ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസില്‍ പ്രതിയുമായി ഇടപഴകിയയാള്‍ കസ്റ്റഡിയിലെന്ന് സൂചന. ദേശീയ അന്വേഷണ ഏജന്‍സിയുടേയും (എന്‍ഐഎ) സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസിന്റേയും (സിസിബി) സംയുക്ത സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സയിദ് ഷാബിര്‍ എന്ന പേരുള്ള ആളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും എന്‍ഐഎ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
മാര്‍ച്ച് ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. ബെംഗളൂരുവിലെ വളരെ പ്രശസ്തമായ ഭക്ഷണശാലയാണിത്. സ്ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു. അന്വേഷണ ഏജന്‍സി പ്രതിയെന്ന് സംശയിക്കുന്നയാള്‍ വിവിധ ബസുകളില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. നേരത്തെ ഇയാള്‍ ബെല്ലാരിയിലേക്ക് യാത്ര ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവിട്ടതില്‍ ഉണ്ടായിരുന്നു.
ബെല്ലാരിയിലെത്തിയ പ്രതി എങ്ങോട്ട് പോയെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ബെല്ലാരിയിലെത്തിയപ്പോള്‍ ഷാബിര്‍ പ്രതിയുമായി ഇടപഴകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് ബെല്ലാരിയില്‍ നിന്ന് ഇയാള്‍ പൂനെയിലേക്ക് കടന്നതായി എന്‍ഐഎ സംശയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ എങ്ങനെയാണ് പൂനെയില്‍ എത്തിയതെന്ന് വ്യക്തമല്ല. മാര്‍ച്ച് ഒന്നിന് രാത്രിയില്‍ കര്‍ണാടകയിലെ ഗോകര്‍ണത്തേക്ക് പോകുന്ന ബസില്‍ ഇയാള്‍ കയറിയതായും കണ്ടെത്തിയിരുന്നു.
സ്ഫോടന കേസിലെ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്നും നേരത്തെ എന്‍ഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ ഒളിവിലുള്ള പ്രതിയാണ് സ്ഫോടനത്തിന് പിന്നിലെന്നും എന്‍ഐഎ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതി കേരളത്തിലേക്ക് കടന്നതായും രഹസ്യ വിവരങ്ങളുണ്ടായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ പ്രഷര്‍ കുക്കര്‍ സ്ഫോടനത്തില്‍ ഉപയോഗിച്ച വസ്തുക്കള്‍ തന്നെയാണ് കഫെയില്‍ സ്ഫോടനം നടത്താന്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: