തിരുവനന്തപുരം: അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയ്മിങ്, കോമിക്സ് എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എവിജിസിഎക്സ്ആര്‍) മേഖലയ്ക്കായി സമഗ്ര നയത്തിന് മന്ത്രിസഭായോഗം അനുമതി നല്കി. 2029 ഓടെ എവിജിസിഎക്സ്ആര്‍ മേഖലയില്‍ സ്കൂള്‍ തലം മുതല്‍ സര്‍വകലാശാലാ തലം വരെ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഈ കാലയളവില്‍ മള്‍ട്ടി നാഷണലുകള് ഉള്‍പ്പെടെ 250 കമ്പനികള്‍ തുടങ്ങും. രാജ്യത്തെ എവിജിസിഎക്സ്ആര്‍ കയറ്റുമതി വരുമാനത്തിന്റെ പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയം. രാജ്യത്തെ എവിജിസിഎക്സ്ആര്‍ ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാക്കാന് ശ്രമിക്കും
.
കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്, കെഎസ്ഐഡിസി, കെഎസ്എഫ്ഡിസി, കേരള ഡിജിറ്റല്‍ സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, സിഡിറ്റ്, കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക്, കേരള ഡെവലപ്മെന്റ് ഇനോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍, കേരള നോളഡ്ജ് ഇക്കണോമി മിഷന് (കെകെഇഎം), തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് എവിജിസിഎക്സ്ആര്‍ മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.
ഈ മേഖലയില്‍ തിരുവനന്തപുരത്ത് മികവിന്റെ കേന്ദ്രം ആരംഭിക്കും. റെക്കഗ്നിഷന്‍ ഓഫ് പ്രൈയര്‍ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കും. വികസനത്തിനായി 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസനഫണ്ടും അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ലഭ്യമാക്കും. ഈ രംഗത്ത് ഇന്നവേഷന്‍ സഹകരണ സംഘങ്ങള്‍ക്ക് രൂപം കൊടുക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: