തിരുവനന്തപുരം: ജവഹര്‍ ബാലഭവനില്‍ നടന്ന വനിതാ കമ്മിഷന് ജില്ലാതല അദാലത്തില്‍ പരിഗണിച്ചത് 250 കേസുകള്‍. തീര്‍പ്പാക്കാനായത് വെറും 45 എണ്ണം മാത്രം. ചെയര്മാന് പി സതീദേവി അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്, സിഐ ജോസ് കുര്യന്, എസ്ഐ അനിത റാണി, കൗണ്‍സിലര്‍ സിബി തുടങ്ങിയവരൊക്കെ പങ്കെടുത്ത കൊട്ടിഘോഷിച്ച അദാലത്തിലാണ് 20 ശതമാനം കേസുപോലും തീര്‍പ്പാക്കാന്‍ കഴിയാതിരുന്നത്.
ഗാര്‍ഹിക ചുറ്റുപാടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയതില്‍ ഏറെയും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള പ്രശ്നങ്ങള്‍, ഭര്‍ത്തൃ മാതാപിതാക്കള്‍ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഗാര്‍ഹിക ചുറ്റുപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാകുകയും വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ മൂലം കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളുടെ പരാതികളും അദാലത്തില്‍ പരിഗണിച്ചു.
കുടുംബ ജീവിതത്തില്‍ മൊബൈല്‍ ഉപയോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതു സംബന്ധിച്ച പരാതിയും അദാലത്തില്‍ പരിഗണിച്ചു. വിവാഹ ബന്ധം തകരുന്നതിലേക്ക് വഴിവയ്ക്കുന്ന രീതിയില്‍ മൊബൈല്‍ ഉപയോഗിച്ചുള്ള ചാറ്റിംഗ് ചെന്നെത്തുന്നു എന്നതു സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: