ലൈസന്‍സ് എടുക്കുന്നത് ഒട്ടൊക്കെ സൈക്കിള്‍ ബാലന്‍സ് മാത്രം മതിയാവുന്ന എം 80 എന്ന പഴയ കാല ഇരുചക്ര വാഹനത്തില്‍ . പിന്നീട് പായുന്നതോ കില്ലര്‍ ബൈക്കുകളില്‍. ഇക്കാലമത്രയും ഉണ്ടായിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളുടെ പൊള്ളത്തരം വെളിവാകാന്‍ ഇതിലും വലിയ ഉദാഹരണം വേണ്ട .
മീന്‍ വണ്ടി എന്ന് ഇരട്ടപേരുള്ള എം 80, ചെറിയ കുട്ടികള്‍ക്കുപോലും ഉപയോഗിക്കാവുന്ന ഹാന്‍ഡിലില്‍ ഗിയറുള്ള സ്കൂട്ടറും ബൈക്കും ചേര്‍ന്ന ഒരു ഇരുചക്രവാഹനമാണ്. 50 കിലോമീറ്റര്‍ വേഗതയിലപ്പുറമൊന്നും അത് ഓടിക്കാനാവില്ല. ഒരാള്‍ക്കു കയറാവുന്നതും പിന്നില്‍ കാരിയര്‍ പിടിപ്പിച്ചതുമായ ആ വണ്ടി ഇപ്പോള്‍ കേരളത്തില്‍ ഡ്രൈവിംഗ് സ്കൂളുകാരുടെ കൈവശം മാത്രമേ ഉള്ളൂ. എങ്ങിനെയും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തു കൊടുക്കുക എന്ന ലളിത സൂത്രവാക്യമാണ് എം. 80 ല്‍ ടെസ്റ്റുചെയ്യുന്നതിനു പിന്നില്‍ .
പഠിതാവ് അതുപോലും ഓടിക്കുന്നുണ്ടോ എന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നോക്കാറില്ല. ഏജന്റ് വച്ചുനീട്ടുന്ന അപേക്ഷക്കടിയില് എത്ര നോട്ടുകളുണ്ടെന്നു മാത്രമേ അദ്ദേഹം നോക്കൂ. ഡ്രൈവിംഗ് ലൈസന്‍സ് തയ്യാറാക്കുന്നതുപോലും അശ്രദ്ധമായിട്ടാണ്. ടൂ വീലറിന് അപേക്ഷിച്ച് ടെസ്റ്റു കഴിഞ്ഞയാള്‍ക്ക് ലൈസന്‍സില്‍ ഫോര്‍ വീലര്‍ കൂടി ടിക്ക് ചെയ്ത് വന്ന സംഭവങ്ങള്‍ നിരവധി .
ടെസ്റ്റ് കാര്യമായൊന്നും നടത്താതെ ഉദ്യോഗസ്ഥരുടെ ബന്ധുമിത്രാദികള്‍ക്ക് യഥേഷ്ടം ലൈസന്സുകിട്ടിയിരുന്ന ഒരു കാലവുമണ്ടായിരുന്നു. അതിനൊക്കെ ഒരു അറുതി വരുത്തി, കുറ്റമറ്റ ടെസ്റ്റിംഗ് രീതി കൊണ്ടുവരുകയും നിരത്തുകളില്‍ ചോര ചിന്തുന്നത് ഒഴിവാക്കുകയുമാണ് പുതിയ ഗതാഗത നിയമ പരിഷ്കാരത്തിന്റെ കാതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: