ന്യൂദല്‍ഹി : വരും കാലത്ത് ഇന്ത്യ അര്‍ദ്ധചാലക നിര്‍മ്മാണത്തിന്റെ ആഗോള കേന്ദ്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.
1.25 ലക്ഷം കോടി രൂപയുടെ മൂന്ന് അര്‍ദ്ധചാലക പദ്ധതികളുടെ തറക്കല്ലിടല്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപക മേഖലയില്‍ രാജ്യത്തെ ആദ്യത്തെ വാണിജ്യ അര്‍ദ്ധചാലക കേന്ദ്രം, അസമിലെ മൊറിഗാവില്‍ ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് കേന്ദ്രം, ഗുജറാത്തിലെ സാനന്ദില്‍ ഔട്ട്സോഴ്സ് ചെയ്ത സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് കേന്ദ്രം എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
അര്‍ദ്ധചാലക വ്യവസായത്തിന്റെ നേട്ടങ്ങള്‍ യുവാക്കള്‍ക്ക് ലഭിക്കുമെന്ന് മോദി പറഞ്ഞു.തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധം സാധ്യമാക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ പ്രാപ്തമാകുകയാണെന്നും ഈ മേഖലയില്‍ ഇത്തരമൊരു വ്യവസായം സ്ഥാപിക്കുമെന്ന് മുമ്പ് ആരും ചിന്തിച്ചിരുന്ന് പൊലുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അര്‍ദ്ധചാലകങ്ങള്‍ പോലുള്ള വളര്‍ന്നുവരുന്ന മേഖലകളില്‍ ആഗോള നേതൃസ്ഥാനത്ത് എത്തുകയെന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചിപ്പ് നിര്‍മ്മാണം ഇന്ത്യയെ സ്വാശ്രയത്തിലേക്കും ആധുനികതയിലേക്കും കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് ചിപ്പ് നിര്‍മ്മാണം പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുമെന്ന് മോദി പറഞ്ഞു.
രാജ്യത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ സര്‍ക്കാര്‍ നടത്തുന്ന വിപുലമായ ശ്രമങ്ങളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും നാല്‍പ്പതിനായിരത്തിലധികം പഴയ നിയമങ്ങള്‍ അസാധുവാക്കിയെന്നും പറഞ്ഞു.
മൊത്തം 91,000 കോടി രൂപ മുതല്‍മുടക്കില്‍ ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (ടിഇപിഎല്‍) ആണ് ധോലേര പ്രത്യേക നിക്ഷേപക മേഖലയില്‍ ആദ്യത്തെ വാണിജ്യ അര്‍ദ്ധചാലക കേന്ദ്രം സ്ഥാപിക്കുന്നത്. രാജ്യത്തെ ആദ്യത്തെ വാണിജ്യ അര്‍ദ്ധചാലക ഫാബ് ആയിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: