പൊന്നാനി മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ പാര്‍ലമെന്റിലെത്തിയ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തെത്തിയതാണ് ഈ തെരഞ്ഞെടുപ്പ് കാലത്തിന്റെ തുടക്കത്തില്‍ ഉണ്ടായ അട്ടിമറി. സ്വന്തം സ്ഥലത്തേക്ക് മാറിയതാണെന്ന് ഈ വാഴക്കാടുകാരന് നേതാവ് പറയുമെങ്കിലും മുസ്ലീം ലീഗിനുള്ളില്‍ സംസാരം വേറെയാണ്. 1985ല്‍ പെരിങ്ങളം മണ്ഡലത്തില്‍ നിന്ന് തുടങ്ങിയ ഇടിയുടെ തെരഞ്ഞെടുപ്പ് മത്സര ചരിത്രത്തില്‍ പൊന്നാനി ഇത്തവണ തിരിച്ചടിയാകുമെന്ന ഭയമാണ് തങ്ങളുടെ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയെ മലപ്പുറത്തേക്ക് മാറ്റാന്‍ മുസ്ലീംലീഗിനെ നിര്‍ബ്ബന്ധമാക്കിയത്. ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഗ് എംഎല്‍എമാരാണെന്നും ഈ സീറ്റില്‍ മുസ്ലിംലീഗിന് തനിച്ച് മത്സരിച്ചാല്‍ വിജയമുറപ്പിക്കാമെന്നും പാര്‍ട്ടി അഹങ്കരിക്കുന്ന മണ്ഡലമാണിത്.
എന്നാല്‍ 2004ല്‍ മുസ്ലീം ലീഗിനെ പച്ച തൊടാന്‍ അനുവദിക്കാതെ ഇടതുപക്ഷം ടി.കെ ഹംസയിലൂടെ വിജയിച്ചതിന്റെ ചരിത്രമുണ്ട് മലപ്പുറത്തിന്. കുന്ദമംഗലവും ബേപ്പൂരുമടങ്ങിയ മഞ്ചേരി എന്നായിരുന്നു മണ്ഡലത്തിന്റെ അന്നത്തെ പേര്. എന്നാല്‍ സുരക്ഷിതമണ്ഡലം തേടിയെത്തിയ മുസ്ലീംലീഗിലെ മര്‍ക്കടമുഷ്ടിക്കാരനായ നേതാവിനെ ഇത്തവണ കാത്തിരിക്കുന്നത് ശക്തമായ ത്രികോണ മത്സരമാണ്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.എം. അബ്ദുള്‍ സലാം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. വസീഫ് എന്നിവരാണ് ഇത്തവണ മത്സരത്തിലുള്ളത്.
കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് മലപ്പുറം ലോക്സഭാമണ്ഡലത്തിലുള്ളത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി 57.01 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. എന്നാല്‍ 2021ലെ ഉപതെരഞ്ഞെടുപ്പില്‍ അത് 48.96 ശതമാനമായി കുറഞ്ഞു. മുസ്ലീംരാഷ്ട്രീയത്തില് മാത്രമല്ല ഇസ്ലാം മതപ്രഭാഷണ വേദികളിലും ആയിരങ്ങളെ ആകര്‍ഷിക്കുന്ന അബ്ദുസമദ് സമദാനിയായിരുന്നു ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. പരമ്പരാഗതലീഗ് മണ്ഡലമെന്ന് ഖ്യാതിയുള്ള മലപ്പുറത്ത് സ്ഥാനാര്‍ത്ഥി ജയിച്ചെങ്കിലും വോട്ടുചോര്‍ച്ചയുണ്ടായി എന്നത് ഞെട്ടലോടെയാണ് നേതാക്കള്‍ ഉള്‍ക്കൊണ്ടത്. സിപിഎം ഒരു സൗഹൃദമത്സരത്തിന്റെ സമീപനവുമായി മത്സരിച്ചിട്ടു കൂടി 8.05 ശതമാനം വോട്ടര്‍മാര്‍ മുസ്ലിംലീഗിനെ കൈയൊഴിഞ്ഞു. ഇത്തവണ വീണ്ടുമൊരു സൗഹൃദ മത്സരത്തിനാണ് സിപിഎം താരതമ്യേന ജൂനിയര്‍ നേതാക്കളെ അണിനിരത്തി മത്സരത്തിന് മുതിരുന്നത്.
കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ വസീഫിനെ കെട്ടിയിറക്കിയതില്‍ സിപിഎമ്മില്‍ത്തന്നെ പ്രതിഷേധമുണ്ട്. മുസ്ലിം ലീഗിന് വിജയവഴിയൊരുക്കുന്നതില് സിപിഎം തടസമാകില്ലെന്ന ധാരണയാണ് പരസ്പരമുണ്ടായിരിക്കുന്നത്. പകരം കോഴിക്കോടടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഎം പകരം സഹായം പ്രതീക്ഷിക്കുന്നുമുണ്ട്. എളമരം കരീം എന്ന കടുത്ത കമ്മ്യൂണിസ്റ്റ് സഖാവ് പൊടുന്നനെ കരീംക്കയായി അവതരിപ്പിക്കപ്പെട്ടത് ഒരു പേരു മാറ്റം മാത്രമല്ല മറിച്ച് വോട്ടുപെട്ടി ലക്ഷ്യം വെച്ചുള്ള മാര്ഗംകൂടലായിരുന്നു. മലബാറിലെ പല മണ്ഡലങ്ങളിലും ഈ കുറുമുന്നണി പരസ്പര സഹായസംഘമായി പ്രവര്‍ത്തിക്കും.
ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത് ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷനും വിദ്യാഭ്യാസ വിചക്ഷണനും കാലിക്കറ്റ് സര്‍വകലാശാല മുന്‍വൈസ്ചാന്‍സലറുമായ ഡോ.എം. അബ്ദുള്‍ സലാമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന വികസന രാഷ്ട്രീയത്തിന്റെ വക്താവായാണ് അദ്ദേഹം മലപ്പുറത്തെ അഭിസംബോധന ചെയ്യുന്നത്. വോട്ടു കണക്കുകള്‍ വെച്ചുള്ള ജയപരാജയങ്ങളുടെ പ്രവചനത്തേക്കാള്‍ രാജ്യത്തിന്റെ വിധി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറം അതിന്റെ പങ്ക് വഹിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അധികാരത്തിന്റെ പങ്ക് പറ്റി വികസനത്തിന്റെ മുഖ്യധാരയിലേക്ക് മലപ്പുറവും മാറണമെന്ന ആഹ്വാനത്തെ യുവതലമുറ പ്രതീക്ഷയോടെയാണ് ഏറ്റുവാങ്ങുന്നത്.
സാമുദായിക രാഷ്ട്രീയത്തിന്റെ ഇരുണ്ട ഭൂതകാലത്തില്‍ നിന്ന് വികസനത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും പുതിയ കാലത്തെ ഏറ്റുവാങ്ങണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. യുവനേതാവെന്ന അവകാശവാദവുമായി മത്സരിക്കുന്ന വസീഫിനേക്കാള് മുന്‍ വൈസ് ചാന്‍സലറുടെ വാക്കുകള്‍ക്കാണ് യുവ സമൂഹം ചെവികൊടുക്കുന്നത്. സിഎഎയുടെ പേരിലുള്ള കടുത്ത വിദ്വേഷ പ്രചാരണത്തില്‍ ഇരുമുന്നണികളും മത്സരിക്കുമ്പോള്‍ നിയമത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ എണ്ണിപ്പറഞ്ഞു കൊണ്ട് ആഗോള പ്രശസ്തനായ ഈ അക്കാദമീഷ്യന് രംഗം കൈയടക്കുന്നു. മാറ്റം ഒരു തെരഞ്ഞെടുപ്പില്‍ മാത്രമല്ല ഒരു കാലഘട്ടത്തില്‍ നിന്നുള്ള മാറ്റം കൂടിയാണെന്ന് തെളിയിക്കുന്നതാണ് മലപ്പുറത്ത് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: