തിരുവനന്തപുരം: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഇക്കഴിഞ്ഞ ബജറ്റില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിച്ച രണ്ടു ശതമാനം ക്ഷാമബത്ത കുടിശ്ശിക ഉടന്‍ പണമായി നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു.
ക്ഷാമബത്ത കുടിശ്ശികയെ കുറിച്ച് സൂചന പോലും നല്‍കാതെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് ഫെറ്റോയുടെ നേതൃത്വത്തില്‍ സെക്രേട്ടറിയറ്റിലേക്ക് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷമായി ജീവനക്കാര്‍ക്ക് ലഭിക്കാതിരുന്ന ക്ഷാമബത്തയില്‍ വെറും രണ്ട് ശതമാനം മാത്രം ബജറ്റില്‍ പ്രഖ്യാപിച്ചതിനുശേഷം അതിന്റെ കുടിശിക പോലും നല്കാന് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. സ്വന്തം കുടുംബത്തിന് ലഭിക്കേണ്ട ക്ഷാമബത്ത പൂര്‍ണമായും അനുവദിച്ച ധനമന്ത്രി തന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തിയിരിക്കുകയാണ്.
ജീവനക്കാരോടും പെന്‍ഷന്‍കാരോടും കാണിച്ചത് കടുത്ത വിവേചനമായിരുന്നു. 21 ശതമാനം കുടിശികയില്‍ രണ്ടു ശതമാനം മാത്രമാണ് അനുവദിച്ചത്. അതിന്റെ കുടിശിക പോലും നല്‍കാതെ വഞ്ചിച്ചത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫെറ്റോ ജില്ലാ പ്രസിഡന്റ് എസ്. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആര്. ശ്രീകുമാരന്‍, ട്രഷറര്‍ സി. കെ. ജയപ്രസാദ്, ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയിസ് സംഘ് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍, എന്‍ടിയു സംസ്ഥാന സെക്രട്ടറി അരുണ്‍, എന്‍ജിഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ് പുള്ളിത്തല, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് വൈസ് പ്രസിഡന്റ് അജിത്കുമാര്‍, ആര്. സാജന്, ജി. ഹരികുമാര്‍, സന്തോഷ് അമ്പലത്തറയില്‍, ബി.കെ. സജീഷ് കുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: