മുംബൈ: രഞ്ജി കിരീടത്തിനായി കടുത്ത പോരാട്ടവീര്യം പുറത്തെടുത്ത് വിദര്‍ഭ. രണ്ടാം ഇന്നിങ്സില്‍ മുംബൈ മുന്നില്‍വച്ച 538 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ നാലാം ദിവസമായ ഇന്നലെ ടീം തകരാതെ പിടിച്ചുനിന്നു. അവസാന ദിവസമായ ഇന്ന് മത്സരം ജയിക്കാന്‍ വിദര്‍ഭയ്ക്ക് അഞ്ച് വിക്കറ്റ് കൈയ്യിലിരിക്കെ 290 റണ്‍സ് വേണം.
സ്കോര്‍: മുംബൈ- 224, 418 ; വിദര്‍ഭ- 105, 248/5(92)
ഫൈനല്‍ നടക്കുന്ന വാംഖഡെയിലെ പിച്ച് സ്പിന്നിന് അനുകൂലമായി തിരിഞ്ഞിട്ടുണ്ട്. ഇനി അഞ്ച് വിക്കറ്റ് കൂടി നേടിയാല്‍ മുംബൈക്ക് തങ്ങളുടെ രഞ്ജി കിരീടശേഖരത്തിലേക്ക് ഒന്നുകൂടി ചേര്‍ത്തുവയ്ക്കാം.
ഇന്നലെ രാവിലെ തലേന്ന് നേടിയ പത്ത് റണ്‍സുമായാണ് വിദര്‍ഭ തുടങ്ങിയത്. മുന്‍നിര ബാറ്റര്‍മാര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചെങ്കിലും മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ വിജയിച്ചില്ല. അഥര്‍വ തായിദെ(32), ധ്രുവ് ഷോറി(28), അമാന്‍ മുഖാദെ(32) എന്നിവര്‍ക്കാണ് ദീര്‍ഘമായ ഇന്നിങ്സ് കാഴ്ച്ചവയ്ക്കുന്നതില്‍ പാളിച്ചപറ്റി പുറത്തായത്. യാഷ് റാത്തോഡ്(ഏഴ്) കാര്യമായൊന്നും ചെയ്യാതെ ക്രീസ് വിട്ടു. കരുണ്‍ നായരും നായകന് അക്ഷയ് വാഡ്കറും ചേര്‍ന്ന 90 റണ്‍സ് കൂട്ടുകെട്ടാണ് വിദര്‍ഭയ്ക്ക് പ്രതീക്ഷ പകര്‍ന്നത്. നാലിന് 133 എന്ന നിലയില്‍ നിന്ന് വിദര്‍ഭയെ 200 റണ്‍സ് കടത്തിയത് ഈ കൂട്ടുകെട്ടാണ്. മത്സരത്തിന്റെ ഇന്നലത്തെ സമയം തീരാറായപ്പോള്‍ കരുണ്‍ നായരുടെ വിക്കറ്റ് നഷ്ടപ്പെട്ടത് വിദര്‍ഭയ്ക്ക് വീണ്ടും തിരിച്ചടിയായി. 220 പന്തുകള്‍ നേരിട്ട് 74 റണ്‍സെടുത്ത കരുണിനെ മുഷീര്‍ ഖാന് ആണ് പുറത്താക്കിയത്. വിദര്‍ഭ ടോട്ടല്‍ 223 റണ്‍സിലെത്തിയപ്പോഴാണ് കരുണ്‍ വീണത്. അര്‍ദ്ധസെഞ്ചുറി പിന്നിട്ട അക്ഷയും(91 പന്തില്‍ 56) ഹര്‍ഷ് ദുബേയും(11) ആണ് ക്രിസിലുള്ളത്.
മുംബൈയ്ക്കായി രണ്ടാം ഇന്നിങ്സില്‍ മുഷീര്‍ഖാനും തനുഷ് കോട്ടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷംസ് മുലാനി ഒരു വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: