Categories: Kerala

പ്രതാപനെ വെട്ടിയത് ഷാഫിക്കായി; ‘വര്‍ക്കിങ് പ്രസിഡന്റില്‍’ ഒതുങ്ങില്ല പ്രതിഷേധം

Published by

തൃശ്ശൂര്‍: ടി.എന്‍. പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റാക്കി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന അനുനയ നീക്കം പാളുന്നു. പ്രതാപന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധമുള്ള വിഭാഗങ്ങളെ അനുനയിപ്പിക്കാനാണ് നേതൃത്വം ലക്ഷ്യമിട്ടത്. ധീവരസഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മുക്കുവ സമുദായത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക സ്ഥാനാര്‍ത്ഥിയായിരുന്നു പ്രതാപന്‍.

ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും മത്സരിക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസ് ലിസ്റ്റില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളില്ലെന്ന നില വന്നു. ഇതോടെ പകരം കണ്ണൂരോ വടകരയോ മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദേശമുയര്‍ന്നു. കണ്ണൂരില്‍ കെ. സുധാകരനല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല എന്നായിരുന്നു ഡിസിസി നിലപാട്. തുടര്‍ന്നാണ് വടകരയില്‍ മുസ്ലിം സ്ഥാനാര്‍ത്ഥി എന്ന തീരുമാനത്തിലെത്തിയത്.

ഷാഫി പറമ്പിലിനെ വടകരയില്‍ നിര്‍ത്താനാണ് മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റിയത്. ഫലത്തില്‍ നഷ്ടം വന്നത് പ്രതാപനാണ്. സ്ഥാനാര്‍ത്ഥിയാണെന്ന് ഉറപ്പിച്ച് പ്രതാപന്‍ മണ്ഡലത്തില്‍ ഒരു റൗണ്ട് പര്യടനം ഇതിനകം പൂര്‍ത്തിയാക്കിയിരുന്നു. മൂന്നര ലക്ഷം പോസ്റ്ററും അച്ചടിച്ചു. പലയിടത്തും പോസ്റ്ററൊട്ടിച്ചു. ചുമരെഴുതി. ഒടുവില്‍ ഒരു രാത്രി കൊണ്ട് പ്രതാപന്‍ പുറത്തായി. മണ്ഡല മാറ്റത്തില്‍ കെ. മുരളീധരനും എതിര്‍പ്പുണ്ട്. വടകരയില്‍ എടുത്ത പണി പാഴായി. തൃശ്ശൂരില്‍ ആദ്യം മുതല്‍ തുടങ്ങണം. അതിനിടയില്‍ പ്രതാപനെ മാറ്റിയതിലുള്ള പ്രതിഷേധം തണുപ്പിക്കണം. ആ പ്രതിഷേധം എളുപ്പമൊന്നും തണുക്കുന്ന മട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മുരളീധരന്റെ പ്രചരണ പ്രവര്‍ത്തനത്തേയും പ്രതിഷേധം ബാധിച്ചിട്ടുണ്ട്. ഇത് മറികടക്കാനാണ് പ്രതാപന് പുതിയ പദവി നല്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക