വം നല്‍കിയവരാണ്. തന്റെ പാദത്തില്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പണം ചെയ്ത ആ ശിഷ്യന്‍ പരമപദം പ്രാപിക്കാതെ മടങ്ങുമ്പോള്‍ അത് അശ്രദ്ധയോടെ താന്‍ നടന്നപ്പോള്‍ സംഭവിച്ചുപോയ ഒരു കൊലപാതകമാണെന്ന് ഗുരു ചിന്തിക്കുന്നു. ആ ദുര്യോഗമാണ് ബാല ഹത്യയാകുന്നത്. സത്യാധിഷ്ഠിതകാലത്തെ ധാര്‍മ്മികബോധമാണ്, അവരെ കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത്. ശരിക്കും ബ്രഹ്മഹത്യയും, ബാലഹത്യയും ശിഷ്യന് സംഭവിച്ചുപോകുന്ന വീഴ്ചകളാണ്. അതുകൊണ്ടാണ് പ്രായ ശ്ചിത്തകര്‍മ്മവും അവരെകൊണ്ട് ചെയ്യിക്കൂ ന്നത്.
കാലദൈര്‍ഘ്യം കൂടുമ്പോള്‍ മനുഷ്യന് ശ്രദ്ധ നഷ്ടപ്പെട്ടുകൊണ്ടിരിക്കും അപ്പോള്‍ അവന്‍ തന്നെ കഠിനമായ തപശ്ചര്യകള്‍ ചെയ്തു നഷ്ടപ്പെടുന്ന ആ ശ്രദ്ധയെ തിരിച്ചുപിടിക്കണം. ഇവിടെ പറയാതെ പറയുന്നത് ശിഷ്യന് വേണ്ട ഏകഗുണം ശ്രദ്ധയെന്നാണ്. മനുഷ്യനായി പിറന്നാല്‍ ഗുരുവിന് നല്‌കേണ്ട ശ്രദ്ധയെ നല്‍കാതെ, മോക്ഷത്തെ നേടാതെ, ജനനമരണ വഴിയില്‍ വീണ്ടും വീണ്ടും വന്ന് പിറക്കുമ്പോള്‍ പൂര്‍വികന്മാര്‍ ഓര്‍മ്മിപ്പിച്ചിരുന്നു, മറക്കരൂത്, ഋഷികള്‍ക്ക് കൊടുത്തു തീര്‍ക്കേണ്ട ഒരു കടം നിനക്ക് ബാക്കിയുണ്ട്. അന്നും ഇന്നും ഗുരുവിന് നല്കാന്‍ മറന്നുപോകുന്ന, അല്ലെങ്കില്‍ കൊടുത്ത് തീര്‍ക്കുവാന്‍ മടിക്കുന്ന ആ കടം, സഹോദരീപുത്രന്മാരായ നമ്മിലെ പൂര്‍ണമായ ശ്രദ്ധയാണ്.
പരമഗുരുവിന്റെ ഈ ആദേശങ്ങളെ ശരിയായി കേള്‍ക്കുവാനും ഉള്‍ക്കൊള്ളുവാനും വളരെ ചുരുക്കം ചിലര്‍ക്കേ കഴിയുകയുള്ളൂ. അതാണ് ഇവിടെയും സംഭവിച്ചത്. ഗുരു പ്രായശ്ചിത്തം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആര്‍ ജവമുള്ള ശിഷ്യന്‍ യാജ്ഞവാല്‍ക്യന്‍ മുന്നോട്ടുവന്നു. അദ്ദേഹം തന്റെ ആര്‍ജ്ജവത്തെ വാക്കുകളിലൂടെ വെളിവാക്കി. ഗുരു ദേഷ്യരൂപ ത്തില്‍ അനുമതിയും നല്‍കി. എന്നാല്‍ ഇത് സാധാരണക്കാരായ മറ്റ് ശിഷ്യന്മാര്‍ക്ക് മനസ്സിലായില്ല. അവരുടെ കണ്ണില്‍ അത് ശിഷ്യന്റെ അഹങ്കാരവും ഗുരുവിന്റെ അമിതമായ ദേഷ്യ പ്രകടനവും ആയിരുന്നു. ഉള്ളറിയാതെ അവിടെനിന്നും വെറും ആചാരങ്ങളായി പഠിച്ചതെല്ലാം പൂര്‍ണമായും ഉപേക്ഷിക്കുവാനാണ് അ ദ്ദേഹം ആവശ്യപ്പെട്ടത്. ശിഷ്യന്‍ അത് ചെയ്തു. അയാള്‍ ഉള്ളില്‍ ദഹിക്കാതെ കിടന്നതിനെ (സ്വയം സ്വാംശീകരിക്കുവാന്‍ കഴിയാ ത്തതിനെ) ഛര്‍ദ്ദിച്ചു. മന്ദഗതിക്കാരായ മറ്റു ശിഷ്യന്മാര്‍ കാലങ്ങള്‍ എടുത്ത്, ഒരുപക്ഷേ ജന്മങ്ങളിലൂടെയാകാം ആ പാഠങ്ങളെയെല്ലാം സ്വാംശീകരിച്ചത്. അതാണ് തിത്തിരിപ്പക്ഷികളായി രൂപം മാറി അവര്‍ ഭക്ഷിച്ചതായി നാം കേട്ടത്. എന്നാല്‍ തത്ത്വഗ്രഹണത്തില്‍ ഏകാന്ത ശ്രദ്ധയോടെ, ആത്മജ്യോതിസ്സായ സൂര്യനെ കഠിനമായി യാഞ്ജവാല്‍ക്യന്‍ ഉപാസിക്കുന്നതാണ് പിന്നീട് നാം കാണുന്നത്. അദ്ദേ ഹത്തിന്റെ ആ പ്രായശ്ചിത്തത്തിനു മുന്നില്‍ സൂര്യന്‍, ഒരു കുതിരയുടെ രൂപത്തില്‍ എത്തി, പരമമായ തത്ത്വത്തെ വെളിവാക്കി. എന്തി നാണ് സൂര്യന്‍ ഒരു കുതിരയുടെ രൂപത്തെ സ്വീകരിച്ചത്? അതും കണ്ടെത്തേണ്ട മറ്റൊരു രഹസ്യമാണ്. അത് ഈ ഉപനിഷത്ത് പഠിച്ചാലേ നമ്മുക്ക് വ്യക്തമാകൂ.
ഈ ചിന്തകളെ ഉറപ്പിക്കുന്നതാണ് ആശ്രമം വിട്ടുപോയ യാജ്ഞവല്‍ക്യന്റെയും, ആശ്രമത്തില്‍ തന്നെ തങ്ങിയ ശിഷ്യന്മാരുടേയും വ്യത്യസ്ത വേദശാഖകള്‍, ഇന്നും യജുര്‍വേദമെന്ന ഒന്നിന്റെ തന്നെ ഭാഗമാണെന്ന വസ്തുത.
സമയം മൗനമായി സംവദിക്കുന്ന ഈ സംഭവം വെറും കഥയല്ല. ഇതിന് പുറകില്‍ ഒരു മഹാസത്യമുണ്ട്. വേദങ്ങളെല്ലാം പഠിച്ചാ ലും, പൂര്‍ണ്ണമായ ശ്രദ്ധയും, കഠിനമായ ഏകാ ന്തപരിശ്രമവും കൂടാതെ (സൂര്യനിലേക്ക് നടക്കാതെ…) ആര്‍ക്കും ഒരിക്കലും സത്യത്തെ കിട്ടില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക