ദുബായ് : റിയാദ് സീസണിന്റെ നാലാമത് പതിപ്പ് സമാപിച്ചു. സൗദി ജനറൽ എന്ററൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ആണ് ഇക്കാര്യം അറിയിച്ചത്. റിയാദ് സീസൺ 2023-ന്റെ ഭാഗമായി ആകെ 20 ദശലക്ഷം സന്ദർശകർ വിവിധ പരിപാടികളിൽ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. ഇത് ഒരു പുതിയ റെക്കോർഡ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28, ശനിയാഴ്ചയാണ് ആരംഭിച്ചത്. ‘ബിഗ് ടൈം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ റിയാദ് സീസൺ സംഘടിപ്പിക്കപ്പെട്ടത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2023 പതിപ്പിൽ 12 വ്യത്യസ്ത വിനോദ മേഖലകളാണ് ഒരുക്കിയിരുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അത്യന്തം രസകരമായതും, വിഭിന്നമായതുമായ വിനോദഅനുഭവങ്ങളാണ് ബുലവാർഡ് വേൾഡിലെത്തുന്ന സന്ദർശകർ അനുഭവിച്ചത്. പ്രാചീന ലെവന്ത്, ഈജിപ്ത് തുടങ്ങിയ കാഴ്‌ച്ചാനുഭവങ്ങൾ ഇത്തവണത്തെ ബുലവാർഡ് വേൾഡിൽ പുതിയതായി ഉൾപ്പെടുത്തിയിരുന്നു.
ഇത്തവണത്തെ ബുലവാർഡ് വേൾഡിൽ 20 വ്യത്യസ്ത മേഖലകളാണ് കാണികളെ ത്രസിപ്പിച്ചത്. ഇതിലെ ആഗോള മേഖലകളെ പ്രതിനിധാനം ചെയ്യുന്ന പവലിയനുകൾ വിവിധ രാഷ്‌ട്രങ്ങളിലെ സംസ്കാരം, ഭാഷ, രുചി അനുഭവങ്ങൾ, സംഗീതം, തച്ചുശാസ്‌ത്രം മുതലായവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിച്ചു.
ഇന്ത്യ, ഈജിപ്ത്, യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, ലെവന്ത്, ഇറ്റലി, മൊറോക്കോ, ഗ്രീസ്, ചൈന, ജപ്പാൻ, സ്പെയിൻ, മെക്സിക്കോ, ഏഷ്യ വൻകര എന്നിവയുടെ പവലിയനുകൾ കാഴ്ചക്കാരിൽ കൗതുകമ്മണർത്തി.
ഇതിന് പുറമെ ബുലവാർഡ് വേൾഡിലെ ബുലവാർഡ് ലേക്ക് സന്ദർശർക്ക് വിനോദത്തിനൊപ്പം തടാകത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള സൗകര്യങ്ങളും പ്രധാനം ചെയ്തു. ഈ പവലിയനുകൾക്ക് പുറമെ മെറ്റാവേർസ് വേൾഡ്, മൊബൈൽ റോളർകോസ്റ്റർ, സിനിമാ മ്യൂസിയം, ബുലവാർഡ് ഫോറസ്റ്റ്, കുട്ടികൾക്കായുള്ള കോകോമെലോൺ വേൾഡ് ഏരിയ എന്നീ അനുഭവങ്ങളും ബുലവാർഡ് വേൾഡിൽ ഉൾപ്പെടുത്തിയിരുന്നു.
റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള ബുലവാർഡ് വേൾഡ് സോൺ അഞ്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: