തൃശൂര്‍: കത്തിക്കാളുന്ന വെയിലിനെക്കാള്‍ ഏറെയാണ് തെരഞ്ഞെടുപ്പ് ചൂട് തൃശൂരില്‍. മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ആരെന്നറിയും മുന്‍പ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് പ്രചരണം തുടങ്ങിയ മണ്ഡലമാണിത്.
ശക്തമായ ത്രികോണപ്പോര്. പക്ഷേ അതിലൊരാള്‍ ഇടയ്ക്ക് വീണു. യുഡിഎഫിന്റെ പ്രതാപന് പിന്‍വാങ്ങി. പകരമെത്തിയ കെ. മുരളീധരന് ഓടിയെത്താന്‍ വിയര്‍ക്കുകയാണ്. 2019 മുതല്‍ സുരേഷ് ഗോപി മണ്ഡലത്തില്‍ സജീവമാണ്. രാജ്യസഭാംഗം എന്ന നിലയില്‍ നിരവധി വികസന പദ്ധതികള്‍ കൊണ്ടുവന്നു. വ്യക്തിപരമായും ഒട്ടേറെപേര്‍ക്ക് സഹായം നല്കി. സുരേഷ് ഗോപി തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന് 2023 ല്‍ അമിത് ഷാ തൃശൂരില്‍ നടന്ന പരിപാടിയില്‍ സൂചന നല്‍കിയിരുന്നു.
ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പേ സുരേഷ് ഗോപി പ്രചാരണവും തുടങ്ങി. ഒന്നാം റൗണ്ടില്‍ കോഫി വിത്ത് എസ്ജി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വികസന ചര്‍ച്ചകള്‍. രണ്ടാം റൗണ്ടില്‍ ബൂത്ത് തല യോഗങ്ങള്‍. മൂന്നാം റൗണ്ടില്‍ വോട്ടഭ്യര്‍ത്ഥനയും റോഡ് ഷോയും. സുരേഷ് ഗോപിയുടെ പ്രചരണം സജീവമായതു കണ്ടാണ് മറ്റു മുന്നണികളും രംഗത്തിറങ്ങിയത്.
സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കുമെന്ന ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്നതോടെ ടി.എന്‍. പ്രതാപന് കളത്തിലിറങ്ങി. സ്നേഹ സന്ദേശ യാത്ര എന്ന പേരില്‍ മണ്ഡലത്തില്‍ ഒരു വട്ടം പര്യടനം പൂര്‍ത്തിയാക്കി.
ഇരുട്ടി വെളുത്തപ്പോള്‍ ഹൈക്കമാന്‍ഡ് ചുവടുമാറി. പ്രതാപന് പുറത്തായി. കെ. മുരളീധരന് സ്ഥാനാര്‍ത്ഥി. പാര്‍ട്ടി സംവിധാനത്തെ ആശ്രയിക്കാതെ സ്വന്തം പരിവാരങ്ങളുമായാണ് മുരളീധരന്റെ വരവ്. തൃശൂരില്‍ 98ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റ ചരിത്രവുമുണ്ട്. ഇപ്പോള്‍ പദ്മജയുടെ ബിജെപി പ്രവേശനവും. കാര്യങ്ങള്‍ മുരളീധരന് അത്ര അനുകൂലമല്ല. പതിഞ്ഞ താളത്തിലാണ് പ്രചരണം. ഒന്നാം റൗണ്ടില്‍ ബിഷപ്പുമാരെയും സാമുദായിക നേതാക്കളേയും സന്ദര്‍ശിച്ചു. പാര്‍ട്ടി കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി.
സംസ്ഥാനത്ത് എല്‍ഡിഎഫില്‍ ആദ്യം പ്രചരണരംഗത്തിറങ്ങിയത് വി.എസ്. സുനില്‍കുമാറാണ്. സുരേഷ് ഗോപിയുടെ പ്രചരണം ശക്തമായതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് രംഗത്തിറങ്ങാന്‍ പാര്‍ട്ടി സുനില്‍കുമാറിനോട് നിര്‍ദേശിച്ചത്. സിപിഎമ്മിന്റെ പ്രത്യേക അനുവാദവും വാങ്ങി. നിയോജക മണ്ഡലങ്ങളില്‍ ഓട്ടപ്രദക്ഷിണമാണ് സുനില്‍കുമാറിന്റെ പ്രചരണ ശൈലി. ഒരു ദിവസം രണ്ട് നിയമസഭ മണ്ഡലങ്ങളിലെങ്കിലും എത്തും. പാര്‍ട്ടി പ്രവര്‍ത്തകരെ കാണും. വോട്ടര്‍മാരെ കാണും കണ്‍വെന്‍ഷനുകളില്‍ പ്രസംഗിക്കും. സിപിഐ കേഡര്‍മാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ടെങ്കിലും സിപിഎം കേന്ദ്രങ്ങളില്‍ തണുപ്പന്‍ സമീപനമാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് സിപിഎം ജില്ലാ നേതൃത്വവുമായി അത്ര സുഖത്തിലായിരുന്നില്ല സുനില്‍കുമാര്‍.
തൃശൂര്‍, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തൃശൂര്‍ ലോക്സഭാ മണ്ഡലം. ഏഴിടത്തും ഇടത് എംഎല്‍എമാര്‍. എല്ലാ മണ്ഡലങ്ങളിലും ബിജെപിക്ക് ശക്തമായ വോട്ടുനിലയും സംഘടനാ സംവിധാനവും. ഇതെല്ലാം മറികടന്ന് കോണ്‍ഗ്രസ് പലപ്പോഴും വിജയം കൈവരിക്കുന്നയിടവും. ഇതാണ് തൃശൂരിലെ പ്രവചനാതീതമായ ത്രികോണപ്പോരിന്റെ അടിസ്ഥാനം.
തെരഞ്ഞെടുപ്പ് വിഷയങ്ങളേറെയാണ്. വികസനമാണ് ജനങ്ങള്‍ക്ക് പ്രധാനം.
എല്‍ഡിഎഫും യുഡിഎഫും മാറി മാറി ജയിച്ചിട്ടുണ്ട് പലവട്ടം. പക്ഷേ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറിയില്ല. എല്‍ഡിഎഫില്‍ സ്ഥിരമായി സിപിഐ മത്സരിക്കുന്ന മണ്ഡലമാണ്. വി.വി. രാഘവനും സി.കെ. ചന്ദ്രപ്പനും സി.എന്‍. ജയദേവനും തൃശൂരില്‍ നിന്ന് പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പി.എ. ആന്റണി, പി.സി. ചാക്കോ, എ.സി. ജോസ് തുടങ്ങിയവരും തൃശ്ശൂരിന്റെ എംപിമാരായി. മാറ്റം വേണമെന്നാണ് പൊതുവേയുള്ള വികാരം. സുരേഷ് ഗോപി അതിനു പറ്റിയ ആളാണ്. ജയിപ്പിച്ചാല്‍ തൃശൂരിനൊരു കേന്ദ്രമന്ത്രി എന്നതാണ് എന്‍ഡിഎയുടെ പ്രചാരണ വാചകം. ആ പ്രചാരണം ഗുണം ചെയ്യുന്നുണ്ട്.
കോള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, ഗുരുവായൂര്‍ ക്ഷേത്രവും ക്ഷേത്ര നഗരിയുടെ വികസനവും, റെയില്‍വേ വികസനം, കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടല്‍, കാര്‍ഷിക സര്‍വകലാശാലയുടെ ദാരിദ്ര്യവും പ്രാരാബ്ധങ്ങളും മുതല്‍ തൃശൂര്‍ പൂരം നടത്തിപ്പില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന പ്രതിസന്ധി വരെ ചര്‍ച്ചയാണ്. കൊണ്ടും കൊടുത്തും സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും അങ്കത്തട്ടില്‍ നിറയുമ്പോള്‍ തൃശൂര്‍ പൂരത്തേക്കാള്‍ ആവേശമാണ് ഈ തെരഞ്ഞെടുപ്പ് പൂരത്തിന്.
സുരേഷ് ഗോപി
മോദി സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ചക്ക് വോട്ട് എന്നതാണ് എന്‍ഡിഎയുടെ മുദ്രാവാക്യം. രാജ്യ വ്യാപകമായുണ്ടാകുന്ന വികസനം തൃശൂരിലെത്താന്‍ എന്‍ഡിഎയുടെ പ്രതിനിധി വിജയിക്കണം.
വി.എസ്. സുനില്‍കുമാര്‍
മതേതരത്വ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടമാണ് എല്‍ഡിഎഫിന്റേത്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ല. കേരളത്തില്‍ ഇടതുപക്ഷത്തിനാണ് ബിജെപിയെ നേരിടാന്‍ കരുത്തുള്ളത്.
കെ. മുരളീധരന്
കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ നിന്ന് ജനങ്ങള്‍ മോചനം ആഗ്രഹിക്കുന്നു. അതിന്റെ പ്രതിഫലനം തെരഞ്ഞടുപ്പിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: