ന്യൂദല്‍ഹി: പിന്നോക്ക വിഭാഗങ്ങളുടെ വികസനം കൂടാതെ 2047ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍കാലങ്ങളിലെ ചിന്താഗതിയെ തകര്‍ത്തുവെന്നും ഗ്യാസ് കണക്ഷന്, ബാങ്ക് അക്കൗണ്ട്, ടോയ്ലറ്റ് തുടങ്ങി മറ്റുള്ളവര്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആദിവാസികള്‍ക്കും ലഭ്യമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പിന്നാക്കവിഭാഗങ്ങള്‍ക്കു വായ്പാസഹായം നല്‍കുന്നതിനായി രാജ്യവ്യാപകമായി സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
അവശ വിഭാഗങ്ങളിലെ നിരവധി തലമുറകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നത് പാഴാക്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘2014 ന് ശേഷം സര്‍ക്കാര്‍ യാതൊരു പ്രതീക്ഷയുമില്ലാത്ത വിഭാഗങ്ങളിലേക്കെത്തി അവരെ രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കി,’ അദ്ദേഹം പറഞ്ഞു. സൗജന്യ റേഷന്‍, സൗജന്യ വൈദ്യചികിത്സ, പക്കാ വീടുകള്‍, ടോയ്ലറ്റുകള്, ഉജ്ജ്വല ഗ്യാസ് കണക്ഷന് തുടങ്ങിയ പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ദരിദ്രരായ ജനവിഭാഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ‘പരിപൂര്‍ണത എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികളില്‍ ഞങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്,’ പ്രധാനമന്ത്രി പറഞ്ഞു.
നാടോടി, അര്‍ദ്ധ നാടോടി സമൂഹങ്ങള്‍ക്കുള്ള പദ്ധതികളും സഫായി കരംചാരികള്‍ക്കുള്ള നമസ്തേ പദ്ധതിയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. മനുഷ്യന് ചെയ്യുന്ന തോട്ടിപ്പണി എന്ന മനുഷ്യത്വരഹിതമായ സമ്പ്രദായം ഇല്ലാതാക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ, ദുരിതബാധിതരായ 60,000 പേര്‍ക്ക് മാന്യമായ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നിര്‍ധനരായ വിഭാഗങ്ങള്‍ക്കു വികസനവും ബഹുമാനവുമേകുന്ന ഈ യജ്ഞം വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ശക്തമാക്കുമെന്നു ഉറപ്പു നല്കുന്നു. നിങ്ങളുടെ വികസനത്തിലൂടെ ഞങ്ങള്‍ വികസിതഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കും. പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: